X
    Categories: columns

കാസര്‍കോട് ആരോഗ്യമേഖലയുടെ അതിജീവന വിചാരങ്ങള്‍

അഡ്വ. എം.ടി.പി.എ കരീം

കോവിഡ് സൃഷ്ടിച്ച സന്നിഗ്ധാവസ്ഥയിലും ചികിത്സതേടി അലയാനുള്ള ദുര്‍വിധിയാണ് കാസര്‍കോട് ജില്ലക്കാര്‍ക്ക്. എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്യിച്ച് തീരാദുരിതത്തിലേക്ക് തള്ളിവിട്ട നാടിന് കാലങ്ങള്‍ ഏറെ കഴിഞ്ഞും ചികിത്സാപ്രശ്‌നങ്ങള്‍ക്ക് അറുതിയായില്ല. ബദിയെടുക്ക ഉക്കിനടുക്കയിലെ ഭാഗികമായി തുറന്ന മെഡിക്കല്‍ കോളജും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയും ജില്ലാ ആസ്ഥാനത്തെ ജനറല്‍ ആശുപത്രിയും എണ്ണം പറയാനുണ്ടെങ്കിലും ജില്ലയുടെ സങ്കീര്‍ണമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇതൊന്നും തെല്ലും പരിഹാരമായിട്ടില്ല.

കോവിഡ് ചികിത്സാരംഗത്തെ ജില്ലയുടെ ദൈന്യ മുഖം ബോധ്യപ്പെട്ട് ചട്ടഞ്ചാലില്‍ ടാറ്റ ഗ്രൂപ്പ് കോടികള്‍ ചിലവഴിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ കെട്ടിട സമുച്ചയം പണിത് നല്‍കിയും രോഗികള്‍ക്കാവശ്യമായ കട്ടിലുകള്‍ അടക്കം സജ്ജീകരിക്കുകയും ചെയ്‌തെങ്കിലും ആവശ്യമായ ജീവനക്കാരെ സര്‍ക്കാര്‍ നിയമിക്കാത്തതിനാല്‍ ആശുപത്രി വാതിലുകള്‍ അടഞ്ഞ് തന്നെ കിടക്കുകയാണ്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ താല്‍ക്കാലിക, ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ കോവിഡ് ആശുപത്രിയില്‍ നിയമിക്കുമെന്ന സര്‍ക്കാര്‍ പത്രക്കുറിപ്പ് വന്ന് ആഴ്ച രണ്ടായെങ്കിലും ഇക്കാര്യത്തില്‍ നടപടികളൊന്നും ഉണ്ടായില്ല.

കാണുന്നതൊക്കെ നേട്ടങ്ങളുടെ പട്ടികയിലാക്കാന്‍ നെട്ടോട്ടമോടുന്ന മുഖ്യമന്ത്രി, വീഡിയോ കോണ്‍ഫ്രന്‍സ്‌വഴി ഉദ്ഘാടനം നടത്തി ആഴ്ചകള്‍ പലതും കഴിഞ്ഞിട്ടും തുടര്‍ നടപടി സ്വീകരിക്കാതെ ടാറ്റാ ആശുപത്രി കെട്ടിടം അനാഥമായി കിടക്കുകയാണ്. സര്‍ക്കാറിന്റെ അവധാനതയില്ലാത്ത ഇത്തരം നയസമീപനം മൂലം ശരിയായ ചികിത്സ കിട്ടാതെ പലരും മരണത്തിന് കീഴടങ്ങേണ്ട സാഹചര്യമാണ്. ജില്ലയിലെ സാധാരണക്കാര്‍ അടക്കം ആശ്രയിച്ചിരുന്ന മംഗളൂരുവിലെ ചികിത്സ, മഹാമാരിയുടെ പ്രാരംഭ ഘട്ടത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിയിലെ വഴിയടച്ച് തടസ്സപ്പെടുത്തിയതുമൂലം ഒരു ഡസനിലധികംപേര്‍ ചികിത്സ കിട്ടാതെ മൃത്യു വരിച്ചിരുന്നു. റോഡ് വഴി തുറന്നതോടെ ഇന്നിപ്പോള്‍ കോവിഡ് ചികിത്സയുടെ മറവില്‍ മംഗളൂരുവിലെ ആശുപത്രി ലോബിക്ക് ലക്ഷങ്ങളുടെ ചാകരയാണ്. മെഡിക്കല്‍ സിറ്റിയെന്ന ഖ്യാതിയുള്ള മംഗളൂരുവിലെ ആശുപത്രികളില്‍ വിദഗ്ധ ചികിത്സ തേടി ജില്ലയില്‍ നിന്നുമെത്തുന്നവരെ കൊണ്ട് നിറയുകയാണ്.സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത തോന്നുംപടിയുള്ള ആശുപത്രി ബില്ലുകള്‍ കണ്ട് രോഗികളുടെ കണ്ണ് തള്ളിപ്പോകുന്ന അവസ്ഥയാണ്.

ഗുരുതര കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം ജില്ലയില്‍ നിലവിലില്ല. കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജാണ് ഇപ്പോള്‍ ആശ്രയം. ടാറ്റാ ആശുപത്രിയില്‍ ഈ സൗകര്യം ഒരുക്കാനുള്ള ആലോചന കടലാസില്‍ മാത്രമായി. അത്യാസന്ന ഘട്ടങ്ങളിലടക്കം ജനങ്ങള്‍ക്ക് ആശ്രയമാകേണ്ട കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റിയിരിക്കുകയാണിപ്പോള്‍. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണവും മരണവും പ്രതിദിനം കൂടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് അധികൃത വിശദീകരണം. ഇതിനെതുടര്‍ന്ന് ഇവിടെനിന്നും കിട്ടുന്ന സ്‌പെഷ്യാലിറ്റി അടക്കമുള്ളവ സൗകര്യങ്ങള്‍ സമീപ ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും ഇവിടങ്ങളിലെ സൗകര്യ കുറവും മറ്റും കാരണം പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായി തീര്‍ന്നിരിക്കുകയാണ്. ഇതോടെ കോവിഡ് ഇതര രോഗികളുടെ ചികിത്സ അവതാളത്തിലായി. നേരത്തെ രണ്ടായിരത്തോളം രോഗികളാണ് ദിവസവും ഇവിടെ ഒ. പി ചികിത്സ തേടിയിരുന്നത്. അടുത്തിടെ ഭാഗികമായി ആരംഭിച്ച ഉക്കിനടുക്ക മെഡിക്കല്‍ കോളജില്‍ 270 തസ്തിക അനുവദിച്ചെന്ന് സര്‍ക്കാര്‍ പറയുമ്പോഴും നിയമിച്ചത് ഇതില്‍ പകുതിയോളം മാത്രം. മെഡിക്കല്‍ കോളജ് എന്നത് ഫലത്തില്‍ പേരില്‍ മാത്രമായി.

വിവിധ സ്‌പെഷലൈസ്ഡ് അടക്കമുള്ള ഡോക്ടര്‍മാരുടെ കുറവും ജില്ല നേരിടുന്ന ഗുരുതര സ്ഥിതി വിശേഷമാണ്. അനുവദിച്ച ഡോക്ടര്‍മാരെ ജോലി ക്രമീകരണത്തിന്റെ പേരില്‍ സ്ഥലം മാറ്റുകയുമാണ്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ഉള്‍പ്പെടെ ജില്ലയില്‍ 200 ലധികം ഡോക്ടര്‍മാരുടെ കുറവുണ്ടെന്നാണ് കണക്ക്. ജില്ലാ ആശുപത്രിയിലെ ഒ.പി ബ്ലോക്ക് കെട്ടിടം പണി പൂര്‍ത്തിയായി മാസങ്ങളായെങ്കിലും വയറിങ് അടക്കമുള്ള പണികള്‍ നടത്തി ഉദ്ഘാടനം കാത്ത്കഴിയുകയാണ്. ഒ.പി ബ്ലോക്ക് തുറക്കാനായാല്‍ ഇവിടം ചുരുങ്ങിയത് 400 ലധികം കോവിഡ് രോഗികളെ കിടത്തി ചികിത്സക്ക് സൗകര്യമൊരുങ്ങും. ഇതുവഴി ജില്ലാ ആശുപത്രിയിലെ മറ്റ് കെട്ടിടങ്ങളില്‍ പഴയ ചികിത്സാ സംവിധാനങ്ങള്‍ പുന:സ്ഥാപിക്കാനും കഴിയും.

ജില്ലാ ആസ്ഥാനത്തെ ജനറല്‍ ആശുപത്രിയും പരാധീനതകളുടെ നടുവിലാണ്. ജില്ലയില്‍ ഇ.എസ്.ഐ ആശുപത്രിയില്ലാത്തതിനാല്‍ മാസം തോറും ഇ.എസ്.ഐ വിഹിതം അടയ്ക്കുന്ന വയോധികര്‍ ഉള്‍പ്പെടെയുള്ള 9000 ത്തിലധികം തൊഴിലാളികള്‍ക്കും പരിയാരം തന്നെയാണ് ശരണം. ജില്ലയുടെ ആരോഗ്യരംഗത്ത് സമൂല മാറ്റം നിര്‍ദ്ദേശിക്കപ്പെട്ട പഠന റിപ്പോര്‍ട്ടുകള്‍ പലതും വന്നെങ്കിലും ആധുനിക ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതകള്‍ മുഴച്ചുനില്‍ക്കുകയാണിവിടെ. ജില്ലയോട് സര്‍ക്കാറിന്റെ മെല്ലേപോക്ക് നയം തിരുത്താന്‍ യോജിച്ച മുന്നേറ്റം അനിവാര്യമാണ്.

 

Test User: