X

ഒക്ടോബര്‍ 17 ലോക ട്രോമ ദിനം; കളിയല്ല, പ്രാഥമിക പരിചരണം

വീട്ടിലോ സ്‌കൂളിലോ ആര്‍ക്കെങ്കിലും എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ അടിയന്തര ഘട്ടങ്ങളില്‍ നാം എന്താണ് ചെയ്യുന്നത് കൂട്ടുകാരേ?. പകച്ചു നില്‍ക്കാതെ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കാവശ്യമായ അടിയന്തര ശുശ്രൂഷ നല്‍കാന്‍ നമുക്ക് സാധിക്കാറുണ്ടോ?. അതിനുള്ള അവഗാഹം നമുക്കുണ്ടോ?. നഷ്ടമായേക്കാവുന്ന ഒരു ജീവനെ നമ്മുടെ അടിയന്തര ഇടപെടല്‍ കൊണ്ട് ചിലപ്പോള്‍ രക്ഷിച്ചെടുക്കാം. അത്യാഹിത സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ പ്രാഥമിക ശുശ്രൂഷ നല്‍കുന്നത് അത്യന്തം ഗൗരവമായി കാണേണ്ട ഒന്നാണ്. അതിന്റെ പ്രാധാന്യം ആഗോളതലത്തില്‍ മനുഷ്യരിലെത്തിക്കുന്നതിനാണ് ഒക്ടോബര്‍ 17 ലോക ട്രോമ ദിനമായി ആചരിക്കുന്നത്. 2011-ന് ഇന്ത്യയിലെ ന്യൂഡല്‍ഹിയില്‍ വെച്ചാണ് ദിനാചരണം ആരംഭിച്ചത്.

ലോക ട്രോമ ദിനം സാധാരണ രീതിയില്‍ കടന്നുപോകേണ്ട ഒന്നല്ല. ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞ ദിനമാണിത്. വാഹനാപകടങ്ങളെ കുറിച്ച് മാത്രമാണ് ട്രോമ എന്നു പറയുന്നതെന്ന് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ട്. റോഡപകടങ്ങള്‍, വീഴ്ചകള്‍, പൊള്ളല്‍, വ്യാവസായിക അപകടങ്ങള്‍, അക്രമത്തിലൂടെ ഒരാള്‍ക്ക് പരിക്കേല്‍ക്കല്‍ തുടങ്ങി ട്രോമയുടെ കാരണങ്ങള്‍ വ്യത്യസ്തപ്പെട്ടിരിക്കാം. പ്രതിവര്‍ഷം പത്തുലക്ഷത്തിലധികം ആളുകള്‍ മരണപ്പെടുകയും രണ്ട് കോടിയിലധികം ആളുകളെ രോഗികളാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ട്രോമ. ഇതേത്തുടര്‍ന്നുള്ള മരണങ്ങളും വൈകല്യങ്ങളും എങ്ങനെ തടയാം എന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് പ്രധാനമായും ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. വാഹനാപകടങ്ങളാണ് ട്രോമയുടെ ഒന്നാമത്തെ കാരണം. ഇരുചക്ര വാഹനങ്ങള്‍ മൂലമുണ്ടാകുന്ന വാഹനാപകടങ്ങളാണ് ഇതില്‍ കൂടുതലും. രണ്ടാമത്തെ കാരണം നമ്മുടെ അശ്രദ്ധയാണ്.

ഉയരങ്ങളില്‍ നിന്ന് വീഴുന്നതും വീട്ടിലോ ബാത്‌റൂമിലോ തെന്നി വീഴുന്നതും ട്രോമ വിഭാഗത്തില്‍പ്പെടുന്നു. കായിക മത്സരങ്ങള്‍ക്കിടയിലെ പരുക്കുകളാണ് മൂന്നാമത്തെ കാരണം. 45 വയസിനു താഴെയുള്ളവരുടെ മരണത്തിന്റെ പ്രധാന കാരണം ട്രോമാറ്റിക് പരിക്കുകളാണ്. ഓേേരാ വര്‍ഷവും ഏകദേശം ആറു ദശലക്ഷം ആളുകള്‍ ഇതുമൂലം മരിക്കുന്നു. ആഘാതകരമായ പരിക്കുകളും വൈകല്യത്തിന്റെ പ്രധാന കാരണമാണ്. മസ്തിഷ്‌ക ക്ഷതമാണ് ഇതിന്റെ പ്രധാന കാരണം. ഔദ്യോഗിക കണക്കനുസരിച്ച് 69 ദശലക്ഷം ആളുകള്‍ക്ക് മസ്തിഷ്‌കാഘാതം സംഭവിക്കുന്നു. ദരിദ്ര രാഷ്ട്രങ്ങളില്‍ പലപ്പോഴും അടിയന്തര വൈദ്യ സഹായം ലഭിക്കുന്നതിന് കാലതാമസം നേരിടുന്നു. അതിനാല്‍ മരണസംഖ്യയും കൂടുന്നുണ്ട്. ഇതു പരിഹരിക്കാന്‍ പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കി പ്രാഥമിക ശ്രുശ്രൂഷ നല്‍കാന്‍ പ്രാപ്തമാക്കുന്നതാണ് ട്രോമ കെയര്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. വാഹനാപകടങ്ങളില്‍ മാത്രമല്ല, ഹൃദയാഘാതം സംഭവിക്കുമ്പോള്‍ പോലും അടിയന്തര ശ്രുശ്രൂഷ നല്‍കാന്‍ സാധിച്ചാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. എന്ത് അത്യാഹിതം സംഭവിച്ചാലും അതിനൊരു ഗോള്‍ഡന്‍ അവര്‍ ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒരു അപകടമുണ്ടായാല്‍ വിദഗ്ധ ചികിത്സ ലഭിക്കുന്നതിനുള്ള കൂടിയ സമയമാണിത്. ഒരു മണിക്കൂറിനുള്ളില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണം. മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിന് മറ്റൊരു ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുമ്പും അത്യാഹിതം സംഭവിച്ച വ്യക്തിക്ക് ഏതു ചികിത്സയാണ് വേണ്ടതെന്നും ആ ചികിത്സാ സൗകര്യമുള്ള ആശുപ്രതിയില്‍ പ്രവേശിപ്പിക്കാനും ശ്രദ്ധിക്കേണ്ടതാണ്. അതിനുമുമ്പ് തന്നെ പ്രാഥമിക ശ്രുശ്രൂഷ നല്‍കിയിരിക്കണം. ആദ്യ മണിക്കൂറില്‍ രോഗിക്ക് കൃത്യമായ പരിചരണം നല്‍കിയാല്‍ അതവരുടെ അതിജീവന സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

അത്യാഹിതം സംഭവിച്ചാല്‍

നമ്മുടെ കണ്‍മുന്നില്‍ പെട്ടെന്നൊരു അത്യാഹിതം സംഭവിച്ചാല്‍ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കാം.
•ആദ്യം ചെയ്യേണ്ടത് പ്രാഥമിക ശുശ്രൂഷ നല്‍കുകയെന്നതാണ്.
•രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്ന അടിയന്തര സംവിധാനം ഏര്‍പ്പെടുത്തുക.
•എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ആശുപത്രി തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കാഴ്ചക്കാരായി മാറി നില്‍ക്കാതെ അടിയന്തര സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷാ മാര്‍ഗങ്ങളാകാന്‍ നമ്മള്‍ സ്വയം ശ്രമിക്കേണ്ടതുണ്ട്. നഷ്ടമായേക്കുന്ന ഒരു ജീവന്‍ നമ്മുടെ ഇടപെടലില്‍ രക്ഷിക്കാന്‍ സാധിച്ചാല്‍ അത് ഏറെ സന്തോഷകരമല്ലേ…

webdesk11: