വാഷിങ്ടണ്‍: മുസ്ലിംകള്‍ക്കു മാത്രമായി രജിസ്റ്റര്‍ ഏര്‍പ്പെടുത്താനുള്ള നിയുക്ത യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് കൂച്ചുവിലങ്ങിട്ട് സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ബറാക് ഒബാമ. ഒബാമ ഒപ്പുവെച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമത്തിന്റെ ഭേദഗതിയിലാണ് ട്രംപിന്റെ മുസ്ലിം വിരുദ്ധ നയങ്ങളെ മുന്‍കൂര്‍ തടയുന്ന വ്യവസ്ഥകള്‍ ഉള്ളത്.
എല്ലാ മതക്കാര്‍ക്കും മതമില്ലാത്തവര്‍ക്കും വിശ്വാസ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതും മതവിശ്വാസത്തിന്റെ പേരിലുള്ള വിവേചനം തടയുന്നതുമായ വ്യവസ്ഥകളാണ് ഭേദഗതി നിയമത്തിലുള്ളത്. ട്രംപ് ദുരുപയോഗം ചെയ്യാതിരിക്കാനായി കുടിയേറ്റം സംബന്ധിച്ച നാഷണല്‍ സെക്യൂരിറ്റി എന്‍ട്രി – എക്‌സിറ്റ് രജിസ്‌ട്രേഷന്‍ സിസ്റ്റം (എന്‍സീര്‍സ്) ഒബാമ നിര്‍വീര്യമാക്കി. ഒപ്പുവെച്ച ഭേദഗതികള്‍ ട്രംപ് സ്ഥാനമേല്‍ക്കുന്നതിനു മുമ്പു തന്നെ നിലവില്‍ വരും.
ഭീകരവാദ ഗ്രൂപ്പുകള്‍ സജീവമായ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് പ്രത്യേക എന്‍ട്രി – എക്‌സിറ്റ് രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പലതവണ വ്യക്തമാക്കിയിരുന്നു. പ്രചരണത്തിന്റെ ആദ്യ ഘട്ടത്തില്‍ എല്ലാ മുസ്ലിംകള്‍ക്കും അമേരിക്കയിലേക്ക് പ്രവേശം നിഷേധിക്കുമെന്ന് പറഞ്ഞിരുന്ന ട്രംപ്, ഭീകരവാദം സജീവമായ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് എന്നായി പിന്നീട് തിരുത്തി. ഭീകരവാദം സജീവമെന്ന് ട്രംപ് ആരോപിക്കുന്ന 25 രാജ്യങ്ങളില്‍ 24-ഉം മുസ്ലിം ഭൂരിപക്ഷമാണ്. ഒഴികെയുള്ളത് ഉത്തര കൊറിയയും. അമേരിക്കയിലെ മുസ്ലിം കുടിയേറ്റക്കാര്‍ക്കായി രജിസ്ട്രി ഉണ്ടാക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ട്രംപിന് തന്റെ തെരഞ്ഞെടുപ്പ് ‘വാഗ്ദാനങ്ങള്‍’ പാലിക്കാന്‍ കഴിയാത്ത വിധത്തിലുള്ള നിയമ നിര്‍മാണമാണ് ഒബാമ നടത്തിയിരിക്കുന്നത്. ലോകമെങ്ങും മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുക, മതത്തിന്റെയും മതനിന്ദയുടെയും പേരില്‍ വ്യക്തികളെ ശിക്ഷിക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെ നടപടിയെടുക്കുക, അമേരിക്കയിലെ എല്ലാ വിദേശ സേവന ഓഫീസര്‍മാര്‍ക്കും മതസ്വാതന്ത്ര്യ പരിശീലനം ഉറപ്പുവരുത്തുക, മതവിശ്വാസികള്‍ക്കെന്ന പോലെ മതമില്ലാത്തവര്‍ക്കും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കാനും പ്രചരിപ്പിക്കാനുമുള്ള അവസരമൊരുക്കുക തുടങ്ങിയവയാണ് നിയമഭേദഗതിയിലെ പ്രധാന ഇനങ്ങള്‍.
2001-ലെ ഭീകരാക്രമണത്തെ തുടര്‍ന്ന് കുടിയേറ്റക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന രജിസ്ട്രി (എന്‍സീര്‍സ്) 2011 മുതല്‍ ഉപയോഗത്തിലില്ല. എന്നാല്‍, കൂടുതല്‍ കടുപ്പമേറിയ വ്യവസ്ഥകളോടെ ട്രംപ് ഇത് ഉപയോഗപ്പെടുത്താനുള്ള സാധ്യത ഇല്ലാതാക്കാനായി ആ വകുപ്പ് തന്നെ ഇല്ലാതാക്കുകയാണ് ഒബാമ ചെയ്തിരിക്കുന്നത്. എന്‍സീര്‍സ് നിലവില്‍ പ്രസക്തമല്ലെന്നും ഇനി അതിന്റെ ആവശ്യമില്ലെന്നും യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് വക്താവ് നീമ ഹാകിം പറഞ്ഞു.