X
    Categories: indiaNews

നരേന്ദ്ര മോദിക്കും യോഗിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്; 42 കാരന്‍ അറസ്റ്റില്‍, രാജ്യദ്രോഹം കുറ്റം ചുമത്തി

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തതിന് 42 കാരന്‍ പിടിയില്‍. ഒഡീഷയിലെ കട്ടക്ക് ജില്ലയില്‍ കുസുമ്പി സ്വദേശിയെയാണ് ഉത്തര്‍പ്രദേശ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ രാജ്യദ്രോഹം (ഐപിസി സെക്ഷന്‍ 124 എ ) ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നതെന്ന് കട്ടക്ക് പോലീസ് സൂപ്രണ്ട് ജുഗല്‍ കിഷോര്‍ ബനോത്ത് പറഞ്ഞു. പ്രതിയെ പിടികൂടാന്‍ കട്ടക്ക് ലോക്കല്‍ പോലീസിന്റെ സഹായം തേടിയിരുന്നു. പ്രതികളെ പിടികൂടാന്‍ ഞങ്ങളുടെ ടീം് ആവശ്യമായ സഹകരണം നല്‍കി,”കട്ടക്ക് (സര്‍ദാര്‍) പോലീസ് സൂപ്രണ്ട് ജുഗല്‍ കിഷോര്‍ ബനോത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒഡീഷയിലെ സാലിപൂരില്‍ ചെറുകിട ബിസിനസ് നടത്തുന്ന പ്രതിയെ റിമാന്‍ഡ് ചെയ്യാനുള്ള പദ്ധതിയുമായാണ് യുപി പോലീസ് നീങ്ങുന്നത്. വടക്കന്‍ യുപിയിലെ സിംഗബാലി പോലീസ് സ്റ്റേഷനിനാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, വധഭീഷണിയുള്ള ഇ മെയില്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ ശക്തമാക്കി. ‘മോദിയെ വക വരുത്തുക’ എന്ന സന്ദേശമുള്ള മെയില്‍ ദേശീയ അന്വേഷണ ഏജന്‍സിക്കാണ് ലഭിച്ചത്. ഇന്ത്യയ്ക്കു പുറത്തുനിന്നാണ് മെയില്‍ അയച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സന്ദേശത്തെക്കുറിച്ച് മള്‍ട്ടി ഏജന്‍സി കോഓര്‍ഡിനേഷന്‍ സെന്റര്‍ (എംഎസി) അന്വേഷണം തുടങ്ങിയിട്ടുണ്ട്. റോ, ഇന്റലിജന്‍സ് ബ്യൂറോ, ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവയിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ അടങ്ങിയ സംവിധാനമാണ് എംഎസി. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതീവ ജാഗ്രത പാലിക്കാന്‍ ആഭ്യന്തര വകുപ്പ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിക്ക് നിര്‍ദേശം നല്‍കി.

chandrika: