X

എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസിനോട് പ്രേമം; അജിത് കുമാറിന് പിന്നാലെ ബി അശോകും പട്ടികയില്‍

കേരളത്തില്‍ ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന ഘട്ടത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസിനോടുള്ള അടുപ്പം കൂടുതലെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ട വിവാദം കെട്ടടങ്ങും മുന്‍പാണ് മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വിവരങ്ങള്‍ പുറത്താകുന്നത്.

2024 ഓഗസ്റ്റ് 10-ന്, ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച വിചാരസത്രം എന്ന സെമിനാറില്‍ ബി. അശോക് പങ്കെടുക്കുകയും, കേരളത്തിലെ യുവത പ്രതീക്ഷകള്‍ എന്ന വിഷയത്തില്‍ ക്ലാസ് എടുക്കുകയും ചെയ്തു. നിലവില്‍ കൃഷിവകുപ്പ് സെക്രട്ടറിയാണ് ബി അശോക്. നേരത്തെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന ഘട്ടത്തില്‍ അശോകിന്റെ ആര്‍എസ്എസ് ബന്ധത്തെ ചോദ്യം ചെയുകയും, നടപടി എടുക്കുകയും ചെയ്തിരുന്നു. നരേന്ദ്ര മോദിയെ പുകഴ്ത്തി ലേഖനം എഴുതിയതിനായിരുന്നു അന്ന് അദേഹത്തിനെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.

പിന്നാലെ ഭരണത്തില്‍ വന്ന വി.എസ് അച്ചുതാനന്ദന്‍ അശോകുമായി അകലം പാലിക്കുകയും ചെയ്തു. എന്നാല്‍ അങ്ങനെ ഒരു ഉദ്യോഗസ്ഥനെയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കുന്ന വേളയില്‍ കെഎസ്ഇബി ചെയര്‍മാന്‍ ആയി നിയമിച്ചതും, പിന്നീട് കൃഷി വകുപ്പ് സെക്രട്ടറി, കാര്‍ഷിക സര്‍വകലാശാലയുടെ വിസി ആയും സ്ഥാനം നല്‍കിയതും. കര്‍ഷകരുടെ പല ന്യായമായ ആവശ്യങ്ങളും ബി അശോക് നിരസിച്ചതായുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കര്‍ഷക വിരുദ്ധ സമീപനമുള്ള കേന്ദ്രസര്‍ക്കാരുമായി ബന്ധമുള്ള ഉദ്യോഗസ്ഥനില്‍ നിന്നും അതെ പ്രതീക്ഷിക്കാനും കഴിയു. എന്തായാലും ബി അശോകിന്റെ ഈ നീക്കത്തിനെതിരെ നടപടി വേണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും. ഉയര്‍ന്നു കഴിഞ്ഞു.

എഡിജിപി എം ആര്‍ അജിത് കുമാര്‍ രണ്ട് തവണ ആര്‍എസ്എസ് നേതാക്കളെ കണ്ട വിവരം. പുറത്ത് വന്നതിന് പിന്നാലെയാണ് മറ്റൊരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ഇത്തരമൊരു ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തു വരുന്നത്. അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് പിണറായി വിജയന്‍ പറഞ്ഞിട്ടാണ് എന്നാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്ന ആക്ഷേപം. ആരോപണം ഉന്നയിച്ച് 21 ദിവസങ്ങള്‍ക്കു ശേഷമാണ് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് പോലും ഉത്തരവിടുന്നത്. സമാനമായ രീതിയില്‍ മറ്റൊരു ഉദ്യോഗസ്ഥനും ആര്‍എസ്എസ് അനുഭാവ സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത്, പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുകയാണ്.

webdesk13: