X
    Categories: columns

കരുത്തും കാവലുമാണ് മനസ്സ്

ഡോ. അനീസ് അലി

മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട കരുത്തും കാവലും മനസ്സാണ്. ജീവിതത്തിലെ ഏത് പ്രതിസന്ധികളേയും പതറാത്ത മനസ്സുണ്ടെങ്കില്‍ അതിജയിക്കാനാവുമെന്നതില്‍ തര്‍ക്കമില്ല. ശരീരം ആമൂലാഗ്രം തളര്‍ന്നിട്ടും മനസ്സുകൊണ്ട് ലോകം കീഴടക്കിയ അനേകം മനുഷ്യര്‍ ഇപ്പോഴും പ്രചോദിപിച്ചുകൊണ്ടിരിക്കുന്നുണ്ട്. ശരീരം മുഴുവനും നിശ്ചലമായിട്ട് ചലനാന്മകമായ ഒരു വിരള്‍ തുമ്പ് കൊണ്ട് മാത്രം കണ്ടുപിടുത്തങ്ങളുടെ മഹാ പ്രപഞ്ചം കീഴടക്കി സ്റ്റീഫന്‍ ഹോക്കിങ്‌സ് എന്ന ശാസ്ത്രജ്ഞന്റെ വിജയ രഹസ്യം നിശ്ചലമാവാത്ത തലച്ചോറും പരാജയപ്പെടാത്ത മനസ്സുമായിരുന്നു. ഓക്ടോബര്‍ പത്ത് ലോക മാനസികാരോഗ്യ ദിനമാണ്.

കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ മനുഷ്യരെല്ലാം പല വിധത്തിലുള്ള പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായിവന്ന ദുരന്തങ്ങളെ നേരിടാനും വിജയത്തിന്റെ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും മാനസികമായി മനുഷ്യന്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കേണ്ട സമയത്താണ് ഈ ദിനം വന്നുചേര്‍ന്നിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്പ്രകാരം 450 മില്യന്‍ ആളുകള്‍ ലോകത്ത് പല തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ്. നാലില്‍ ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള മാനസികരോഗ ചികിത്സ ആവശ്യമുള്ളരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. എല്ലാ നാല്‍പത് സെക്കന്റിലും ഒരാളെങ്കിലും ആത്മഹത്യ ചെയ്യുന്നുവെന്ന പരാമര്‍ശം ഞെട്ടിപ്പിക്കുന്നതാണ്. ആവശ്യമായവര്‍ക്കെല്ലാം മാനസികരോഗ ചികിത്സ ലഭ്യമാക്കുക, മാനസിക ചികിത്സയുടെ ആവശ്യകതയും പ്രാധാന്യവും പൊതുജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ചികിത്സ ലഭിക്കാത ജീവിതം ഹോമിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കുക പ്രധാനമാണ്.

ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട ചികിത്സാ രീതിയാണ് മാനസികരോഗ ചികിത്സ. ഏറ്റവും പ്രയാസകരമായ ചികിത്സയുമാണിത്. ശാരീരിക ദ്രവങ്ങളുടെ സ്വാഭാവിക മെഡിക്കല്‍ ടെസ്റ്റ് കൊണ്ട് നിമിഷനേരംകൊണ്ട് കണ്ടെത്താനാവുന്നതുമല്ല. രോഗിയുടെ സ്വഭാവവും പ്രവൃത്തിയും അപഗ്രന്ഥനം ചെയ്തും കൂട്ടുകാരുടേയും ബന്ധുക്കളുടേയും അഭിപ്രായം വിശകലനം ചെയ്തുംവേണം രോഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കാനും ചികിത്സ നല്‍കാനും. താന്‍ ഒരു മാനസിക രോഗിയാണെന്ന കാര്യം രോഗി തിരിച്ചറിയുക തന്നെയാണ് ഏറെ പ്രധാനം. രോഗിയുടെ പ്രകൃതിയും സ്വഭാവവും സാമൂഹിക സാഹചര്യവും അറിഞ്ഞുവേണം മരുന്നു നിര്‍ണയിക്കാന്‍. മാനസികരോഗ ചികിത്സയോടുള്ള ജനങ്ങളുടെ സമീപനത്തില്‍ ക്രമേണയാണെങ്കിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

വിദഗ്ധ ഡോക്ടറുടെ ഫലപ്രദമായ ചികിത്സകൊണ്ട് ഭേദമാവുന്നതാണ് മാനസികരോഗം എന്ന തിറിച്ചറിവ് സമൂഹത്തിലുണ്ടായിട്ടുണ്ട്. ഈ മാറ്റത്തിനനുസരിച്ച് ചികിത്സ തേടുന്നവരും ഈ മേഖലയില്‍ ഉന്നത പഠനം നടത്തുന്നവരും വര്‍ധിച്ചിട്ടുണ്ട്. ലോകത്ത്തന്നെ വളരെ വേഗത്തില്‍ വികസിക്കുന്നതും കൂടുതല്‍ രോഗികളുണ്ടാവുന്നതുമായ മേഖലയാണ് സൈക്യാട്രി. പാര്‍ശ്വഫലങ്ങള്‍ കുറവുള്ള ഫലപ്രദമായ നിരവധി മരുന്നുകളും ലഭ്യമാണ്. എന്നാല്‍ കിഡ്‌നി തകരാറിലാവും തടികൂടും, മരുന്നു കഴിച്ചു തുടങ്ങിയാല്‍ ജീവിതകാലം മുഴുവനും മരുന്നു തുടരണം തുടങ്ങി പല തെറ്റിദ്ധാരണകളും മാനസികരോഗ മരുന്നിനെ കുറിച്ചു സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതു തീര്‍ത്തും തെറ്റായ ധാരണകളാണ്.

മരുന്നു കഴിച്ചു ഗുണം ലഭിച്ചാല്‍പിന്നെ ഡോക്ടറെ കാണാതെ മരുന്നു തന്നെ ദീര്‍ഘകാലം തുടര്‍ന്നാല്‍ ചിലപ്പോള്‍ അപകടം ഉണ്ടായേക്കും. ചില മരുന്നുകള്‍ ചികിത്സയുടെ ആദ്യഘട്ടത്തില്‍ മാത്രം നല്‍കേണ്ടതായിരിക്കും. രോഗത്തിന്റെ മാറ്റത്തിനനുസരിച്ചു മരുന്നുകള്‍ മാറ്റി നല്‍കേണ്ടതുമുണ്ടാവും. എന്നാല്‍ ഡോക്ടര്‍ ആദ്യം നല്‍കിയ മരുന്നിനു അഡിക്റ്റായാല്‍ പിന്നീട് ഡോക്ടറുടെ നിര്‍ദേശമില്ലാതെ പഴയ മരുന്നുകള്‍ തന്നെ ഉപയോഗിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇതു വലിയ അപകടം ചെയ്യും. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഒരിക്കലും മാനസിക രോഗത്തിനുള്ള മരുന്നുകള്‍ ഉപയോഗിക്കരുത്. ഡോക്ടറുടെ അറിവും ചികിത്സാനുഭവങ്ങളും ഉപയോഗിച്ചാണ് മാനസിക രോഗത്തെ കണ്ടെത്താനാവുക. എന്നാല്‍ ഒരാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടോ എന്ന് കൂടെയുള്ള സാധാരണക്കാര്‍ക്ക് അറിയാനുള്ള അഞ്ച് മാര്‍ഗങ്ങളുണ്ട്. ഒന്ന് സുദീര്‍ഘമായ സന്തോഷമില്ലായ്മയും ദേഷ്യവും. രണ്ട് മാനസിക അവസ്ഥ (ങഛഛഉ) യിലെ ഏറ്റക്കുറച്ചില്‍. മൂന്ന് തുടരെയുള്ള ഭയവും ബേജാറും വെപ്രാളവും. നാല് സാമൂഹിക മണ്ഡലങ്ങളില്‍ നിന്നുള്ള ഉള്‍വലിയല്‍. അഞ്ച് ഉറക്കത്തിലും ഭക്ഷണ രീതിയിലും വരുന്ന നാടകീയ മാറ്റങ്ങള്‍, ഭക്ഷണത്തിലേയും ഉറക്കത്തിലേയും വര്‍ധനവും കുറവും അഞ്ചാമത്തെ അടയാളത്തില്‍പെട്ടതാണ്. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ മാനസികരോഗ ചികിത്സ ആവശ്യമുള്ളരുടെ ഗണത്തില്‍ ഉള്‍പെടുത്താം.

 

Test User: