X

ഓഖി ചുഴലിക്കാറ്റ്: വീഴ്ചവരുത്തിയവരെ സംരക്ഷിച്ച് സര്‍ക്കാര്‍

 

തിരുവനന്തപുരം: നാല്‍പതിലധികം മത്സ്യത്തൊഴിലാളികളുടെ മരണത്തിനും വ്യാപക നാശനഷ്ടത്തിനും ഇടയാക്കിയ ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും അത് വിശകലനം ചെയ്ത് വേണ്ട മുന്‍കരുതല്‍ എടുക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതും അടിയന്തര സന്ദര്‍ഭങ്ങളില്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതുമായ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന് പ്രഥമദൃഷ്ട്യാ വീഴ്ച പറ്റിയെന്ന് വ്യക്തമായിട്ടും ഇതുവരെയും നടപടിയെടുത്തിട്ടില്ല. മുന്നറിയിപ്പുകളുടെ നിരീക്ഷണം, വിശകലനം, മുന്നറിയിപ്പുകള്‍ ഉദ്യോഗസ്ഥര്‍ക്കും ദുരന്ത സാധ്യതാപ്രദേശങ്ങളലേക്കും എത്തിക്കുക, ദുരന്ത പ്രതികരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക തുടങ്ങിയ ചുമതലകളാണ് സെന്ററിനുള്ളത്.
2005ല്‍ പാര്‍ലമെന്റ് പാസാക്കിയ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി രൂപീകരിച്ചത്. ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കാന്‍ വിവിധ നോഡല്‍ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. വര്‍ഷപാതം, കൊടുങ്കാറ്റ് എന്നിവയെക്കുറിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പും സുനാമി, കടല്‍ക്ഷോഭം എന്നിവയെക്കുറിച്ച് ദേശീയ സമുദ്ര വിവര വിനിമയ കേന്ദ്രവും പ്രളയത്തെ സംബന്ധിച്ച് കേന്ദ്ര ജലകമ്മീഷനും ഭൂകമ്പത്തെയും ഉരുള്‍പൊട്ടലിനെയും കുറിച്ച് ഇന്ത്യന്‍ ഭൗമശാസ്ത്ര സര്‍വേയുമാണ് മുന്നറിയിപ്പ് നല്‍കേണ്ടത്. പ്രവചനം സാധ്യമായ ദുരന്തങ്ങളെക്കുറിച്ച് ഈ ഏജന്‍സികളാണ് അതാതിടങ്ങളിലെ ചീഫ് സെക്രട്ടറി, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി, സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ എന്നിവരെ അറിയിക്കേണ്ടത്.
ചുഴലിക്കാറ്റിന് ഓഖി എന്ന് പേരിടുന്നതിന് മുന്‍പുതന്നെ കൊടുങ്കാറ്റിന്റെ ആവിര്‍ഭാവം, പ്രതീക്ഷിക്കുന്ന വേഗത, കടല്‍ക്ഷോഭം എന്നിവയെ സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്ര വിവര വിനിമയ കേന്ദ്രവും നവംബര്‍ 29ന് ബുള്ളറ്റിന്‍ ഇറക്കിയിരുന്നു. ന്യൂനമര്‍ദം, തീവ്രന്യൂനമര്‍ദം എന്നീ വാക്കുകളാണ് ഉപയോഗിച്ചത്. ഇതിന്റെ ഫലമായി കടല്‍ പ്രക്ഷുബ്ധമാകുമെന്നും 4.2 മീറ്റര്‍ ഉയരത്തില്‍ കേരള തീരത്ത് തിരമാലകള്‍ അടിക്കുമെന്നും വ്യക്തമാക്കിയിരുന്നു. മണിക്കൂറില്‍ 62 കി.മീ. വേഗതയില്‍ കാറ്റടിക്കും എന്ന നിഗമനത്തില്‍ എത്തുമ്പോഴാണ് കാലാവസ്ഥ വകുപ്പ് അതിതീവ്ര ന്യൂനമര്‍ദത്തിനെ സൈക്ലോണ്‍ എന്ന ഗണത്തില്‍പ്പെടുത്തുന്നത്.
ന്യൂനമര്‍ദം ഉണ്ടാകുന്നതു മുതല്‍ അതാത് സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ ന്യൂനമര്‍ദത്തിന്റെ വളര്‍ച്ചയെ സസൂഷ്മം നിരീക്ഷിക്കുകയും ഓരോ ഘട്ടത്തിലും ബന്ധപ്പെട്ട അധികാരികളെയും വകുപ്പുകളെയും പ്രതരോധ നടപടികള്‍ സ്വീകരിക്കുന്നതിന് തയാറാക്കുകയും വേണം. ചുഴലിക്കാറ്റ് എന്ന വാക്ക് ഉപയോഗിച്ചിരുന്നില്ല എങ്കിലും നവംബര്‍ 30ന് പുലര്‍ച്ചെ 1.30നും രാവിലെ 5.30നും കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റിനുകളില്‍ മണിക്കൂറില്‍ 65 കി.മീ.വരെ ശക്തിയുള്ള കാറ്റ് തെക്കന്‍ കേരളത്തില്‍ വീശുമെന്ന് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പുകളോട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ എങ്ങനെ പ്രതികരിച്ചുവെന്ന് പരിശോധിച്ചാല്‍ വീഴ്ച ബോധ്യമാകും.

chandrika: