ജറൂസലം: മുസ്്‌ലിം ലോകത്തിന്റെയും ഫലസ്തീനിന്റെയും ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മസ്ജിദുല്‍ അഖ്‌സയില്‍നിന്ന് ഇസ്രാഈല്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ നീക്കി. പകരം പുതിയ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കും. മണിക്കൂറുകള്‍ നീണ്ട മന്ത്രിസഭാ യോഗത്തിനുശേഷമാണ് മെറ്റല്‍ ഡിറ്റക്ടറുകള്‍ നീക്കം ചെയ്യാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നിരീക്ഷണ ക്യാമറകള്‍ നീക്കില്ല.
പുതുതായി സ്ഥാപിച്ച സുരക്ഷാ നിയന്ത്രണ സംവിധാനങ്ങള്‍ മുഴുവന്‍ എടുത്തുനീക്കാതെ മസ്ജിദുല്‍ അഖ്‌സയിലേക്ക് പ്രവേശിക്കേണ്ടതില്ലെന്നാണ് മുസ്്‌ലിം നേതാക്കളുടെ തീരുമാനം. ജൂലൈ 14നുശേഷം മസ്ജിദുല്‍ അഖ്‌സയില്‍ സ്ഥാപിച്ച മുഴുവന്‍ സംവിധാനങ്ങളും എടുത്തുമാറ്റാതെ ഇസ്രാഈലിനെതിരെയുള്ള പ്രക്ഷോഭ പരിപാടികളില്‍നിന്ന് പിന്മാറില്ലെന്ന് മസ്ജിദുല്‍ അഖ്‌സ ഡയറക്ടര്‍ ഷെയഖ് നാജിഹ് ബകിറത് വ്യക്തമാക്കി. മൂന്നു ഫലസ്തീനികളുള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ട വെടിവെപ്പിനെ തുടര്‍ന്നാണ് മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രാഈല്‍ സേന മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചത്. മതപരമായും ചരിത്രപരമായും മസ്ജിദുല്‍ അഖ്‌സക്കുമേല്‍ ഫലസ്തീനികള്‍ക്ക് അവകാശമുണ്ടെന്നും സമാധാനാന്തരീക്ഷത്തെ അട്ടിമറിക്കാനാണ് ഇസ്രാഈല്‍ ശ്രമിക്കുന്നതെന്നും ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ല പറഞ്ഞു. മെറ്റല്‍ ഡിറ്റക്ടറുകള്‍ നീക്കംചെയ്‌തെങ്കിലും നിരീക്ഷണ ക്യാമറകള്‍ കൂടി എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ഫലസ്തീന്‍ പ്രക്ഷോഭകര്‍ മസ്ജിദുല്‍ അഖ്‌സക്കു പുറത്ത് പ്രതിഷേധം തുടരുകയാണ്. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനും കൂടുതല്‍ പൊലീസുകാരെ നിയോഗിക്കാനും 28 ദശലക്ഷം ഡോളര്‍ ഇസ്രാഈല്‍ മന്ത്രിസഭ അനുവദിച്ചിട്ടുണ്ട്.
ഫലസ്തീനില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ മേഖല ഇപ്പോഴും സംഘര്‍ഷഭരിതമാണ്. അടുത്ത വെള്ളിയാഴ്ചക്കകം പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ പശ്ചിമേഷ്യന്‍ ദൂതന്‍ നിക്കൊളായ് മ്ലാദനോവ് പറഞ്ഞു.
യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രാഈല്‍ പ്രധാനമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്ത ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ എത്രയും വേഗം സുരക്ഷാ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു.