X

ഏകദിന ലോകകപ്പിന് ഇന്ന് തുടക്കം; ഇംഗ്ലണ്ടും ന്യുസിലന്‍ഡും നേര്‍ക്കുനേര്‍

അഹമ്മദാബാദ്: ഇന്നാണ് തുടക്കം. അവസാനിക്കുന്നത് നവംബര്‍ 19 നും. ഒന്നര മാസക്കാലയളവില്‍ ക്രിക്കറ്റ് ആസ്വാദകര്‍ക്ക് വിരുന്നൊരുക്കി ഏകദിന മേളം. ലോകകപ്പിലെ ഉദ്ഘാടന പോരാട്ടത്തിലിന്ന് നേര്‍ക്കുനേര്‍ വരുന്നത് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണേഴ്‌സ് അപ്പായ ന്യുസിലന്‍ഡും. ഉച്ചത്തിരിഞ്ഞ് രണ്ട് മുതല്‍ നരേന്ദ്ര മോദി സ്‌റ്റേഡിത്തിലാണ് കളി.

പിന്നെ ഫൈനല്‍ വരെ ലോക ക്രിക്കറ്റിലെ പ്രമുഖ പത്ത് റാങ്കുകാര്‍ പരസ്പരം മാറ്റുരക്കും. ആദ്യ നാല് സ്ഥാനങ്ങള്‍ നേടുന്നവര്‍ തമ്മില്‍ സെമി ഫൈനലുകള്‍. പിന്നെ ഇതേ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ 19 ന് കലാശം. കോവിഡ് നിയന്ത്രണങ്ങളില്‍ മാറിമറിഞ്ഞ ചാമ്പ്യന്‍ഷിപ്പിന് ഒടുവില്‍ തുടക്കമാവുമ്പോള്‍ പ്രശ്‌നം കാലാവസ്ഥ തന്നെ. രാജ്യത്ത് പലയിടത്തും കനത്ത മഴയാണ്. സന്നാഹ മല്‍സരങ്ങള്‍ പോലും അപൂര്‍ണമായ അവസ്ഥയില്‍ ലോകം കാത്തിരിക്കുന്ന പോരാട്ടങ്ങള്‍ക്ക് മഴ വില്ലനാവാന്‍ വ്യക്തമായ സാധ്യതകള്‍ നിലനില്‍ക്കുന്നു. ഇന്ന് ഉദ്ഘാടന മല്‍സരത്തിന് വേദിയാവുന്ന ഗുജറാത്തില്‍ താരതമ്യേന നല്ല കാലാവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്നലെ സ്‌റ്റേഡിയത്തില്‍ പത്ത് നായകന്മാരും ഒത്തുചേര്‍ന്നു. ഐ.സി.സി തീരുമാന പ്രകാരമുള്ള ക്യാപ്റ്റന്‍സ് ഡേ. ലോകകപ്പില്‍ തൊട്ട് ഫോട്ടോ സെഷനില്‍ ഒരുമിച്ച എല്ലാവരും ഇന്നലെ തന്നെ പിരിഞ്ഞു. ഇനി എല്ലാവരുടെയും ലക്ഷ്യം മല്‍സരക്കളം തന്നെ. ഇന്ന് ഒരു മല്‍സരം മാത്രമാണുള്ളത്. ഉദ്ഘാടന ചടങ്ങുകളില്ല. കാലാവസ്ഥ അനുകൂലമാണ്. പ്രസന്നമായ ആകാശമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒന്നര ലക്ഷത്തോളം ഇരിപ്പിടമുള്ള സ്റ്റേഡിയത്തില്‍ മല്‍സര ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റഴിഞ്ഞിട്ടില്ല.

 

 

webdesk11: