X
    Categories: indiaNews

സ്‌കൂളില്‍ നിന്ന് കിട്ടിയ അരിയും പണവും അച്ഛന്‍ ‘തട്ടിയെടുത്തു’ ; പത്തുകിലോമീറ്റര്‍ നടന്ന് കലക്ടര്‍ക്ക് പരാതി നല്‍കി ആറാം ക്ലാസുകാരി

ഭുവനേശ്വര്‍: ഒഡീഷയില്‍ ഉച്ചഭക്ഷണ പദ്ധതിക്ക് സര്‍ക്കാര്‍ അനുവദിച്ച പണവും അരിയും അച്ഛന്‍ തട്ടിയെടുത്തതായി ആറാം ക്ലാസുകാരിയുടെ പരാതി. ഗ്രാമത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ നടന്ന് അച്ഛനെതിരെ മകള്‍ കലക്ടര്‍ക്ക് പരാതി നല്‍കി.

ഒഡീഷയിലെ കേന്ദ്രപാറയിലാണ് സംഭവം. ഡുകുക ഗ്രാമത്തില്‍ നിന്നുള്ള 11 വയസുകാരിയായ സുശ്രീ സംഗീത സേഥിയാണ് അച്ഛനെതിരെ കേന്ദ്രപാറ കലക്ടറെ കണ്ട് പരാതി നല്‍കിയത്. തനിക്ക് ഉച്ചഭക്ഷണ പദ്ധതി അനുസരിച്ച് സര്‍ക്കാര്‍ അനുവദിച്ച പണവും അരിയും അച്ഛന്‍ തട്ടിയെടുത്തു എന്നാണ് പരാതിയില്‍ പറയുന്നത്. അച്ഛന്‍ രമേശ് ചന്ദ്ര സേഥിക്കെതിരെയാണ മകള്‍ രംഗത്തുവന്നത്.

രണ്ടു വര്‍ഷം മുന്‍പ് അമ്മ മരിച്ചതോടെയാണ് 11കാരിയുടെ ജീവിതം മാറിമറഞ്ഞത്. രണ്ടാം വിവാഹം ചെയ്ത അച്ഛനും രണ്ടാനമ്മയും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായില്ല. അമ്മാവന്റെ സംരക്ഷണയിലാണ് കുട്ടി കഴിയുന്നത്.

കുട്ടികളുടെ ക്ഷേമത്തിനായി ഉച്ചഭക്ഷണ പദ്ധതി അനുസരിച്ച് അവരവരുടെ അക്കൗണ്ടിലാണ് സര്‍ക്കാര്‍ പണം അനുവദിക്കുന്നത്. കൂടാതെ അരിയും നല്‍കുന്നുണ്ട്. ഇത് രണ്ടും തനിക്ക് അച്ഛന്‍ നിഷേധിച്ചു എന്ന് കാണിച്ചാണ് പരാതി. തന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് പകരം അച്ഛന്റെ അക്കൗണ്ടിലാണ് പണം ഇട്ടതെന്ന് 11കാരി ആരോപിക്കുന്നു.

11കാരിയുടെ പരാതിയില്‍ ജില്ലാ ഭരണകൂടം ഇടപെട്ടു. കുട്ടിക്ക് അനുവദിച്ച പണം ഉടന്‍ തന്നെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് കലക്ടര്‍ ആവശ്യപ്പെട്ടു. പണവും അരിയും വീണ്ടെടുക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാനും കലക്ടര്‍ ഉത്തരവിട്ടു.

 

Test User: