പൊന്നാനി: എം.ഇ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫസര്‍ കടവനാട് മുഹമ്മദ്(77) നിര്യാതനായി.
ചരിത്രാധ്യാപകനും എഴുത്തുകാരനും വാഗ്മിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന പൊന്നാനി പുല്ലോണത്ത് അത്താണി ‘കാഡ്‌ബ്രോസി’ല്‍ പ്രഫസര്‍ കടവനാട് മുഹമ്മദ് ഹൃദയാഘാതത്തെ തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 9.30ഓടെ ആയിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് 5മണിക്ക് കടവനാട് പൂക്കൈതക്കടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. 1945 മെയില്‍ പൊന്നാനി നഗരത്തിന് സമീപമുള്ള കടവനാട് ദേശത്ത് ജനിച്ച അദ്ദേഹം 1967ല്‍ ഫാറൂഖ് കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും 1969ല്‍ അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. മുന്‍മന്ത്രി പി.കെ അബ്ദുറബ്ബ് ഉള്‍പ്പടെ നിരവധി പ്രമുഖര്‍ സഹപാഠികളാണ്.1970 മുതല്‍ നീണ്ട 30 കൊല്ലം പൊന്നാനി എം.ഇ.എസ് കോളജില്‍ അധ്യാപകനായി.
2000ല്‍ ചരിത്ര വിഭാഗം തലവനായി വിരമിച്ചു. എണ്‍പതുകളില്‍ സജീവ രാഷ്ട്രീയത്തിലും തൊണ്ണൂറുകളില്‍ സജീവമായി എഴുത്തിലും ശ്രദ്ധേയനായി. 1988 മുതല്‍ 1995 വരെ പൊന്നാനി നഗരസഭ കൗണ്‍സിലര്‍ ആയിരുന്നു.പ്രമുഖ പത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ചിരിയും ചിന്തയും ഇടകലര്‍ന്ന ലേഖനങ്ങള്‍ വായനക്കാരെ വല്ലാതെ ആകര്‍ഷിച്ചു. 2000ല്‍ വിരമിച്ചത് മുതല്‍ 13 കൊല്ലം പൊന്നാനി എം.ഇ.എസ് കോളജിന്റെ സെക്രട്ടറിയായി. 2013 മുതല്‍ 2017 വരെ കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗമായിരുന്നു. എം.ഇ.എസില്‍ വിവിധ പദവികള്‍ വഹിച്ച അദ്ദേഹം ഈ വര്‍ഷം ആദ്യമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.ഭാര്യ:ഫാത്തിമ.മക്കള്‍:ഷിറാസ് പര്‍വീന്‍, ഡോ. ഗസ്‌നഫര്‍ റോഷന്‍ (എം.ഇ.എസ് മെഡിക്കല്‍ കോളജ്), ഷറീന പര്‍വീന്‍, ഷബ്‌നം ബിനു പര്‍വീന്‍. മരുമക്കള്‍: റൂബി, ഷമീര്‍ (ഖത്തര്‍), തസ്‌നീം, ഡോ. ഫിദ ഗസ്‌നഫര്‍.സഹോദരങ്ങള്‍: അബൂബക്കര്‍, ഇബ്രാഹീംകുട്ടി, അബ്ദുല്‍ റസാക്ക് (മൂവരും ഖത്തര്‍),മുഹമ്മദ് അഷ്‌റഫ്.
നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് എം.ഇ.എസ്സിന്റെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.