ന്യൂഡല്‍ഹി: ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന് യൂട്യൂബ് ഷോ’യില്‍ ഗുരുതര അശ്ലീല പരാമര്‍ശം നടത്തിയ യുട്യൂബര്‍ രണ്‍വീര്‍ അലഹബാദിയ സുപ്രീംകോടതിയില്‍. വിഷയത്തില്‍ വ്യാപക വിമര്‍ശനവും നിയമനടപടിയുമായതോടെ തനിക്കെതിരെയുള്ള ഒന്നിലധികം എഫ്.ഐ.ആറുകള്‍ക്കെതിരെ രണ്‍വീര്‍ ഹരജി നല്‍കിയിരുന്നു. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിക്രമം അനുസരിച്ച് വിഷയം പരിഗണിക്കുമെന്ന് പറഞ്ഞ് ഈ ആവശ്യം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തള്ളി.
ഷോ’യിലെ വിധികര്‍ത്താക്കളിലൊരാളായ രണ്‍വീര്‍, കേരളത്തില്‍ നിന്നുള്ള മത്സരാര്‍ഥിയോട് ഗുരുതര അശ്ലീല പരാമര്‍ശം നടത്തുകയായിരുന്നു. ‘ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗിക രംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ’ എന്നായിരുന്നു രണ്‍വീറിന്റെ ചോദ്യം. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ റണ്‍വീറിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ രണ്‍വീര്‍ മാപ്പപേക്ഷിച്ച് വീഡിയോ പോസ്റ്റ് ചെയ്‌തെങ്കിലും പ്രതിഷേധമടങ്ങിയില്ല. മുംബൈ പൊലീസും അസം പൊലീസും തങ്ങള്‍ക്ക് ലഭിച്ച പരാതികളില്‍ രണ്‍വീറിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്‍വീറിനെ ചോദ്യം ചെയ്യാന്‍ അസം പൊലീസ് കഴിഞ്ഞ ദിവസം മുംബൈയില്‍ എത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം മികച്ച സാമൂഹിക മാധ്യമ ക്രിയേറ്റര്‍ക്കുള്ള ‘ഡിസ്‌റപ്റ്റര്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചയാളാണ് രണ്‍വീര്‍ അലഹബാദിയ. രണ്‍വീറിന്റെ പ്രവര്‍ത്തനങ്ങളെ മോദി അഭിനന്ദിക്കുകയും ചെയ്തിരുന്നു.