X
    Categories: MoreViews

ഓഖി ചുഴലിക്കാറ്റ്; ഒരു മൃതദേഹം കൂടി കണ്ടെത്തി

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹംകൂടി കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്നും കണ്ടെത്തി. തീരസംരക്ഷണസേനയും മത്സ്യതൊഴിലാളികളും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവുരുടെ എണ്ണം 72 ആയി.

അതേസമയം ഓഖിയില്‍ കടലില്‍ കാണാതായവരെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 71 ബോട്ടുകള്‍ തെരച്ചിലിന് പുറപ്പെട്ടു.

അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ ആവാത്തതിനെതിരെ പ്രതിഷേധമുയര്‍ന്നതിനു പിന്നാലെ തെരച്ചിലിന് മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയിരുന്നു. ഇതിന് സന്നദ്ധത അറിയിച്ച 200 ബോട്ടുകളില്‍ 71 എണ്ണമാണ് അര്‍ദ്ധരാത്രിയോടെ യാത്ര പുറപ്പെട്ടത്. 25 ബോട്ടുകള്‍ കൊല്ലത്ത് നിന്നും 22 എണ്ണം കോഴിക്കോട് നിന്ന് 24 ബോട്ടുകള്‍ കൊച്ചിയില്‍ നിന്നുമാണ് യാത്ര തിരിച്ചത്. ഓരോ ബോട്ടിലും അഞ്ച് വീതം മത്സ്യതൊഴിലാളികളാണ് ഉള്ളത്. കടലില്‍ വിവിധ ഭാഗങ്ങളിലായി ഇവര്‍ തെരച്ചില്‍ നടത്തും. സഹായവുമായി മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ബോട്ടുകളും രക്ഷാ ദൗത്യത്തില്‍ പങ്കുചേരും.

ബോട്ടുകള്‍ക്കുള്ള ഡീസലും മറ്റ് ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓരോ ബോട്ടിനും 3000 ലിറ്റര്‍ വീതം ഡീസല്‍ സര്‍ക്കാര്‍ നല്‍കും. ഇതിന് പുറമേ തെരച്ചിലില്‍ പങ്കുചേരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിദിനം 800 രൂപ ബത്തയും നല്‍കും. രണ്ടേകാല്‍ കോടിയോളം രൂപയാണ് സര്‍ക്കാര്‍ ഇതിനായി നീക്കി വച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിട്ടുള്ളത് കൊച്ചിയിലാണ്. ഒരു കോടി രൂപ. തെരച്ചില്‍ ഊര്‍ജിതമാകുന്നതോടെ കാണാതായവരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍.

chandrika: