തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ കണ്ണീര്‍ വീഴ്ത്തിയിട്ട് ഒരു മാസം പിന്നിടുന്നു. കടലില്‍ ജീവന്റെ പ്രതീക്ഷകളുമായി നാവിക, വ്യോമ സേനകളും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ തുടരുകയാണ്. എന്നാല്‍ കാണാതായവരുടെ കണക്കില്‍ മാത്രം ഇതുവരെയും വ്യക്തത വരുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. സര്‍ക്കാറിനും ലത്തീന്‍ സഭക്കും വ്യത്യസ്ത കണക്കാണ്. ഇനിയും കണ്ടെത്താനുള്ളത് 143 പേരെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ 417 പേരെന്ന പട്ടികയുമായി ലത്തീന്‍സഭ. അതേസമയം റവന്യൂ വകുപ്പ് 208 എന്നും പൊലീസ് 173 എന്ന കണക്കും മുന്നോട്ടുവെക്കുന്നു. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞത് 261 പേരെയാണ് കാണാനുള്ളതെന്നാണ്.
മരണപ്പെട്ടവരുടെ കണക്ക് 74 എന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ദുരന്തം മുന്‍കൂട്ടി വിലയിരുത്തി മത്സ്യത്തൊഴിലാളി സമൂഹത്തിന് മുന്നറിയിപ്പു നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വീഴ്ചയുണ്ടായി. കടലിനെ അറിയുന്ന മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി തിരച്ചില്‍ നടത്തണമെന്ന ആവശ്യം ആദ്യം പരിഗണിച്ചതേയില്ല. ഇത് മുഖ്യമന്ത്രിയെ തീരദേശത്ത് തടയുന്നതില്‍ വരെ എത്തിനിന്നു.
നവംബര്‍ 30നാണ് അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഓഖി ചുഴലിക്കാറ്റായി രൂപപ്പെട്ടത്. കേരളാ തീരത്തുകൂടി ലക്ഷദ്വീപിലും പിന്നെ ഗുജറാത്തിലേക്കും പോയ ഓഖി വിതച്ചത് 2017ലെ ഏറ്റവും വലിയ ദുരന്തമായിരുന്നു. വൈകിയാണെങ്കിലും ആരംഭിച്ച രക്ഷാപ്രവര്‍ത്തനം കൊണ്ട് കടലില്‍ നിന്ന് 1444 ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ. മേഴ്സിക്കുട്ടിയമ്മ, ഇ. ചന്ദ്രശേഖരന്‍ എന്നിവരും തീരദേശ വാസികളുടെ ദുഖത്തില്‍ പങ്കുചേരുകയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശങ്ങളും നേതൃത്വവും നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ദാന്ധിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീറും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തീരദേശത്ത് ഓടിയെത്തി ദുരിതബാധിതരെ ആശ്വസിപ്പിച്ചു.
മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 20 ലക്ഷം രൂപയാണ് സാമ്പത്തിക സഹായമായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷംരൂപ അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. 7340 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനവും നല്‍കി. നിവേദനം അനുഭാവ പൂര്‍വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. തുടര്‍ന്ന് ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 422 കോടിയുടെ സഹായം നല്‍കുന്നതിനു വേണ്ടയുള്ള ദുരന്ത നിവാരണ അതോറിട്ടിയുടെ നിവേദനവും നല്‍കി. ഇതനുസരിച്ച് ഓഖി ദുരന്തത്തിനെ കുറിച്ച് പഠനം നടത്താന്‍ ആഭ്യന്തര അഡിഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം എത്തി. തുടര്‍ന്ന് 404 കോടിയുടെ സഹായത്തിന് ശിപാര്‍ശ ചെയ്യാനും തീരുമാനിച്ചാണ് സംഘം മടങ്ങിയത്. ലത്തീന്‍ അതിരൂപത മത്സ്യത്തൊഴിലാളികള്‍ക്ക്‌വേണ്ടി 100 കോടിയുടെ പ്രത്യേക പദ്ധതി തയാറാക്കി.
സര്‍ക്കാര്‍ ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം ഫണ്ടിലേക്ക് സംഭാവനയായി നല്‍കാന്‍ തീരുമാനിച്ചെങ്കിലും ജീവനക്കാരുടെ എതിര്‍പ്പു മൂലം നടപടി ആയില്ല. ഇഷ്ടമുള്ള തുക നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ വീണ്ടും നിര്‍ദേശിച്ചു. വിവിധ സന്നദ്ധ സംഘടനകള്‍ തീരദേശവാസികള്‍ക്കായി എല്ലാ സഹായങ്ങളും എത്തിച്ചു. കാലാവസ്ഥാ പ്രവചനങ്ങള്‍ കൃത്യമാക്കാനുള്ള നടപടികള്‍ എടുക്കുന്നതിനും മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ട്. ദുരന്ത നിവാരണ അതോറിട്ടി പുനസംഘടിപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്കും സര്‍ക്കാര്‍ കടന്നു.