കെ. മൊയ്തീന്‍കോയ
മുന്‍ സോവ്യറ്റ് പ്രവിശ്യകളെ വരുതിയില്‍നിര്‍ത്താനുള്ള റഷ്യന്‍ നീക്കം മേഖലയെ രാഷ്ട്രീയ പ്രതിസന്ധിയിലേക്കും സംഘര്‍ഷത്തിലേക്കും നയിക്കുകയാണ്. ബലാറസ് തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ കൃത്രിമം നടന്നുവെന്ന ആരോപണവും അതിനെതിരെ ഉയരുന്ന ജനകീയ ചെറുത്ത്‌നില്‍പ്പും സമാനരീതിയില്‍ ഇപ്പോള്‍ കിര്‍ഗിസ്താനിലേക്കും വ്യാപിക്കുന്നു. ബലാറസിലെ രാഷ്ട്രീയ തെരുവ് പോരാട്ടത്തിന്റെ തനിയാവര്‍ത്തനം കിര്‍ഗിസ്താനിലും അരങ്ങേറുകയാണ്. ഇതിനുപുറമെ, മുന്‍ പ്രവിശ്യകളായ അര്‍മീനിയയും അസര്‍ബൈജാനും രണ്ടാഴ്ചയായി തുടരുന്ന യുദ്ധത്തിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവില്‍വന്നത് ആശ്വാസകരം തന്നെ. മറ്റൊരു പ്രവിശ്യയായ ഉക്രൈനില്‍ സൈനികമായി ഇടപെട്ട് പ്രധാന സംസ്ഥാനമായ ക്രിമിയ കീഴടക്കി കൂട്ടിച്ചേര്‍ത്തത് മേഖലയില്‍ പ്രകടമാവുന്ന റഷ്യന്‍ മേധാവിത്വമാണ്. 1991ല്‍ സോവ്യറ്റ് യൂണിയന്‍ ശിഥിലമായതോടെ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ വ്‌ളാഡ്മിര്‍ പുട്ടിന്റെ നേതൃത്വത്തില്‍ റഷ്യ തന്ത്രങ്ങള്‍ പയറ്റുകയാണ്. റഷ്യന്‍ ആധിപത്യത്തിനെതിരായി ഉയര്‍ന്നുവരുന്ന രാഷ്ട്രീയശക്തികളെ തെരഞ്ഞെടുപ്പ് ക്രമക്കേടിലൂടെ തകര്‍ത്ത് റഷ്യന്‍ അനുകൂല ഭരണകൂടങ്ങളെ വാഴിക്കുകയും നിലനിര്‍ത്തുകയുമാണ്. റഷ്യയുടെ ബാഹ്യ ഇടപെടലാണ് ബലാറസിലും കിര്‍ഗിസ്താനിലും പ്രതിസന്ധി സൃഷ്ടിച്ചത്.
കിര്‍ഗിസ്താന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ റഷ്യന്‍ അനുകൂലിയായ പ്രസിഡന്റ് സുറോന്‍ യ്ജിന്‍ബകോവിന്റെ പക്ഷത്തുള്ള മൂന്ന് പാര്‍ട്ടികള്‍ 120 സീറ്റുകളില്‍ 107 ഉം നേടി. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരൊറ്റ സീറ്റും ലഭിച്ചുമില്ല. ഇതെന്ത് മറിമായം.! വന്‍ ക്രമക്കേടിനും അട്ടിമറിക്കുമെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രസിഡന്റിന്റെ ഓഫീസും സര്‍ക്കാര്‍ മന്ദിരങ്ങളും കയ്യടക്കി. ഫയലുകള്‍ നശിപ്പിച്ചു, പ്രധാനമന്ത്രി കുബത് ബെക് ബോറോനോവ് രാജിവെച്ചു. 11 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ പ്രസിഡന്റ് അല്‍മാസ് സഡ്യര്‍ ജാപ റോവിനെ മോചിപ്പിച്ച് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ എടുപ്പിച്ചു. ഗത്യന്തരമില്ലാതെ, കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി. തെരഞ്ഞെടുപ്പ് അട്ടിമറിച്ചവരെ ജയിലില്‍ അടക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കിര്‍ഗി ജനത രോഷാകുലരായി രംഗത്ത്‌വന്ന 2005ലും 2010ലും തെരഞ്ഞെടുപ്പ് റദ്ദാക്കേണ്ടിവന്നതാണ്.
രക്തരഹിത വിപ്ലവത്തെ നേരിടാന്‍ ഒളിവില്‍ കഴിഞ്ഞ പ്രസിഡന്റ് സൂറോന്‍ബി നേരിടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലിക്കുന്നില്ല. തലസ്ഥാന നഗരിയില്‍ 31 വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പാര്‍ട്ടികളേയും ഒന്നിച്ചിരുത്താനും സ്ഥാനം രാജിവെക്കാനും സമ്മതിച്ചിട്ടുണ്ട്. റഷ്യന്‍ അനുകൂലികളും മുന്‍ കമ്യൂണിസ്റ്റുകളും അധികാരം വിട്ടൊഴിയാന്‍ തയാറാകാതെ ജനഹിതം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതാണ് കിര്‍ഗിസ്താനിലെ പോലെ ബലാറസിലും നടക്കുന്നത്. ആഗസ്ത് 9ന് നടന്ന തെരഞ്ഞെടുപ്പില്‍ അലക്‌സാണ്ടര്‍ ലൂ ഖാഷ്ന്‍ കോ 80 ശതമനം വോട്ട് നേടി വിജയിച്ചുവെന്ന പ്രഖ്യാപനത്തെതുടര്‍ന്ന് യുവ വനിതാനേതാവും എതിര്‍സ്ഥാനാര്‍ത്ഥിയുമായ സ്‌വിനല്‍നടിസിഖാനോകിയ അയല്‍ രാജ്യമായ ലിത്വാനിയയിലേക്ക് രക്ഷപ്പെട്ടു. അഞ്ച് വര്‍ഷം മുമ്പ് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അലക്‌സാണ്ടറിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന സ്‌വിനല്‍നയുടെ ഭര്‍ത്താവ് ജയിലില്‍ കഴിയുന്നു. ഈ അനുഭവമാണ് ലിത്വാനിയയില്‍ അഭയംതേടാന്‍ കാരണം. തികച്ചും ഏകാധിപത്യവാഴ്ച 26 വര്‍ഷമായി. സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കാറില്ല.