വാഷിങ്ടണ്‍: ഇറാനെ ആണവായുധ പദ്ധതിയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കരാറുണ്ടാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ചു. തെറ്റിദ്ധാരണയാണ് ട്രംപിനെ തീരുമാനത്തിന് പ്രേരിപ്പിച്ചത്. കരാര്‍ തടസം കൂടാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാണ്. അമേരിക്കയുടെ യൂറോപ്യന്‍ സഖ്യകക്ഷികളും സ്വതന്ത്ര നിരീക്ഷകരും ഇപ്പോഴത്തെ യു.എസ് പ്രതിരോധ സെക്രട്ടറിയുമെല്ലാം അക്കാര്യം സമ്മതിച്ചിട്ടുണ്ട്.ഉത്തരകൊറിയയുമായി നയതന്ത്രങ്ങള്‍ക്ക് ശ്രമിക്കുമ്പോള്‍ ഇറാനുമായുള്ള കരാറില്‍നിന്ന് അകലുന്നത് പ്രതികൂല ഫലമാണുണ്ടാക്കുകയെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ട്രംപിന്റെ പ്രഖ്യാപനം അമേരിക്കയുടെ സുരക്ഷയെ ദുര്‍ബലപ്പെടുത്തുമെന്ന് കരാറുണ്ടാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അഭിപ്രായപ്പെട്ടു. അമേരിക്കയുടെ വാക്കുകളില്‍ ലോകത്തിന് വിശ്വാസ്യത നഷ്ടപ്പെടും. യൂറോപ്യന്‍ സഖ്യകക്ഷികളുമായി രാജ്യത്തെ അകറ്റും. ഇസ്രാഈലിനെയും അത് പ്രതികൂലമായി ബാധിക്കും. ഇറാനിലെ കടുംപിടുത്തക്കാര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നും കെറി പറഞ്ഞു. വാചമടിക്കേണ്ട കാര്യമില്ല. വസ്തുതകള്‍ തന്നെ യാഥാര്‍ത്ഥ്യം സംസാരിക്കുന്നുണ്ട്. യൂറോപ്പ് എന്തു നിലപാട് സ്വീകരിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും ഇനി ആണവ കരാറിന്റെ ഭാവിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.