X

തെരഞ്ഞെടുപ്പ് പ്രചാരണം : ട്വിറ്ററില്‍ പുതിയ മുഖവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ അടിമുടി മാറ്റാനുള്ള തയ്യാറെടുപ്പുകളുമായി എഐസിസി പ്ലീനറി സമ്മേളനത്തിനു പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജിലും മാറ്റം. ഓഫീസ് ഓഫ് ആര്‍.ജി എന്നറിയപ്പെട്ടിരുന്ന രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് രാഹുല്‍ ഗാന്ധി എന്നാക്കി മാറ്റി. പേജിന്റെ പേര് മാറ്റണമെന്ന ഏറെക്കാലമായുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരടകരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാന്നാണ് ‘രാഹുല്‍ ഗാന്ധി’ എന്നാക്കി മാറ്റിയത്. തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലടക്കം പ്രചാരണങ്ങള്‍ക്കും മറ്റുമായി സാമൂഹിക മാധ്യമ സാധ്യത കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണിത്. ഫെയ്‌സ്ബുക്കില്‍ രാഹുല്‍ ഗാന്ധി എന്നപേരില്‍ രാഹുല്‍ നിറഞ്ഞുനില്‍ക്കുകയാണ്.

 

രാഹുല്‍ അധ്യക്ഷനായതിനു ശേഷമുള്ള ആദ്യ എഐസിസി പ്ലീനറി സമ്മേളനത്തില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബിജെപിയുടേത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും കോണ്‍ഗ്രസ് സ്‌നേഹത്തിന്റേയും സഹനത്തിന്റേയും രീതിയാണ് അവലംബിക്കുന്നതെന്നും ഈ രാജ്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. എല്ലാവരെയും ഉള്‍ക്കൊണ്ടാണു കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനവും. രാജ്യത്തെ ഒന്നിപ്പിക്കാനും മുന്നോട്ടു നയിക്കാനും കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിന് മാത്രമേ സാധിക്കൂവെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ രാഹുല്‍ പ്രസംഗിച്ചു.

നിലവിലെ ഭരണസംവിധാനത്തില്‍ രാജ്യം മടുത്തു. കോണ്‍ഗ്രസിന് മാത്രമേ മറ്റൊരു വഴി കാണിക്കാനാവൂ. യുവാക്കളേയും മുതിര്‍ന്നവരേയും കൂട്ടിയോജിപ്പിക്കുന്ന ഒരു പാലമായി പ്രവര്‍ത്തിക്കുകയാണ് തന്റെ കടമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്ലീനറി സമ്മേളനം സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. പ്രസംഗിക്കുന്നവരൊഴികെ മറ്റെല്ലാവരും പ്രേക്ഷകര്‍ക്കൊപ്പമാണ് ഇരുന്നത്. നിശബ്ദമായിരുന്നാല്‍ വിപ്ലവം സാധ്യമാകില്ലെന്നും രാവും പകലും കഠിനാധ്വാനം ചെയ്യണമെന്നും രാജസ്ഥാന്‍ പി.സി.സി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. സാഹചര്യം മനസിലാക്കി മോദി സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കാന്‍ തയാറാവണമെന്ന് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.

chandrika: