തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ഉച്ചക്കു മാത്രമാണ് ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ഏഴു കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികള്‍ നിസ്സഹരിക്കുന്നതുമൂലമാണ് രക്ഷാ പ്രവര്‍ത്തനം തടസ്സപ്പെടുന്നതെന്നും വള്ളങ്ങള്‍ ഉപേക്ഷിച്ച് മടങ്ങാന്‍ ആരും തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 33 വള്ളങ്ങളിലായി മല്‍സ്യബന്ധനത്തിനു പോയവരാണ് മടങ്ങാന്‍ തയാറാകാത്തത്. പക്ഷേ ഇവരെല്ലാം സുരക്ഷിതരാണ്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ വിമാനങ്ങള്‍ അയയ്ക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.