X
    Categories: MoreViews

‘എവിടെ മുഖ്യമന്ത്രി…’ തീരദേശം ചോദിക്കുന്നു

 

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ കെടുതിയില്‍പ്പെട്ട്, സര്‍ക്കാറിന്റെ കനിവിനായി കേഴുന്ന തീരദേശങ്ങളെ തിരിഞ്ഞുനോക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടാകാത്ത വിചിത്രമായ സമീപനമാണ് പിണറായി വിജയന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചത്. സമാന സാഹചര്യങ്ങളില്‍ മുഖ്യമന്ത്രി നേരിട്ടെത്തി ജനങ്ങളെ ആശ്വസിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇവിടെ ദുരിതമുണ്ടായി രണ്ടാം ദിവസവും മുഖ്യമന്ത്രി ആ ഭാഗത്ത് സന്ദര്‍ശനം നടത്താത്തത് തീരദേശവാസികളുടെ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
ഓഖി ദുരന്തത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്ന ആദ്യ മണിക്കൂറുകളില്‍ തന്നെ അലമുറയിട്ട് കരയുന്ന കടലിന്റെ മക്കളെ കാണാനും അവര്‍ക്ക് സാന്ത്വനമേകാനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റു യു.ഡി.എഫ് നേതാക്കളും ഓടിയെത്തിയിരുന്നു. ഉറ്റവരെ തേടി അലയുന്ന വീട്ടമ്മമാരുടെയും അലമുറയിട്ട് കരയുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളുടെയും വേദനകള്‍ കേട്ട നേതാക്കള്‍, ദുരന്തബാധിതര്‍ക്ക് ആശ്വാസമേകുന്ന സാന്നിധ്യമായി. എന്നിട്ടും ആശ്വാസവാക്കുകളുമായിപോലും മുഖ്യമന്ത്രി എത്താത്തതാണ് തീരദേശവാസികളെ നൊമ്പരപ്പെടുത്തുന്നത്. സെക്രട്ടറിയേറ്റില്‍ നിന്ന് കേവലം അഞ്ച് കി.മീറ്റര്‍ മാത്രം അകലെയുള്ള ഇവിടെ എത്താന്‍ കഴിയാത്ത എന്തു തടസ്സമാണ് ഉള്ളതെന്നും തീരദേശവാസികള്‍ ചോദിക്കുന്നു. തീരപ്രദേശത്ത് നിയോഗിച്ചിട്ടുള്ള പൊലീസുകാരോടും മറ്റും ‘നിങ്ങള്‍ടെ മുഖ്യമന്ത്രി എന്താ ഇങ്ങോട്ടൊന്നു തിരിഞ്ഞുനോക്കാത്തത്’ എന്നാണ് മത്സ്യത്തൊഴിലാളികള്‍ ചോദിക്കുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രനും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും മാത്രമാണ് പൂന്തുറയിലും മറ്റും ആകെ എത്തിയത്.

chandrika: