അഡ്വ. അഹമ്മദ് മാണിയൂര്‍
ആരംഭകാലം മുതല്‍തന്നെ ഓരോ തവണയും രാഷ്ട്രീയ അബദ്ധങ്ങള്‍ ആവര്‍ത്തിക്കുകയും അതു തിരിച്ചടിയാകുമ്പോള്‍ തിരുത്താന്‍ തീരുമാനിക്കുകയും എന്നാല്‍ ഒന്നും ഒരിക്കലും തിരുത്താതിരിക്കുകയും ചെയ്യുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണംതന്നെ അബദ്ധ പഞ്ചാംഗമായിരുന്നു 1920 ഒക്ടോബര്‍ 17 ന് സോവ്യറ്റ് യൂനിയനില്‍ താഷ്‌ക്കന്റിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പിറവി. ബ്രിട്ടീഷ് വിരോധത്തിന്റെ ആവേശത്തില്‍ ഇന്ത്യവിട്ട് പലായനം ചെയ്ത അഞ്ചുപേരെ ചേര്‍ത്തുപിടിച്ചാണ് താഷ്‌ക്കന്റില്‍ പാര്‍ട്ടി രൂപീകരിച്ചത്.
ഒന്നാം ലോക യുദ്ധത്തില്‍ സഖ്യകക്ഷികളുടെ സഹായത്തോടെ ബ്രിട്ടീഷ് സേന തുര്‍ക്കി കീഴടക്കുകയും ലോക മുസ്‌ലിം ഖലീഫാ പദവി കയ്യാളിയിരുന്ന ഒട്ടോമാന്‍ ഭരണം അവസാനിക്കുകയും ചെയ്തു. ഇസ്‌ലാമിക ഖിലാഫത്തിനെതിരായ ബ്രിട്ടീഷ് നീക്കം ലോക മുസ്‌ലിംകള്‍ക്കിടയില്‍ ബ്രിട്ടീഷ് വിരോധം ശക്തിപ്പെടുത്തി. കടുത്ത സ്വാതന്ത്ര്യവാദികളും മതനിഷ്ഠരുമായിരുന്ന അഞ്ച് ബംഗാളി മുസ്‌ലിം ചെറുപ്പക്കാര്‍ ബ്രിട്ടീഷ് അധീനതയിലുള്ള ഇന്ത്യയില്‍ ജീവിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിനായി തുര്‍ക്കി ലക്ഷ്യമാക്കി പലായനം ചെയ്തു. വഴിമധ്യേ അവര്‍ അഫ്ഘാനിസ്ഥാന്‍ സോവ്യറ്റ് അതിര്‍ത്തിയില്‍ സോവ്യറ്റ് സേനയുടെ പിടിയിലായി. അതിര്‍ത്തി കടന്നെത്തുന്നവരെ പാര്‍പ്പിക്കാനായി സ്ഥാപിച്ചിരുന്ന മോസ്‌കോയിലെ കമ്യൂണിസ്റ്റ് യൂനിവേഴ്‌സിറ്റി ഓഫ് ടോയ്‌ലേര്‍സ് ഓഫ് ഈസ്റ്റിലാണ് അവരെ പാര്‍പ്പിച്ചത്.
ആ സമയത്താണ് മോസ്‌കോയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ടാം കോണ്‍ഗ്രസ് നടന്നത്. ഈ കോണ്‍ഗ്രസില്‍ വെച്ച് വിവിധ രാജ്യങ്ങളില്‍ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയിലും മെക്‌സിക്കോ അടക്കമുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയത് ബംഗാളില്‍ നിന്നുള്ള കമ്യൂണിസ്റ്റ് ബുദ്ധിജീവിയും എഴുത്തുകാരനുമായ എം.എന്‍ റോയ് (മാനബേന്ദ്രനാഥ് റോയ് 1887-1954) യെയാണ്. അദ്ദേഹം കമ്യൂണിസ്റ്റ് പ്രചാരണവുമായി യൂറോപ്പിലുടനീളം സഞ്ചരിച്ച് അമേരിക്കക്കാരിയായ എവ്‌ലിന്‍ ലിയനാറെ ട്രെന്റ് (ഇവര്‍ പിന്നീട് ഇന്ത്യയില്‍ ശാന്തിദേവി എന്ന പേര് സ്വീകരിച്ചു) എന്ന യുവതിയെയും കൂട്ടി സോവ്യറ്റ് യൂനിയനില്‍ എത്തിയതായിരുന്നു. അവിടെവെച്ചാണ് എം.എന്‍ റോയ് കമ്യൂണിസ്റ്റ് സ്‌കൂളിലെ ഇന്ത്യന്‍ ചെറുപ്പക്കാരെക്കുറിച്ച് അറിഞ്ഞത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപീകരിക്കാന്‍ എം.എന്‍ റോയ് താഷ്‌ക്കന്റില്‍ അവരുടെ യോഗം വിളിച്ചുകൂട്ടി. റോയിയും കൂട്ടുകാരി എവലിന്‍ ട്രെന്റും പലായനം ചെയ്‌തെത്തിയ അഞ്ചു പേരുമായിരുന്നു യോഗത്തിലുണ്ടായിരുന്നത്. മുഹമ്മദ് ഷഫീഖ് സിദ്ധിഖ് എന്നയാള്‍ സെക്രട്ടറിയായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപീകരിച്ചു. ഇന്ത്യന്‍ മണ്ണില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ അതുകൊണ്ട് സാധിച്ചില്ല. എം.എന്‍ റോയ് ഒഴിച്ച് മറ്റാരും മനസ്സില്‍ കമ്യൂണിസ്റ്റ് ആശയം ഉള്‍ക്കൊണ്ടവരായും ഉണ്ടായിരുന്നില്ല.
കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഇന്ത്യാഘടകം ഇന്ത്യന്‍ മണ്ണില്‍ രൂപീകൃതമായതു 1925 ഡിസംബര്‍ 26ന് കാണ്‍പൂരില്‍ വെച്ചാണ്. മംഗലാപുരത്ത് നിന്നുള്ള എസ്.വി ഘാട്ടെ ആദ്യ ജനറല്‍ സിക്രട്ടറിയായി. യോഗത്തില്‍ പങ്കെടുത്ത പലരും അധികനാള്‍ പാര്‍ട്ടിയിലുണ്ടായില്ല. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങളോടുള്ള പ്രതിബദ്ധതകൊണ്ട് കമ്യൂണിസ്റ്റ് ആയവരായിരുന്നില്ല അവരാരും. കമ്യൂണിസം ഉയര്‍ത്തികാട്ടിയ സാമ്രാജ്യത്ത വിരുദ്ധതയും ജനകീയ ആധിപത്യവും ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന് ശക്തി പകരുമെന്നായിരുന്നു അവരുടെ വിശ്വാസം. അതിന് വിരുദ്ധമായ പാര്‍ട്ടി നീക്കങ്ങളും ബ്രിട്ടീഷ് ഏകാധിപത്യം അവസാനിപ്പിച്ച് സോഷ്യലിസത്തിന്റെ മറവില്‍ റഷ്യയിലെ പോലെ കമ്യൂണിസ്റ്റ് ഏകാധിപത്യം സ്ഥാപിക്കാനുള്ള വികലമായ നയങ്ങളും സ്ഥാപക നേതാക്കളില്‍ ഭൂരിഭാഗത്തെയും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരാക്കി. പലരും സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ഉണ്ടാക്കി കോണ്‍ഗ്രസിനൊപ്പം നിന്നു. മറ്റു ചിലര്‍ കമ്യൂണിസ്റ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ ഉണ്ടാക്കി വേറിട്ടുനിന്നു.
സ്വാതന്ത്ര്യലബ്ധിയോടെയാണ് പാര്‍ട്ടി അബദ്ധങ്ങളുടെ കൂമ്പാരങ്ങളിലേക്കു ചാടിയത്. 1947 ആഗസ്ത് 15 അവര്‍ ഉത്സാഹത്തോടെ ആഘോഷിച്ചു. പക്ഷേ 1948 ആയപ്പോഴേക്കും പാര്‍ട്ടി നയം മാറ്റി. 1948 ഫിബ്രവരി 28 ന് കല്‍ക്കത്തയില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് നെഹ്‌റു ഗവണ്‍മെന്റിനെതിരായി ഒളിയുദ്ധം പ്രഖ്യാപിച്ചു. സ്വതന്ത്രസ്വയം ഭരണവും നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റും ബ്രിട്ടീഷ് സാമ്രാജ്യത്തത്തിന്റെ മറ്റൊരു പതിപ്പാണെന്നായിരുന്നു പാര്‍ട്ടി രേഖയുടെ കാതല്‍. കല്‍ക്കത്ത തീസിസ് എന്ന് വിളിക്കപ്പെടുന്ന പുതിയ സായുധ വിപ്ലവ നയത്തിന്റെ ഫലമായി രാജ്യത്ത് പലയിടങ്ങളിലും കമ്യൂണിസ്റ്റുകാര്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടു. 1948 ആഗസ്ത് 15 ഒന്നാം സ്വാതന്ത്ര്യദിനം കരിദിനമായി പാര്‍ട്ടി ആചരിച്ചു. 1951 ആയപ്പോഴേക്കും കല്‍ക്കത്താ തീസിസും സായുധ വിപ്ലവവും തെറ്റായിപ്പോയെന്ന് ബോധ്യം വന്നു.
1996 ല്‍ നടന്ന പതിനൊന്നാം ലോക്‌സഭ തെരഞ്ഞെടുപ്പിലാണ് രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത്. സി.പി.ഐ-എം 52 സി.പി.ഐ 32, ബി.ജെ.പി 161 സീറ്റു നേടി വലിയ ഒറ്റ കക്ഷിയായി. ബി.ജെ.പി മന്ത്രിസഭ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു. അടല്‍ബിഹാരി വാജ്‌പെയ് പ്രധാനമന്ത്രിയായി. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ 13-ാം ദിവസം രാജിവെക്കേണ്ടിവന്നു. കോണ്‍ഗ്രസിതര കക്ഷികള്‍ ദേശീയ സഖ്യമുണ്ടാക്കി ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ശ്രമം തുടങ്ങി. സി.പി.ഐ-എം അതിന് നേതൃത്വം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന സി.പി.എം നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതിബസുവിനെ മറ്റു കക്ഷികള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു.
പക്ഷെ സി.പി.എം കേന്ദ്രനേതൃത്വം അനുമതി നല്‍കിയില്ല. രാഷ്ട്രീയമണ്ടത്തരത്തിന്റെ പരസ്യമായ ഒരാവര്‍ത്തനം. അന്ന് ജ്യോതിബസുവോ അല്ലെങ്കില്‍ മറ്റേതെങ്കിലും സി.പി.എം നേതാവോ പ്രധാനമന്ത്രിയായി വന്നിരുന്നുവെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റൊന്നാകുമായിരുന്നു. പാര്‍ട്ടിയുടെ ഈ നിരാകരണത്തെ ഹിമാലയന്‍ മണ്ടത്തരം എന്നാണ് ജ്യോതിബസു തന്നെ വിശേഷിപ്പിച്ചത്. 2004 ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിന്തുണയോടെ 335 സീറ്റുകളുമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ യു.പി.എ അധികാരത്തില്‍ വന്നു. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായ ഗവണ്‍മെന്റില്‍ ചേരാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ ക്ഷണിച്ചെങ്കിലും അവര്‍ വീണ്ടും നിരാകരിച്ചു. എങ്കിലും സ്പീക്കര്‍ പദവി ഏറ്റെടുക്കാന്‍ തയ്യാറായി. ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന അംഗം സോമാനാഥ ചാറ്റര്‍ജി പാര്‍ലമെന്റ് സ്പീക്കറായി. പക്ഷേ നാലാം വര്‍ഷം സി.പി.എം മന്‍മോഹന്‍സിങ് ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചു. സോമനാഥ് ചാറ്റര്‍ജിയോട് രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. എന്നാല്‍ പാര്‍ട്ടി കൈക്കൊള്ളുന്ന അബദ്ധനയങ്ങളുടെ നീണ്ട വിവരണവുമായി നിരാകരണകത്തു നല്‍കുകയാണ് അദ്ദേഹം ചെയ്തത്. 2009 ല്‍ കമ്യൂണിസ്റ്റ് പിന്തുണ ഇല്ലാതെ തന്നെ യു.പി.എ വീണ്ടും അധികാരത്തില്‍ വന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കൂപ്പുകുത്തി തുടങ്ങുകയും ചെയ്തു.