അമേരിക്കയുടെ പുതിയ പ്രസിഡണ്ടിനെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. വൈറ്റ് ഹൗസിന്റെ പുതിയ അധിപതി ഹിലരി ക്ലിന്റണോ ഡൊണാള്‍ഡ് ട്രംപോ എന്ന് ലോകം ഉറ്റുനോക്കുന്നതിനിടെ, അമേരിക്ക കണ്ട ഏറ്റവും മികച്ച പ്രസിഡണ്ടുമാരിലൊരാളായ ബറാക് ഒബാമ പടിയിറങ്ങുകയാണ്. അമേരിക്ക എന്ന സാമ്രാജ്യത്വ ശക്തിയെ തിരുത്തുന്നതിലും ആഗോള രംഗത്തെ അധിനിവേശ / ആക്രമണ ത്വര അവസാനിപ്പിക്കുന്നതിലും കാര്യമായ ഒന്നും ചെയ്യാന്‍ ആയില്ലെന്നത് സത്യമാണ്. എന്നാല്‍, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പദവിയില്‍ ഇരിക്കുമ്പോഴും വിനയം, ലാളിത്യം, നര്‍മം തുടങ്ങിയ മനുഷ്യത്വ ഗുണങ്ങള്‍ ഒബാമ കൈവിട്ടില്ല എന്നത് ചരിത്രത്തില്‍ രേഖപ്പെടുമെന്നുറപ്പ്.
ഒബാമയിലെ മനുഷ്യത്വം പ്രകടമായ ചില നിമിഷങ്ങളിലൂടെ:
ഒരിക്കല്‍ യു.എസ് പ്രസിഡണ്ടിന്റെ ഹെലികോപ്റ്റര്‍ ആയ ‘മറൈന്‍ വണ്ണി’ല്‍ കയറുന്നതിനിടെ ഒബാമ സൈനികനെ അഭിവാദ്യം ചെയ്യാന്‍ മറന്നു. കയറിയ കോപ്ടറില്‍ നിന്ന് ഇറങ്ങി വന്ന് അദ്ദേഹം അഭിവാദ്യമര്‍പ്പിച്ചു.
മറ്റൊരിക്കല്‍ മഴയത്താണ് ഒബാമക്ക് മറൈന്‍ വണ്ണില്‍ നിന്ന് ഇറങ്ങേണ്ടി വന്നത്. കൈവശമുള്ളത് ഒരു കുട മാത്രം. കോപ്ടറില്‍ തനിക്കൊപ്പം യാത്ര ചെയ്തിരുന്ന വനിതാ സ്റ്റാഫുകള്‍ക്കു കൂടി കുട ചൂടിക്കൊടുത്ത് ഒബാമ നടന്നുനീങ്ങി. മൂന്നുപേര്‍ക്ക് ഇടമില്ലാത്ത കുടയ്ക്കടിയില്‍ പ്രസിഡണ്ടിന്റെ കുപ്പായം നനയുന്നുണ്ടായിരുന്നു.
കുട്ടികള്‍ക്ക് പ്രിയങ്കരനാണ് ഒബാമ. വൈറ്റ് ഹൗസിനകത്തായാലും പുറത്തായാലും കുട്ടികളെ കൊഞ്ചിക്കാനും അവരെ കളിപ്പിക്കാനും ഒബാമ പ്രത്യേക ശ്രദ്ധ കാണിക്കാറുണ്ട്.
ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയുടെ പ്രസിഡണ്ടാണെങ്കിലും ഭാര്യ മിഷേലിനോടുള്ള സ്‌നേഹപ്രകടനങ്ങള്‍ ഒബാമ മറച്ചുവെക്കാറില്ല
റിയോ ഒളിംപിക്‌സില്‍ ജിംനാസ്റ്റിക്‌സില്‍ വെള്ളിനേടിയ യു.എസ് താരം മക്കയ്‌ല മറോണി, തനിക്ക് സ്വര്‍ണം ലഭിക്കാത്തതില്‍ അസംതൃപ്തയായിരുന്നു. മെഡല്‍ വാങ്ങുമ്പോള്‍ ചുണ്ടുകോട്ടിയാണ് അവര്‍ അനിഷ്ടം അറിയിച്ചത്. മറോണിയെ കണ്ടുമുട്ടിയപ്പോള്‍, അതേരീതിയില്‍ മുഖംകോട്ടി പ്രസിഡണ്ട് ഫോട്ടോക്ക് പോസ് ചെയ്തു.
ഹാര്‍വഡ് കോളേജില്‍ പഠിക്കുന്ന കാലത്ത് ഒബാമ നല്ലൊരു ബാസ്‌കറ്റ്‌ബോള്‍ പ്ലെയര്‍ ആയിരുന്നു. പ്രസിഡണ്ടായ ശേഷവും സ്‌പോര്‍ട്‌സിനോടുള്ള അദ്ദേഹത്തിന്റെ കമ്പം മാറിയില്ല.