സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സര്‍ക്കാര്‍ മേഖലയിലെ സംവരണം സംബന്ധിച്ച ഭരണഘടനാഭേദഗതി നിയമത്തിന്റെ ചുവടുപിടിച്ച് നടത്തിയ തട്ടിപ്പറിയുടെ ചുരുളുകള്‍ ഓരോന്നായി അഴിഞ്ഞുവീഴുകയാണിപ്പോള്‍. ജാതി സംവരണം വേണ്ടെന്നും സാമ്പത്തിക സംവരണം മതിയെന്നും പതിറ്റാണ്ടുകളായി വാദിച്ചുവരുന്ന സി.പി.എം ഭരിക്കുമ്പോഴാണ് അവര്‍ നഖശിഖാന്തം എതിര്‍ക്കുന്നുവെന്ന് പറയുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നയത്തിനും നിയമത്തിനും അനുകൂലമായി സാമ്പത്തിക സംവരണം അക്ഷരംപ്രതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഒരുകണക്കിന് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും കാണിക്കുന്ന താല്‍പര്യത്തിനും മേലെയാണ് ഇപ്പോള്‍ കേരളത്തിലെ സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ ഈനിയമം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ നിയമത്തെപോലും മറികടന്നുകൊണ്ട് കേരളത്തില്‍ ഇക്കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷം ഇടതു സര്‍ക്കാര്‍നടത്തിയ സീറ്റ് അനുവദിക്കലും സര്‍ക്കാര്‍ നിയമനങ്ങളും ഇവ്വിഷയത്തില്‍ നടക്കുന്ന ഗൂഢാലോചനയെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരായി സംസ്ഥാനത്തെ പിന്നാക്ക ന്യൂനപക്ഷ-ദലിത് സംഘടനകളുടെ ആഭിമുഖ്യത്തില്‍ വലിയ പ്രതിഷേധവും പ്രക്ഷോഭവും ആരംഭിക്കാനിരിക്കുകയാണ്. നാളെ സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന സംവരണസമുദായ മുന്നണി പ്രതിഷേധം ഇതിന്റെ ആദ്യ പടിയാണ്.
കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ സര്‍ക്കാര്‍ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്നോക്ക ജാതിക്കാര്‍ക്ക് സംവരണം ഏര്‍പെടുത്തുന്നതിനുള്ള 103-ാം ഭരണഘടനാഭേദഗതി നിയമം-2019 പാസാക്കിയത്. ഇതിനെതിരെ വോട്ടു ചെയ്യാന്‍ മുസ്‌ലിംലീഗ് മാത്രമേ അന്ന് പാര്‍ലമെന്റിലുണ്ടായിരുന്നുള്ളൂ. പ്രധാനപ്പെട്ട കക്ഷികളെല്ലാം നിയമത്തെ അനുകൂലിച്ചും വിട്ടുനിന്നുമാണ് ബില്‍ പാസാകാനുള്ള അവസരം കൊടുത്തത്. ഉത്തര്‍പ്രദേശിലെ പിന്നാക്കക്കാരുടെ മിശിഹ എന്നു വിശേഷിപ്പിക്കപ്പെടുന്ന ബി.എസ്.പി, എസ്.പി തുടങ്ങിയ കക്ഷികള്‍വരെ നിയമത്തിനെതിരെ ചെറുവിരലനക്കാന്‍ മുന്നോട്ടുവന്നില്ലെന്ന ്മാത്രമല്ല, പിന്നാക്കക്കാരുടെ പിന്തുണയും വോട്ടുംകൊണ്ട് അധികാരത്തിലേറുന്ന സി.പി.എം അടക്കമുള്ള കക്ഷികള്‍പോലും ബി.ജെ.പിയുടെ അജണ്ടക്ക് തലവെച്ചുകൊടുക്കുകയാണുണ്ടായത്. നിയമത്തില്‍ പറയുന്നതുപ്രകാരം ഇതുവരെ സംവരണം ലഭിക്കാത്ത വിഭാഗത്തിനാണ് പരമാവധി 10 ശതമാനം സാമ്പത്തിക സംവരണം അനുവദിക്കപ്പെടുക. അതിനര്‍ത്ഥം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നു എന്നതുമാത്രമല്ല നിയമത്തിലെ പ്രധാനപ്പെട്ട മാനദണ്ഡം. ഇത് സമ്പന്നരായ വിഭാഗത്തെകൂടി സംവരണ വ്യവസ്ഥയില്‍ ഉള്‍പെടുത്തുന്നതായിരുന്നു. ഫലത്തില്‍ കേന്ദ്രം പാസാക്കിയ സാമ്പത്തിക സംവരണത്തിന്റെ ഗുണം പാവപ്പെട്ടവനേക്കാള്‍ മുന്നോക്കക്കാരിലെ സമ്പന്നന് ലഭിക്കുന്ന അവസ്ഥയാണുണ്ടാക്കിയത്.
കേരളത്തില്‍ നിയമം നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കാട്ടിയ തിടുക്കം എടുത്തുപറയേണ്ടതാണ്. സംസ്ഥാനങ്ങള്‍ക്ക് അതാതിടങ്ങളിലെ സാമ്പത്തികവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകള്‍ പഠിച്ചുകൊണ്ടുവേണം എത്രകണ്ട് സംവരണം നടപ്പിലാക്കാമെന്നിരിക്കെ നിയമം പാസായി ആറു മാസങ്ങള്‍ക്കകംതന്നെ അത് നടപ്പാക്കുന്നതിന് സര്‍ക്കാര്‍ വലിയ ധൃതിയാണ് കാണിച്ചത്. ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി നവംബറില്‍ ശശിധരന്‍ സമിതിയെ ഇടതുപക്ഷ സര്‍ക്കാര്‍ നിയോഗിച്ചെങ്കിലും അതിനുമുമ്പുതന്നെ പ്രൊഫഷണല്‍ കോഴ്‌സുകളിലും മറ്റും നിയമം നടപ്പാക്കപ്പെടുന്ന അവസ്ഥയുണ്ടായി. ഇതിനുപിന്നില്‍ സര്‍ക്കാര്‍-ഭരണകക്ഷി വൃത്തങ്ങളിലെ സവര്‍ണ ലോബിയാണെന്നത് സുവ്യക്തമാണ്. സാധാരണഗതിയില്‍ ഒരുകേന്ദ്ര നിയമം പാസായാല്‍ ആയത് നടപ്പാക്കുന്നതിന് വര്‍ഷങ്ങളെടുക്കും. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമയം ചോദിക്കുകയോ നടപ്പാക്കില്ലെന്ന ്പ്രഖ്യാപിക്കുകയോ ചെയ്യാമെന്നിരിക്കെ സാമ്പത്തിക സംവരണ കാര്യത്തില്‍ സര്‍ക്കാര്‍ ബി.ജെ.പിയുടെ ഇംഗിതം എടുത്തപടി അപ്പടി നടപ്പാക്കുകയായിരുന്നു. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞയാളാണ ്‌കേരളത്തിന്റെ മുഖ്യമന്ത്രിയെന്നത് ഈയവസരത്തില്‍ ഓര്‍ക്കണം.
ഇനി, നിയമത്തിലെ വ്യവസ്ഥയെപോലും മറികടന്നുകൊണ്ടാണ് കേരളത്തില്‍ നിയമം നടപ്പാക്കിയതെന്നതിന് ജീവിക്കുന്ന തെളിവുകള്‍ പൊതുമണ്ഡലത്തില്‍ കിടക്കുകയാണിപ്പോള്‍. കഴിഞ്ഞ വര്‍ഷത്തെ എം.ബി.ബി.എസ് സീറ്റുകള്‍ തന്നെ ഇതിന് മികച്ച ഉദാഹരണം. കേരളത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആകെയുള്ളത് 1245 സീറ്റായിരിക്കെ 2019-20 അധ്യയന വര്‍ഷം സാമ്പത്തിക സംവരണ നിയമമനുസരിച്ച് ലഭിച്ചത് 131 സീറ്റാണ്. നിയമപ്രകാരം സംവരണം കഴിച്ചുള്ള സീറ്റുകളിലെ പത്തു ശതമാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് നല്‍കണമെന്നിരിക്കെയാണ് മൊത്തം സീറ്റുകളെയും മറികടന്നുകൊണ്ടുള്ള സീറ്റുകള്‍ അനുവദിച്ചിരിക്കുന്നത്. ഈ വര്‍ഷം പ്ലസ്‌വണ്‍ സീറ്റുകളുടെ കാര്യത്തിലും ഇത് പ്രകടമാണ്. മൊത്തം സീറ്റുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,80,000 ആയിരിക്കെ അതിലെ പത്തു ശതമാനത്തിനാണ് സാമ്പത്തിക സംവരണം അനുവദിക്കപ്പെട്ടിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ഈഴവ, മുസ്്‌ലിം, പട്ടിക ജാതി-പട്ടികവര്‍ഗം തുടങ്ങിയ വിഭാഗങ്ങളുടെ സംവരണം (48 ശതമാനം) കഴിച്ച് ബാക്കിയുള്ള 52 ശതമാനത്തില്‍നിന്നാണ് പത്തു ശതമാനം സംവരണം അനുവദിക്കേണ്ടതെന്നിരിക്കെയാണ് ഈ കൊടുംവഞ്ചന. ഫലത്തില്‍ പിന്നാക്കക്കാര്‍ക്ക് ഭരണഘടന അനുവദിച്ചുതന്നിട്ടുള്ള ആനുകൂല്യത്തിലാണ് ഇടതു സര്‍ക്കാര്‍ കത്തിവെച്ചിരിക്കുന്നത്. പുറമെ പിന്നാക്ക സ്‌നേഹം നടിക്കുകയും സംവരണ വിരുദ്ധത ചമയുകയും ചെയ്യുന്നവര്‍ ഇരുട്ടിന്റെ മറവില്‍ നടത്തിയ കാട്ടുകൊള്ളയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.
രാഷ്ട്ര പൂര്‍വസൂരികളായ മഹത്തുക്കള്‍ കാലങ്ങളെടുത്ത് മനനം ചെയ്തും സംവാദത്തിലൂടെയും ഭരണഘടയില്‍ ചേര്‍ത്തുവെച്ച സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കവിഭാഗങ്ങള്‍ക്കുള്ള സംവരണത്തെയാണ് ഫലത്തില്‍ സവര്‍ണ ലോബിയും സി.പി.എമ്മുകാരും സര്‍ക്കാരിനകത്തെ നിക്ഷിപ്തതല്‍പരരും ചേര്‍ന്നുകൊണ്ട് അട്ടിമറിച്ചിരിക്കുന്നത്. മൗലികാവകാശങ്ങളായ 14, 15 വകുപ്പുകള്‍ പറയുന്ന തുല്യതയുടെകൂടി ലംഘനമാണിത്. നൂറ്റാണ്ടുകളായി പാവപ്പെട്ട ജനത കൊണ്ടുനടക്കുന്ന സാമൂഹിക അടിമത്വത്തിന്റെ ചങ്ങലക്കെട്ടുകള്‍ ഒന്നുകൂടി ഉരുക്കിമുറുക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. കോവിഡിന്റെ മറവില്‍ നടക്കുന്ന അധികാരപ്രമത്തതയുടെ ഭാഗം തന്നെയാണിതും. സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും നിലവിലിരിക്കുന്ന കേസുകളുടെ തീര്‍പ്പുവരെയെങ്കിലും സാമ്പത്തിക സംവരണം നിര്‍ത്തിവെക്കാനുള്ള ആര്‍ജവം കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കാട്ടിയേ തീരൂ.