തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലും നാശംവിതച്ച ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങി. മണിക്കൂറില്‍ 91 കിലോമീറ്ററാണ് കൊടുങ്കാറ്റിന്റെ വേഗത. 80-100 കിലോമീറ്റര്‍ വേഗത്തില്‍ കേരളത്തീരത്തും വീശും. കാറ്റിന്റെ കേന്ദ്രഭാഗം തിരുവനന്തപുരത്തു നിന്ന് 150 കിലോമീറ്റര്‍ അകലെയാണ്. അതേസമയം, കടലില്‍പോയ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ അധികാരികള്‍ കാട്ടുന്ന അലംഭാവത്തില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. പൂന്തുറയില്‍ ജനങ്ങള്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. കാണാതായവരെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇവിടെ നിന്നും പോയ മത്സ്യത്തൊഴിലാളികളില്‍ ഒന്‍പതുപേര്‍ രക്ഷപ്പെട്ട് തിരിച്ചെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള ബോട്ടിലും കപ്പലിലുമായാണ് പലരും കരയിലെത്തിയത്. തമിഴ്‌നാട്ടിലെത്തിയ ഇവര്‍ കരമാര്‍ഗ്ഗം നാട്ടിലേക്കെത്തുകയായിരുന്നു. 125 പേര്‍ കടലില്‍ പോയതായി പ്രദേശവാസികള്‍ പറയുന്നു. ഇന്നലെ ഉച്ചക്ക് പോയവരാണ് ഇവര്‍. ഇന്നലെ മന്ത്രിയുള്‍പ്പെടെയുള്ളവര്‍ പ്രദേശത്തെത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഉള്‍ക്കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് അധികാരികളുടെ വാദം. എന്നാല്‍ കാറ്റ് മൂലം ഹെലികോപ്റ്ററിന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മണിക്കൂറിനുള്ളില്‍ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തിയില്ലെങ്കില്‍ ഹൈവേ ഉപരോധിക്കുമെന്ന തീരുമാനത്തിലാണ് നാട്ടുകാര്‍. പൂന്തുറയില്‍ കടലിപ്പോഴും പ്രക്ഷുബ്ധമായിത്തുടരുകയാണ്.