X
    Categories: MoreViews

ദ്വീപുകാര്‍ പറയുന്നു-ദൈവത്തിനു സ്തുതി; ഞങ്ങള്‍ ഇപ്പോള്‍ സുരക്ഷിതര്‍

ബഷീര്‍ കൊടിയത്തൂര്‍

കോഴിക്കോട്: ‘ദൈവത്തിന് സ്തുതി. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ്. എല്ലാം അവസാനിച്ചേക്കുമെന്ന് കരുതിയ രണ്ടു നാളുകള്‍. കൂറ്റന്‍ തിരമാലകളും കനത്ത കാറ്റും എല്ലാവരിലും ഭീതി വിതച്ചു. സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനുള്ള തിരക്കിലായിരുന്നു എല്ലാവരും. ആശങ്കകള്‍ മൂടിക്കെട്ടിയ അന്തരീക്ഷം ഇന്നലെയാണ് തെളിഞ്ഞത്. ജീവിതത്തില്‍ ഇങ്ങനെയൊരു ചുഴലിക്കാറ്റ് കണ്ടിട്ടില്ല.’ വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന്റെ ഭീകരതയില്‍ നിന്ന് മോചിതരായ ലക്ഷദ്വീപ് നിവാസികളുടെ പ്രതികരണമാണിത്. ഓഖി തീരം വിട്ടതോടെ സാധാരണ ജീവിതത്തിലേക്ക് പിച്ച വെക്കുകയാണ് ഇവര്‍. ദുരന്തമായെത്തിയ ഓഖി ചുഴലിക്കാറ്റ് ഒഴിഞ്ഞുപോയതിന്റെ ആശ്വാസത്തിലാണ് ദ്വീപ് നിവാസികള്‍. എങ്കിലും ഒരു ദിനം കൊണ്ട് തകര്‍ന്നുപോയ ജീവിതം തിരിച്ചുപിടിക്കാന്‍ ഇനി ഒരു പാട് നാളത്തെ അധ്വാനം വേണം. അതിനുള്ള തിരക്കിലാണ് ഇപ്പോള്‍ അവര്‍.
മിനിക്കോയ് ദ്വീപിലാണ് ഓഖി കൂടുതല്‍ ദുരിതം വിതച്ചത്. 120 കിലോ മീറ്റര്‍ വേഗതയിലായിരുന്നു ചുഴലിക്കാറ്റെത്തിയത്. കടലില്‍ കൂറ്റന്‍ തിരമാല ഭീതിയുണ്ടാക്കി. മരങ്ങള്‍ കടപുഴകി വീഴുകയും തിരയടിച്ചു കയറുകയും ചെയ്തതോടെ നാശനഷ്ടങ്ങള്‍ വര്‍ധിച്ചു. റോഡുവഴി ഗതാഗതം മുടങ്ങി. വൈദ്യുതി നിലച്ചത് ദുരിതമായി. ഓടിട്ട വീടുകള്‍ തകര്‍ന്നടിഞ്ഞു. നിര്‍ത്തിയിട്ട എട്ടു ബോട്ടുകള്‍ തകര്‍ന്നു. ചുഴലിക്കാറ്റുണ്ടാവുമെന്ന മുന്നറിയിപ്പു കാരണം മീന്‍ പിടിക്കാന്‍ പോവാത്തതിനാല്‍ ജീവഹാനി ഒഴിവാക്കാനായി. കടലിലെ കനത്ത തിരമാലയില്‍ ബേപ്പൂരില്‍ നിന്നും മംഗലാപുരത്തുനിന്നുമുള്ള രണ്ടു ഉരുക്കള്‍ അപകടത്തില്‍ പെട്ടു. മംഗലാപുരത്തെ ഉരുവില്‍ നിന്ന് 7 പേര്‍ രണ്ടു ദിവസം കടലില്‍ പെട്ടാണ് കരയിലെത്താനായത്.
കവരത്തിയില്‍ കടല്‍ വെള്ളം കുടിവെള്ളമായി ശുചീകരിക്കുന്ന പ്ലാന്റിന്റെ പൈപ്പ് ലൈന്‍ തകര്‍ന്നു. ഇത് ശരിയാക്കാന്‍ ഒരു മാസമെടുക്കും. കല്‍പേനി ദ്വീപില്‍ അഞ്ചു ബോട്ടുകള്‍ മുങ്ങി. ഹെലിപ്പാഡും കടലാക്രമണം തടയാന്‍ നിര്‍മിച്ച ബ്രോക്ക് വാട്ടര്‍ ഭിത്തി തകര്‍ന്നതും സുരക്ഷക്ക് ഭീഷണിയായി. ദ്വീപില്‍ പലയിടത്തും 70 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിച്ചതായി കവരത്തി നിവാസിയും സര്‍ക്കാറിന്റെ നീന്തല്‍ പരിശീലകനും ലക്ഷദ്വീപ് അക്വാട്ടിക് അസോസിയേഷന്‍ ജന. സെക്രട്ടറിയുമായ കെ. മുജീബുറഹ്മാന്‍ പറഞ്ഞു. ജീവിതത്തില്‍ ഇങ്ങനെയുള്ളൊരു കാറ്റും തിരയും കണ്ടിട്ടില്ല. കടലില്‍ രണ്ടു മീറ്ററിലധികം ഉയരത്തിലാണ് കൂറ്റന്‍ തിരയുയര്‍ന്നത്. കരയിലുള്ളവര്‍ രണ്ടു ദിവസം അതീവ ജാഗ്രതയിലായിരുന്നു. കടലിനു നടുവില്‍ ദൈവത്തിന്റെ തുണയില്‍ ജീവിക്കുന്ന സമൂഹമായതിനാല്‍ ഇത്തവണയും ആ കരുണയില്‍ രക്ഷപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കും. ആശങ്ക ഒഴിഞ്ഞതോടെ സര്‍ക്കാരും നാട്ടുകാരും അതിനുള്ള ശ്രമത്തിലാണെന്നും മുജീബ്‌റഹ്മാന്‍ പറഞ്ഞു.

chandrika: