ഭുവനേശ്വര്‍: ഇന്ന് ഒരു പോയിന്റ് മാത്രം മതി ഒഡീഷ എഫ്.സിക്ക്. അതായാത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രാഥമിക ഘട്ടത്തിലെ അവസാന അങ്കത്തില്‍ ജംഷഡ്പ്പൂര്‍ എഫ്.സിക്കെതിരെ ഒരു സമനില. അത് നേടിയാല്‍ ചരിത്രത്തില്‍ ആദ്യമായി ഒഡീഷക്കാര്‍ക്ക് പ്ലേ ഓഫ് കളിക്കാം. കലിംഗ സ്‌റ്റേഡിയത്തില്‍ രാത്രി 7-30 ന് നടക്കുന്ന അങ്കത്തില്‍ തോറ്റാല്‍ പക്ഷേ കാര്യം മാറും. തൊട്ട് പിറകില്‍ നില്‍ക്കുന്ന ഗോവക്കാര്‍ക്ക് ഒരു മല്‍സരം ശേഷിക്കവെ ജയിച്ചാല്‍ അവര്‍ക്ക്് കയറാം. ആറ് ടീമുകള്‍ക്കാണ് ഇത്തവണ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ്. ഇതില്‍ അഞ്ച് ടിക്കറ്റുകള്‍ പോയിരിക്കുന്നു.
മുംബൈ സിറ്റി, ഹൈദരാബാദ് എഫ്.സി, ഏ.ടി.കെ മോഹന്‍ ബഗാന്‍, ബെംഗളൂരു എഫ്.സി, കേരളാ ബ്ലാസ്‌റ്റേഴ്‌സ് എന്നിവരാണ് ഇതിനകം യോഗ്യത നേടിയവര്‍. ഇന്ന് സമനില നേടിയാല്‍ ആറാമന്മാരായി ഒഡീഷക്കാര്‍ക്കും കയറാം. സീസണിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയ ഒഡീഷക്കാര്‍ രണ്ടാം ഘട്ടത്തില്‍ മങ്ങിയിരുന്നു. എന്നാല്‍ അവസാന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ 3-1 ന് തകര്‍ത്ത് കരുത്ത് കാട്ടി. ഡിയാഗോ മൗറിസിയോ, ക്ലൈട്ടണ്‍ സില്‍വ എന്നിവരാണ് മുന്‍നിരയില്‍ ടീമിന്റെ കുന്തമുന. അതേ സമയം അവസാന മൂന്ന് മല്‍സരങ്ങളില്‍ തോല്‍ക്കാത്തവരാണ് ജംഷഡ്പ്പൂര്‍. രണ്ട് വിജയങ്ങളും ഒരു സമനിലയും. ഇതില്‍ രണ്ട് കളികളില്‍ ഒരു ഗോള്‍ പോലും വഴങ്ങിയിരുന്നില്ല. ഇതിലൊരു വിജയം കരുത്തരായ ഹൈദരാബാദിനെതിരെയായിരുന്നു.