കൊല്ലം: കടലില്‍പോയ അവസാന ആളേയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. യുദ്ധക്കപ്പല്‍വരെ തിരച്ചിലിന് ഉപയോഗിക്കുമെന്നും നഷ്ടപരിഹാരം ഉറപ്പാക്കാന്‍ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ വൈകാരിക പ്രകടനം ഒഴിവാക്കണമെന്നും വിഴിഞ്ഞത്തേയും പൂന്തുറയിലേയും ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മന്ത്രി പറയുകയായിരുന്നു.
സന്ദര്‍ശനത്തിനിടെ പൂന്തുറയില്‍ മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മക്കും കടകംപള്ളിക്കും എതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. മന്ത്രിമാര്‍ മടങ്ങിപ്പോകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. കേന്ദ്രമന്ത്രിക്കൊപ്പമായിരുന്നു സംസ്ഥാന മന്ത്രിമാര്‍ പൂന്തുറയിലെത്തിയത്. ഈ സമയത്ത് കേന്ദ്രമന്ത്രി ജനങ്ങളോട് െൈമക്കിലൂടെ സംസാരിക്കുകയായിരുന്നു. നിങ്ങളുടെ വേദന ഞങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും പ്രതിഷേധിക്കാന്‍ നില്‍ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമാവുന്ന നിലപാടാവണം ജനങ്ങള്‍ സ്വീകരിക്കേണ്ടതെന്നും നിര്‍മ്മലാസീതാരാമന്‍ പറഞ്ഞു. കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് ധൈര്യം നല്‍കാനും ആശ്വാസിപ്പിക്കാനുമാണ് ഈ സമയം എല്ലാവരും ശ്രമിക്കേണ്ടതെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തമിഴിലൂടെ സംസാരിച്ച മന്ത്രിയെ ആദ്യം കേള്‍ക്കാന്‍ തയ്യാറാവാതിരുന്ന നാട്ടുകാര്‍ മന്ത്രി സംസാരം ആവര്‍ത്തിച്ചതോടെ മാത്രമേ ശാന്തരായുള്ളൂ. നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും അവസാന ആളേയും കണ്ടെത്തുന്നതുവരേയും തിരച്ചില്‍ തുടരുമെന്നും മന്ത്രി ഉറപ്പുനല്‍കുകയായിരുന്നു.
ഇന്ന് രണ്ട് ബോട്ടുകളിലായി 20പേരെ ഇന്ന് നാവികസേന രക്ഷിച്ചു. 11പേരെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിക്കും. എല്ലാ തൊഴിലാളികളും സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു. അതേസമയം, ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുകയാണ്.