X
    Categories: columns

വി.എച്ച്.പിയും സംഘ് രാഷ്ട്രീയത്തിന്റെ ഭാവിയും

സുഫ്‌യാന്‍ അബ്ദുസ്സലാം

ബാബരി മസ്ജിദുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ മേല്‍ക്കുമേല്‍ നേടിയ ‘വിജയങ്ങള്‍’ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുകയാണ്. ‘തര്‍ക്കഭൂമി’ സ്വന്തമാക്കാന്‍ കഴിഞ്ഞതിനു ശേഷം രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുകയും ഒടുവില്‍ മസ്ജിദ് തകര്‍ത്ത പ്രതികളെ കേസില്‍ നിന്നു രക്ഷപ്പെടുത്താന്‍ സാധിക്കുകയും ചെയ്തിരിക്കുന്നു. രാഷ്ട്രീയ മേല്‍കോയ്മയും ജുഡീഷ്യറിയുടെ മേലുള്ള ദുഃസ്വാധീനവും ഘടകങ്ങളായിട്ടുണ്ടെന്ന് പറയുമ്പോഴും സംഘ്പരിവാര്‍ അത് രാഷ്ട്രീയവിജയമായി അവകാശപ്പെടുന്നു. ഭരണഘടനയുടെ അടിസ്ഥാനശിലകളെ ഇളക്കാന്‍ മാത്രമുള്ള ധൈര്യം അവര്‍ സംഭരിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗണ്യമായ സ്വാധീനം ഒന്നുമില്ലാതിരുന്ന സംഘ് രാഷ്ട്രീയത്തിന് ഇന്ത്യയെ അടക്കിവാഴാന്‍ സാധിക്കുന്ന വിധത്തിലേക്ക് മുമ്പോട്ട്‌പോകാന്‍ കഴിഞ്ഞതിന്റെ പിന്നിലെ ചാലകശക്തികളെക്കുറിച്ചും ഭാവി ഇന്ത്യയെ അവരെങ്ങനെ രൂപകല്‍പന ചെയ്തുകൊണ്ടിരിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള അവലോകനം അനിവാര്യമായിരിക്കുന്നു.

ഹിന്ദു മഹാസഭയും ആര്‍.എസ്.എസും പതിറ്റാണ്ടുകള്‍ ശ്രമിച്ചിട്ടും ആദ്യകാലങ്ങളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സംഘ് രാഷ്ട്രീയത്തിന് സാധിച്ചിരുന്നില്ല. മഹാത്മജിയുടെ വധം ആര്‍.എസ്.എസിനും അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിനും വലിയ തിരിച്ചടിയായി. ഗാന്ധി വധത്തിനുശേഷം നിവര്‍ന്നു നില്‍ക്കുന്നതിന് വേണ്ടിയായിരുന്നു 1951 ല്‍ ഭാരതീയ ജനസംഘം എന്ന രാഷ്ട്രീയ പാര്‍ട്ടി അവര്‍ രൂപീകരിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഇന്ദിരാഗാന്ധിവരെയുള്ള ശക്തരായവര്‍ ഭരിച്ചിരുന്ന കാലത്ത് ജനസംഘത്തിന് വളരാന്‍ സാധിച്ചില്ല. ജനസംഘം 1977 ല്‍ ഭാരതീയ ജനതാപാര്‍ട്ടിയായി മാറിയിട്ടും ഹൈന്ദവ സമൂഹത്തില്‍ വലിയ രാഷ്ട്രീയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ആര്‍.എസ്.എസ് ആഗ്രഹിക്കുന്ന ഹിന്ദുത്വ രാഷ്ട്രത്തിലധിഷ്ഠിതമായ ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ കേവലം രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം കൊണ്ട് മാത്രം സാധ്യമാവില്ലെന്നും ഹിന്ദു ജനമനസ്സുകളില്‍ ഇളക്കം തട്ടിക്കണമെങ്കില്‍ ഹൈന്ദവ സന്യാസിമാരെയും പുരോഹിതന്മാരെയും സ്വാധീനിക്കേണ്ടതുണ്ടെന്നും ആഗോളാടിസ്ഥാനത്തിലുള്ള ഹിന്ദു ഏകീകരണം ആവശ്യമാണെന്നും അവര്‍ മനസ്സിലാക്കി. അതായിരുന്നു 1964ല്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ രൂപീകരണത്തിലേക്ക് ആര്‍.എസ്.എസിനെ പ്രേരിപ്പിച്ചതിന്റെ ചേതോവികാരം. പ്രധാനമായും മൂന്നു വിഷയങ്ങളാണ് ഹൈന്ദവ സമൂഹത്തിന്മുന്നില്‍ അവര്‍ വെച്ചത്. 1) ഇന്ത്യയില്‍ വ്യാപകമായ മതപരിവര്‍ത്തന ശ്രമങ്ങള്‍ നടക്കുന്നു; അതിനെതിരെ ഹിന്ദു സമൂഹം ഉണരണം. 2) ഇന്ത്യയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോയ ഹൈന്ദവരെ ഇന്ത്യയുമായി ബന്ധപ്പെടുത്തി ഹൈന്ദവ ഏകീകരണം ഉണ്ടാക്കണം. 3) സാമൂഹിക നവോത്ഥാനം ലക്ഷ്യമാക്കി ഹൈന്ദവ നേതാക്കളെ ഒരു കുടക്കീഴില്‍ കൊണ്ടുവരണം.
ക്രിസ്ത്യന്‍ മിഷനറികള്‍ മധ്യപ്രദേശ് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തിയിരുന്ന മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈന്ദവ സമൂഹം വലിയ ഭീഷണി നേരിടുന്നുവെന്ന് ഹൈന്ദവ ജനസാമാന്യത്തെ അവര്‍ ബോധ്യപ്പെടുത്തിയിരുന്നത്. ക്രിസ്ത്യന്‍ മിഷനറികള്‍ പ്രലോഭനങ്ങളിലൂടെ മതപരിവര്‍ത്തനം ഉദ്ദേശിച്ച് നടത്തിക്കൊണ്ടിരിക്കുന്ന മതപ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനു 1956 ല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നിയോഗി കമ്മിറ്റി റിപ്പോര്‍ട്ടായിരുന്നു വി.എച്ച്.പിയുടെ ആധാരം. ക്രിസ്ത്യന്‍ മിഷനറികള്‍ വ്യാപകമായി നടത്തുന്ന മതപ്രചാരണം ഹിന്ദു സമൂഹത്തെ ക്രൈസ്തവവത്കരിക്കുന്നതിനുവേണ്ടിയാണെന്നായിരുന്നു നിയോഗി റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നത്.

നിരക്ഷരരായ ഹിന്ദു സമൂഹത്തെ ഭൗതിക പ്രലോഭനങ്ങളിലൂടെ മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയാണെന്നും അതിനെതിരെ ഹിന്ദു സമൂഹം ചെറുത്തുനില്‍ക്കണമെന്നും അവര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി.
1948 ല്‍ ബാബരി മസ്ജിദില്‍ വിഗ്രഹം വച്ച് അത് പിടിച്ചടക്കാനുള്ള ശ്രമത്തിന് ഹൈന്ദവ സമൂഹത്തില്‍നിന്നും വര്‍ധിച്ച പിന്തുണ ഉണ്ടായില്ല എന്നത് സംഘ്പരിവാറിന് ബോധ്യപ്പെട്ടിരുന്നു. ആര്‍.എസ്.എസിന്റെ ലക്ഷ്യമായ ഹിന്ദുത്വ രാഷ്ട്രമെന്ന ആശയത്തിലേക്ക് സാധാരണക്കാരായ ഹിന്ദുക്കളെ നയിക്കുന്നതിനുവേണ്ടിയുള്ള മനഃശാസ്ത്രപരമായ നീക്കമായിരുന്നു അത്. ചില സംഘര്‍ഷങ്ങളും പ്രകോപനങ്ങളുമെല്ലാം സൃഷ്ടിക്കാന്‍ സാധിച്ചു എന്നതല്ലാതെ മതപരമോ രാഷ്ട്രീയമോ ആയ ഒരു ചലനവും സൃഷ്ടിക്കാന്‍ അവര്‍ക്കായില്ല. 1948 മുതല്‍ 1964 ല്‍ വി.എച്ച്.പി രൂപീകരിക്കപ്പെടുന്നതുവരെ കാര്യങ്ങള്‍ അങ്ങനെ പോയി. രാജ്യത്തിന്റെ മതനിരപേക്ഷതയുടെ അടിക്കല്ലിളക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ആര്‍.എസ്.എസ് ഹൈന്ദവ സമൂഹത്തെ മൊത്തത്തില്‍ അണിനിരത്താനും അവരെ സജ്ജമാക്കാനുമുള്ള തന്ത്രങ്ങള്‍ മെനഞ്ഞു. സംഘ് ആശയങ്ങള്‍ തലയില്‍ കയറിയ സന്യാസിമാരും പുരോഹിതന്മാരും നേതൃത്വം നല്‍കുന്ന, ആഗോളാടിസ്ഥാനത്തിലുള്ള, ഹിന്ദു പേരുള്ള സംഘടന വേണമെന്ന് അവര്‍ ചിന്തിച്ചു. ആ ചിന്തയാണ് വിശ്വഹിന്ദുപരിഷത്തിന്റെ (വി.എച്ച്.പി) രൂപീകരണത്തിലേക്ക് ആര്‍.എസ്.എസിനെ എത്തിച്ചത്.

സംഘ് രാഷ്ട്രീയത്തെ ‘മോബിലൈസ്’ ചെയ്യാന്‍ പ്രാപ്തമായ ഒരു ഐഡിയോളജി വി.എച്ച്.പി സൃഷ്ടിച്ചെടുത്തു. ഹൈന്ദവ വിജ്ഞാനീയങ്ങള്‍ക്കും പുണ്യ പ്രദേശങ്ങള്‍ക്കും ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു തത്വശാസ്ത്രം അവര്‍ വികസിപ്പിച്ചു. ‘ഭക്തിപ്രദേശങ്ങളെ’ ശ്രദ്ധാ കേന്ദ്രങ്ങളാക്കി ഭക്തജനങ്ങളെ അങ്ങോട്ട് ആകര്‍ഷിക്കാനുള്ള തന്ത്രങ്ങള്‍ ഉണ്ടാക്കിയെടുത്തു. ഗംഗാ നദിയെ കേന്ദ്ര ബിന്ദുവാക്കിയായിരുന്നു വി.എച്ച്.പി ആദ്യം ഹൈന്ദവ സമൂഹത്തെ കൈയിലെടുക്കാന്‍ ശ്രമിച്ചത്. 1983 ല്‍ സംഘടിപ്പിച്ച ‘ഏകാത്മതാ യാത്ര’ അത്തരമൊരു ലക്ഷ്യത്തോടെയുള്ള ‘രാഷ്ട്രീയ തീര്‍ത്ഥയാത്ര’യായിരുന്നു. കാഠ്മണ്ഡു മുതല്‍ രാമേശ്വരം വരെ, ഗംഗാസാഗര്‍ മുതല്‍ സോമനാഥ ക്ഷേത്രം വരെ ഹരിദ്വാര്‍ മുതല്‍ കന്യാകുമാരി വരെ എന്നിങ്ങനെ മൂന്നു യാത്രകള്‍ ചേര്‍ന്നതായിരുന്നു ഏകാത്മതാ യാത്ര. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പുറപ്പെട്ട ചെറുയാത്രകള്‍ വലിയ യാത്രകളില്‍ ലയിച്ചുചേര്‍ന്നു. യാത്രയിലെ അംഗങ്ങള്‍ വിഗ്രഹങ്ങളും തിരുശേഷിപ്പുകളും കൂടെ കരുതിയിരുന്നു. മൂന്നു യാത്രകളെയും ഗംഗാ നദിയുമായി സമന്വയിപ്പിച്ചു കൊണ്ട് ‘ഏകാത്മത’ എന്ന ആശയത്തിലൂടെ ഹൈന്ദവ മനസ്സുകളെ സ്വാധീനിക്കാന്‍ പരിശ്രമിച്ചു. ‘ഭാരത് മാതാ ഗംഗാ മാതാ യാത്ര’ എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. മൂന്നു യാത്രകളെയും ആര്‍.എസ്.എസിന്റെ കേന്ദ്ര ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ സമ്മേളിപ്പിക്കാനും വി.എച്ച്.പി മറന്നില്ല. ഇന്ത്യക്ക് പുറമെ ബര്‍മ, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹൈന്ദവ വിശ്വാസികളെയും യാത്രയില്‍ കണ്ണിയാക്കി.

ഇപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നദികളില്‍ നിന്നുമുള്ള വെള്ളം ഗംഗയില്‍ ഒഴുക്കുകയും തിരിച്ച് ഗംഗാജലം രാജ്യത്തിന്റെ വിവിധ നദികളില്‍ ഒഴുക്കുകയും ചെയ്തുകൊണ്ട് ഗംഗയെ കേന്ദ്രബിന്ദുവാക്കിയാണ് വി.എച്ച്.പി ഹൈന്ദവമനസ്സുകളെ കീഴടക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത്. ഇതിലൂടെ ആര്‍.എസ്.എസ് മനസ്സില്‍കണ്ട ‘ഹിന്ദുത്വ മുന്നേറ്റം’ വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചു. ഈ യാത്രയാണ് 1990 ല്‍ എല്‍.കെ അദ്വാനി നേതൃത്വം നല്‍കിയ സോമനാഥില്‍ നിന്നും അയോധ്യയിലേക്കുള്ള രാമ രഥയാത്രക്ക് പ്രചോദനമായത്. അത് പിന്നീട് ബാബരി മസ്ജിദ് ധ്വംസനത്തിലേക്കും രാമക്ഷേത്രമെന്ന ആശയത്തിലേക്കും ആര്‍.എസ്.എസിന് എളുപ്പമാര്‍ഗം തുറന്നുകൊടുത്തു.

1981 ലെ തമിഴ്‌നാട്ടിലെ മീനാക്ഷിപുരം കൂട്ട മതംമാറ്റം വി.എച്ച്.പി ആയുധമായെടുത്തു. ജാതി വ്യവസ്ഥയുടെ പേരില്‍ അയിത്തം കല്‍പിക്കപ്പെട്ടിരുന്ന പട്ടികജാതി വിഭാഗത്തില്‍പെട്ട ആയിരത്തിലധികം പേര്‍ സവര്‍ണ്ണ മേധാവിത്തത്തിന്റെ പീഡനങ്ങളില്‍ മനംമടുത്ത് ഇസ്‌ലാം മതം സ്വീകരിച്ചത് വി.എച്ച്.പിക്ക് തലവേദനയായി. ജാതിവ്യവസ്ഥയെ നിലനിര്‍ത്തിക്കൊണ്ട് ഹൈന്ദവ മുന്നേറ്റം സാധ്യമല്ലെന്ന നിലപാട് വി.എച്ച്.പി സ്വീകരിക്കുകയും ദലിത് വിഭാഗങ്ങളെ കൂടെനിര്‍ത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. സവര്‍ണ്ണ മേധാവിത്തമാണ് വി.എച്ച്.പിയെ നിയന്ത്രിക്കുന്നതെങ്കില്‍പോലും രാഷ്ട്രീയ വിജയം നേടാന്‍ ദലിത് വിഭാഗങ്ങളെ കൂടെനിര്‍ത്തണമെന്നായിരുന്നു അവരുടെ നിലപാട്. സവര്‍ണ്ണര്‍ ദലിതര്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ മൗനമവലംബിക്കുകയും അതേസമയം ഇതര മതങ്ങളിലേക്കുള്ള പരിവര്‍ത്തനങ്ങള്‍ക്കെതിരെ രംഗത്തുവരികയും ചെയ്യുക എന്ന കാപട്യം നിറഞ്ഞതും രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രം ലക്ഷ്യമിട്ടിട്ടുള്ളതുമായ നിലപാടായിരുന്നു അത്. 1985 ലെ ശാബാനുബീഗം കേസിനെയും വി.എച്ച്.പി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉയര്‍ത്തിപ്പിടിച്ചു. ശാബാനു കേസില്‍ കോണ്‍ഗ്രസ് മുസ്‌ലിം പ്രീണനം നടത്തുകയാണെന്ന് ആരോപിച്ച് ഹൈന്ദവ വികാരം കത്തിക്കാന്‍ ശ്രമിച്ച വി.എച്ച്.പി ഹൈന്ദവ സമൂഹത്തില്‍ നടക്കുന്ന വിവാഹമോചനങ്ങളും സ്ത്രീ പീഡനങ്ങളും ഇല്ലാതാക്കാന്‍ കാര്യമായി ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല.

1984 ല്‍ രൂപംകൊണ്ട വിശ്വഹിന്ദു പരിഷത്തിന്റെ യുവഘടകമായ ബജ്‌റംഗ്ദള്‍ ഇതര മതവിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമോല്‍സുകമായ പ്രവര്‍ത്തനങ്ങളിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. ഭയവിഹ്വലതകള്‍ സൃഷ്ടിച്ചും ഭീഷണികള്‍ മുഴക്കിയും അവര്‍ ഇതര മതവിഭാഗങ്ങളെ പേടിപ്പിച്ചുനിര്‍ത്തി. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ നശിപ്പിച്ചും ആളുകളെ കൊന്നൊടുക്കിയും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തി. ഒരുപക്ഷത്ത് വി.എച്ച്.പി ഹൈന്ദവ സമൂഹത്തെ പരോക്ഷ തീവ്രവാദത്തിലൂടെ ഒന്നിപ്പിച്ചുനിര്‍ത്താന്‍ ശ്രമിക്കുകയും മറുപക്ഷത്ത് ബജ്‌റംഗ്ദള്‍ പ്രത്യക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കുകയും ചെയ്തു. അതുവഴി ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുക എന്ന സംഘ് രാഷ്ട്രീയത്തിന്റെ വളരെക്കാലത്തെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു.
അയോധ്യയില്‍ ക്ഷേത്രം ഉയരുന്നതോടെ വി.എച്ച്.പിയുടെ അടുത്ത ലക്ഷ്യം എന്താണ്? വി.എച്ച്.പിക്ക് നിലനില്‍ക്കണമെങ്കില്‍ അതിവൈകാരികതയുടെ മുകളില്‍ കെട്ടിപ്പടുക്കപ്പെട്ട സ്വപ്‌നങ്ങള്‍ ഇനിയും ആവശ്യമാണ്. അവയില്ലെങ്കില്‍ വി.എച്ച്.പിക്ക് ഇന്ത്യയുടെ സാമൂഹിക ഭൂമികയില്‍ വലിയ പ്രസക്തിയില്ല. അതുകൊണ്ടുതന്നെ അടുത്ത ലക്ഷ്യമെന്താണ് എന്നതും അതിനുവേണ്ടിയുള്ള സാമൂഹിക ഊര്‍ജ്ജം സമാഹരിക്കുന്നത് എങ്ങനെയാണ് എന്നതും വലിയ ചോദ്യമാണ്.

അയോധ്യയില്‍ ഉയരാന്‍ പോകുന്ന രാമക്ഷേത്രവുമായി ബന്ധപ്പെട്ടു ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും അവര്‍ വ്യാപൃതരായിരിക്കും. അസ്തിത്വം അടയാളപ്പെടുത്താന്‍ അത് മാത്രം മതിയാകുമോ? കാശിയെയും മഥുരയെയും ‘മോചിപ്പിക്കുക’ എന്ന പുതിയ അജണ്ടയുമായി വി.എച്ച്.പി സമീപഭാവിയില്‍ പ്രത്യക്ഷപ്പെടുമോ? 2019 നവംബര്‍ മാസത്തില്‍ ഉണ്ടായ അയോധ്യ വിധിയില്‍ പുതിയ അവകാശവാദങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. 1991 ലെ ആരാധനാലയ സംരക്ഷണ നിയമമാണ് കോടതി ചൂണ്ടിക്കാണിച്ചത്. എന്നാല്‍ സംഘ്പരിവാര്‍ സംഘടനകള്‍ കാശിയും മഥുരയും ഉന്നയിച്ചു തുടങ്ങി. മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഒരു സംഘം മഥുര ഹൈക്കോടതിയെ സമീപിച്ചു കഴിഞ്ഞുവെങ്കിലും 1991 ലെ നിയമം ചൂണ്ടിക്കാണിച്ച് കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാല്‍ 1991 ലെ നിയമം റദ്ദ് ചെയ്യണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു കഴിഞ്ഞു. ബാബരി വിധികളില്‍ കണ്ടപോലെയാണ് കാര്യങ്ങളെങ്കില്‍ കാശിയും മഥുരയും മാത്രമല്ല അസ്തിത്വം നിലനിര്‍ത്താന്‍വേണ്ടി നിയമങ്ങളെയും കോടതികളെയും അട്ടിമറിച്ച് ലക്ഷ്യം നേടാന്‍ സംഘ് രാഷ്ട്രീയത്തിന് മടിയുണ്ടാവില്ല. വി.എച്ച്.പിയുടെ ഗവേഷണശാലയില്‍ എന്തെല്ലാം അജണ്ടകളാണ് വിരിഞ്ഞുവരുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും ഭാവി ഇന്ത്യയിലെ സംഘ് രാഷ്ട്രീയം.

 

Test User: