ഒഡിഷ ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട നടപടിയുഡി ഭാഗമായി സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ സ്ഥാനത്തുനിന്ന് അർച്ചന ജോഷിയെ മാറ്റി. അനിൽ കുമാർ മിശ്രയെ പുതിയ ജനറൽ മാനേജറായി നിയമിച്ചു. സേഫ്റ്റി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് അർച്ചന ജോഷിയെ സ്ഥലം മാറ്റിയത്.അപകടവുമായി ബന്ധപ്പെട്ട് മുമ്പ് സൗത്ത് ഈസ്റ്റേൺ റെയിൽവേ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിരുന്നു. ഓപ്പറേഷൻസ്, സുരക്ഷ, സിഗ്നലിംഗ് എന്നീ ചുമതല വഹിക്കുന്നവരെയാണ് മുമ്പ് സ്ഥലം മാറ്റിയത്.
ജൂണ്‍ രണ്ടിനായിരുന്നു ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. 292 പേരാണ് അപകടത്തിൽ മരിച്ചത്. 1000ലധികം പേർക്ക് പരിക്കേറ്റു. ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമാൻഡൽ എക്‌സ്‌പ്രസ്, ബംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവയാണ് കൂട്ടിയിടിച്ചത്. നിലവിൽ സിബിഐ ആണ് സംഭവം അന്വേഷിക്കുന്നത്.