X
    Categories: columns

വിസ്മരിക്കപ്പെടുന്ന വികസനം

ഫിര്‍ദൗസ് കായല്‍പ്പുറം

വിവാദങ്ങളുടെ വേലിയേറ്റത്തില്‍ വികസനം ചര്‍ച്ചയേ അല്ലാതായിമാറിയ രാഷ്ട്രീയ സാഹചര്യത്തിലാണ് കേരളം. എല്ലാക്കാലത്തും വിവാദങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അപ്പോഴെല്ലാം വികസനത്തെക്കുറിച്ച് കാര്യമായ ചര്‍ച്ചകളും വിശകലനങ്ങളും നടക്കാറുണ്ട്. എന്തുകൊണ്ടോ കേരളത്തില്‍ ഇപ്പോള്‍ വികസനം ചര്‍ച്ചാവിഷയമേ അല്ലാതായിമാറിയിരിക്കുന്നു. അതിന് രാഷ്ട്രീയമായ കാരണങ്ങള്‍ ഏറെയുണ്ടാകാം. അതുപോലെ പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടുകളും മാറിയേക്കാം. നാടിന് സമഗ്രമായ വികസനം വേണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരുമില്ല. പക്ഷേ വികസന പ്രതീക്ഷകളെയൊക്കെ കവച്ചുവെക്കുന്ന തരത്തില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാനും ആകില്ല. ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കുമുന്നില്‍ വെക്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ട്. എന്നും പുതുമ തേടുന്ന സമൂഹത്തിനുമുന്നില്‍, ചെയ്തുപോയ അപരാധങ്ങള്‍ക്ക് മറപിടിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോഴത്തെ ഭരണനേതൃത്വം.

പിണറായി സര്‍ക്കാര്‍ ഭരണത്തിന്റെ അവസാന മാസങ്ങളിലാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷ സര്‍ക്കാരിന്റെ വളരെ ദയനീയമായ പരാജയമാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഏതൊരു സര്‍ക്കാരിനും ഭരണത്തിന്റെ അവസാന മാസങ്ങളില്‍ അഞ്ചു വര്‍ഷത്തെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ഉണ്ടാകും. വിവാദങ്ങള്‍ക്ക് വികസന നേട്ടങ്ങള്‍കൊണ്ട് മറുപടി നല്‍കിയാണ് മുന്‍കാലങ്ങളിലെ സര്‍ക്കാറുകള്‍ ജനങ്ങളെ സമീപിച്ചത്. വിവാദങ്ങളുടെ പെരുമഴ സൃഷ്ടിച്ചാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാന്‍ ഇടതുപക്ഷം അനുവദിച്ചത ്. പക്ഷേ, അന്ന് എണ്ണിയാലൊടുങ്ങാത്ത വികസന പദ്ധതികള്‍ ജനങ്ങള്‍ക്ക്മുന്നില്‍ അവതരിപ്പിക്കാന്‍ ആ സര്‍ക്കാരിന് കഴിഞ്ഞിരുന്നു. ബാര്‍ കോഴയും സോളാര്‍ വിവാദവും പിന്നീട് ഒന്നുമല്ലാതായി പോയതും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷം ജനം വൈകിയെങ്കിലും തിരിച്ചറിഞ്ഞതും ഇന്ന് സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.

എന്നാല്‍ പിണറായി സര്‍ക്കാരില്‍ വികസനം ഉണ്ടായില്ലെന്ന് മാത്രമല്ല പ്രളയത്തില്‍ അനാഥമാക്കപ്പെട്ടവരുടെ ദുരിത ജീവിതത്തില്‍ നിന്നാണ് അഴിമതിയുടെ അരങ്ങേറ്റമുണ്ടായത്. രണ്ടു പ്രളയങ്ങള്‍, നിപ്പ, ഓഖി, ഒടുവില്‍ കോവിഡ് മഹാമാരി. ഇതെല്ലാം നേരിടേണ്ടിവന്ന സര്‍ക്കാരിനോട് സ്വാഭാവികമായി ഉണ്ടാകാവുന്ന സഹതാപത്തിന് ആനുകൂല്യം പിണറായി സര്‍ക്കാരിന് ലഭിച്ചിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഭരണത്തിന്റെ ഇടനാഴികളില്‍ വമ്പന്‍ അഴിമതിയുടെ നാറുന്ന കഥകളാണ് പിന്നീട് പുറത്തുവന്നത്. സ്വര്‍ണക്കടത്തുകേസ്, ലൈഫ് മിഷന്‍ അഴിമതി, വിമാനത്താവള ടെണ്ടര്‍, സ്പ്രിംഗ്ലര്‍ അഴിമതി, പി.എസ്.സി തട്ടിപ്പ്, പിന്‍വാതില്‍ നിയമനങ്ങള്‍, പാലത്തായി- വാളയാര്‍ പീഡനം, ബ്ലൂവെറി, മണല്‍ കടത്ത്, മാര്‍ക്കുദാനം, ബന്ധു നിയമനം, ഓണക്കിറ്റ് അഴിമതി, പി.പി.ഇ കിറ്റ് അഴിമതി, ബെവ് ക്യു ആപ്പ്… അഴിമതികളുടെയും കെടുകാര്യസ്ഥതയുടെയും പട്ടിക നീളുന്നു.

ഇത്തരം വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുമ്പോള്‍ മറുപടി പറയാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി എല്ലാം ഒറ്റ ഉത്തരത്തില്‍ ഒതുക്കുന്നു ‘പ്രതിപക്ഷം മാന്യത കാണിക്കണം’.
തുടര്‍ച്ചയായി ഉണ്ടായ ദുരന്തങ്ങളും സാമ്പത്തിക പ്രതിസന്ധിയും സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ക്ക് തടയിട്ടു എന്നത് ഒരു പരിധിവരെ ശരിയായി വിലയിരുത്താം. എന്നാല്‍ വന്‍കിട പദ്ധതികളെ മാറ്റിനിര്‍ത്തി ചിന്തിച്ചാല്‍ പോലും ഈ സര്‍ക്കാര്‍ എന്ത് നേട്ടമാണ് സമ്മാനിച്ചത് എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്ന നിരവധി വാഗ്ദാനങ്ങളോടെയാണ് മികച്ച ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ പുതുതായി കേരള ജനതക്ക് ഒന്നും സമ്മാനിക്കാന്‍ ഈ സര്‍ക്കാരിനായില്ല. ദുരന്തങ്ങളുടെ പേരില്‍ പിടിച്ചുനിന്ന സര്‍ക്കാരിന് നോട്ടു നിരോധനവും ജി.എസ്.ടിയും ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ തുണയായിരുന്നു. വികസന മുരടിപ്പിന് കാരണമായി ഇവയൊക്കെ നിരത്തിവരുന്ന തെരഞ്ഞെടുപ്പുകള്‍ നേരിടാമെന്ന് ആശ്വാസത്തിലാണ് പിണറായി വിജയനും എ.കെ.ജി സെന്ററും. എന്നാല്‍ ഇതിനെല്ലാം അപ്പുറം സര്‍ക്കാരിന് പലതും ചെയ്യാമായിരുന്നു. ഒന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് യു.ഡി.എഫിന്റെ രാഷ്ട്രീയ പ്രസക്തി വര്‍ധിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷം വലിയ നേട്ടങ്ങളുടേതായിരുന്നു.

സാമ്പത്തിക വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുന്നിലെത്തിച്ചു. (2014-15 കേരളം 12.31 ശതമാനം വളര്‍ച്ച, ഇന്ത്യ 10.50 ശതമാനം), വിഴിഞ്ഞം തുറമുഖം (5552 കോടി), കണ്ണൂര്‍ വിമാനത്താവളം (1892കോടി), സ്മാര്‍ട്‌സിറ്റി (90,000 തൊഴിലവസരങ്ങള്‍), കൊച്ചി മെട്രോ (5181 കോടി), മദ്യഉപഭോഗം 26 ശതമാനം കുറഞ്ഞു, 730 ബാറുകള്‍ പൂട്ടി, വര്‍ഷം തോറും 10 ശതമാനം ബിവറേജസ് ഔട്‌ലെറ്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു, മദ്യം വാങ്ങാനുള്ള പ്രായപരിധി 18 ല്‍ നിന്ന് 21 ആക്കി, ഒരു രൂപക്ക് നല്‍കിയിരുന്ന അരി സൗജന്യമാക്കി, പാവപ്പെട്ടവരുടെ ചികില്‍സക്കായി കാരുണ്യ പദ്ധതി, മൂന്ന് ജനസമ്പര്‍ക്ക പരിപാടികളിലൂടെ 7.89 ലക്ഷം പരാതികളില്‍ തീര്‍പ്പ്, പി.എസ്.സി വഴി റെക്കോഡ് നിയമനം, കൂടുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, തിരുവനന്തപുരം ,കോഴിക്കോട് ലൈറ്റ് മെട്രോ, സൗജന്യ ക്യാന്‍സര്‍ ചികില്‍സ, പട്ടിക വര്‍ഗക്കാര്‍ക്ക് ഇഷ്ടമുള്ള ഭൂമി, തീരമേഖലയില്‍ 15,000 വീടുകള്‍, റവന്യൂ അദാലത്തില്‍ 3.86 ലക്ഷം പരാതികള്‍ക്ക് പരിഹാരം, രണ്ടു ലക്ഷത്തോളം പേര്‍ക്ക് പട്ടയം, 3000 കോടിയുടെ ജപ്പാന്‍ കുടിവെള്ള പദ്ധതി, മൂന്നു ലക്ഷം കുടിവെള്ള പൈപ്പ് കണക്ഷനുകള്‍, ന്യൂനപക്ഷ ക്ഷേമത്തിന് പ്രത്യേക വകുപ്പ്, ആദിവാസി പാക്കേജ് എന്നിങ്ങനെ സമസ്ത മേഖലകളിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വികസന കാര്യങ്ങളില്‍ നിറഞ്ഞുനിന്നു. തുടര്‍ന്നുവന്ന സര്‍ക്കാര്‍ വന്‍ പരാജയമായപ്പോള്‍ കേരളത്തിന്റെ ചരിത്രത്തില്‍തന്നെ വികസനം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന കാലമാണിത്. സര്‍ക്കാരിനെ വിവാദങ്ങള്‍ വിഴുങ്ങിയതിന് പിന്നാലെ ഇടതു നയങ്ങളില്‍ ഉണ്ടായ വ്യതിയാനവും വികസന മുരടിപ്പിന് കാരണമായിട്ടുണ്ട്. സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ഇടക്കിടെ തലപൊക്കുന്നതല്ലാതെ നയവ്യതിയാനങ്ങള്‍ തിരുത്താന്‍ അവര്‍ക്കും ആയിട്ടില്ല.

 

Test User: