ന്യൂഡല്‍ഹി: ബറാക് ഒബാമയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്ഥാനമൊഴിയുന്നതിനു മുമ്പ് അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യ നടപടി തുടങ്ങി. ആളില്ലാ നിരീക്ഷണ വിമാനങ്ങളായ പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനുള്ള കരാറാണ് ഇതില്‍ പ്രധാനം. ജൂണില്‍ നിര്‍മ്മിച്ച 22 പ്രിഡേറ്റര്‍ വാങ്ങാനാണ് ഇന്ത്യ അമേരിക്കയുമായി കരാറൊപ്പിട്ടത്. രണ്ടു മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 13250 കോടിയുടെ കരാറാണിത്. റഷ്യയായിരുന്നു നേരത്തെ അമേരിക്കയുടെ പ്രതിരോധ പങ്കാളി. എന്നാല്‍ റഷ്യ-അമേരിക്ക ബന്ധം വഷളായത് ഇന്ത്യയ്ക്ക് നേട്ടമായി.
മിസൈല്‍ സാങ്കേതിക വിദ്യാ നിയന്ത്രണ സംവിധാനമുള്ള ഗ്രൂപ്പില്‍ ഇന്ത്യ ഉള്‍പ്പെട്ടതും കരാര്‍ ഒപ്പിടാന്‍ സഹായിച്ചു. ക്യാമറ, സെന്‍സര്‍, മിസൈല്‍, മറ്റ് ആയുധങ്ങള്‍ എന്നിവ വഹിക്കാന്‍ ശേഷിയുള്ളതാണ് പ്രിഡേറ്റര്‍ ഡോണുകള്‍. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനീസ് കപ്പലുകളും മുങ്ങിക്കപ്പലുകളും പട്രോളിംങ് സജീവമാക്കിയ സാഹചര്യത്തില്‍ നിരീക്ഷണത്തിനായി നാവിക സേനക്ക് ഡ്രോണുകള്‍ ഉപയോഗപ്പെടുത്താം. പ്രിഡേറ്റര്‍ സി അവഞ്ചര്‍ ഡ്രോണുകള്‍ക്കായി വ്യോമസേനയും രംഗത്തുണ്ട്. ഇത്തരം 100 ഡ്രോണുകളാണ് വ്യോമസേന ആവശ്യപ്പെടുന്നത്. പാകിസ്താന്‍-അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന വസീറിസ്താന്‍ മേഖലയില്‍ ആക്രമണത്തിനായി അമേരിക്ക ഇത്തരം ഡ്രോണുകളാണ് ഉപയോഗിച്ചിരുന്നത്.
സായുധ ഡ്രോണുകള്‍ ലഭിക്കുന്നതിന് യു.എസ് കോണ്‍ഗ്രസിന്റെയും 34 രാജ്യങ്ങള്‍ ഉള്‍പ്പെട്ട മിസൈല്‍ ടെക്‌നോളജി റെജിമെന്റിന്റെയും അംഗീകാരം വാങ്ങേണ്ടതുണ്ട്.
നവംബറില്‍ അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയും ജനുവരിയില്‍ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുകയും ചെയ്യും. തെരഞ്ഞെടുപ്പ് പ്രചരണം നടന്നുവരികയാണെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡെണാള്‍ഡ് ട്രംപിനോ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണോ വലിയ മുന്‍തൂക്കം നേടാനായിട്ടില്ല. ട്രംപ് പ്രസിഡന്റായാല്‍ കരാര്‍ വൈകുമെന്ന ആശങ്കയും ഇന്ത്യക്കുണ്ട്. പ്രധാനമന്ത്രി മോദിക്ക് ഒബാമയുമായുള്ള ബന്ധം ഉപയോഗിച്ച് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാനാണ് ഇന്ത്യയുടെ നീക്കം. ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിച്ച യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ ഉടന്‍ തന്നെ ഡല്‍ഹിയിലെത്തുന്നുണ്ട്. അപ്പോള്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.