ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് ഒഡിഷ എഫ്സി. രണ്ട് ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്.ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. സമനിലയോടെ ഒരു മത്സരം ബാക്കിനില്‍ക്കെ 23 പോയന്റ് മാത്രമുള്ള ഒഡിഷയുടെ പ്ലേ ഓഫ് സാധ്യത അവസാനിച്ചു. അതേസമയം, 31 പോയന്റുള്ള എടികെക്ക് പ്ലേ ഓഫില്‍ ഇനിയും പ്രതീക്ഷയുണ്ട്.
കളിയുടെ അഞ്ചാം മിനിറ്റില്‍ റെഡീം തലാങിലൂടെയാണ് ഒഡിഷ മുന്നിലെത്തിയത്. എന്നാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ തന്നെ പെനല്‍റ്റി ഗോളിലൂടെ എടികെ സമനില ഗോള്‍ കണ്ടെത്തി. ജോണി കൗക്കോയാണ് എടികെക്കായി ഗോള്‍ നേടിയത്. കളിയുടെ ആദ്യ പത്ത് മിനിറ്റില്‍ തന്നെ രണ്ടു ടീമുകളും ഗോള്‍ കണ്ടെത്തിയെങ്കിലും പിന്നീട് കാര്യമായ ഗോളവസരങ്ങളൊന്നും ഉണ്ടായിരുന്നില്ല. അധിക സമയത്ത് രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടിയ എടികെയുടെ സൂപ്പര്‍ താരം റോയ് കൃഷ്ണ ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തുപോയി. തുടര്‍ന്ന് പത്തുപേരായി കളിച്ച എടികെയുടെ ഗോള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അവസാനിപ്പിച്ചു.