ഭുവനേശ്വര്‍: ഡല്‍ഹി, പഞ്ചാബ്, കേരള സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ലോക്ക്ഡൗണ്‍ നീട്ടി ഒഡിഷയും. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ജൂണ്‍ ഒന്ന് വരെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്.
രണ്ടാഴ്ചത്തേക്ക് കൂടിയാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നീട്ടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജൂണ്‍ ഒന്ന് രാവിലെ അഞ്ച് മണി വരെയായിരിക്കും അടച്ചുപൂട്ടല്‍. കിഴക്കന്‍ ഒഡിഷയിലെ ചില ജില്ലകളില്‍ വൈറസ് വ്യാപനം കുറയാത്ത സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. നിലവില്‍ ആഴ്ച അവസാനം ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിലും ആ ഇളവുകള്‍ തുടര്‍ന്നും നല്‍കും.
റോഡരികില്‍ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ എത്തുന്ന സ്ഥലങ്ങളില്‍ തിരക്ക് കൂടുന്ന സാഹചര്യത്തില്‍ ഇതിനായി അനുവദിച്ച സമയം കുറച്ചു. നിലവില്‍ രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് സാധനങ്ങള്‍ വാങ്ങാന്‍ അനുവദിച്ചിരുന്ന സമയം. ഇത് രാവിലെ ഏഴ് മുതല്‍ 11 വരെയാക്കി പുനഃക്രമീകരിച്ചു.