X
    Categories: MoreViews

ഓഖി ദുരന്തത്തിന്റെ വ്യാപ്തി തീരുന്നില്ല മരണം 64

 

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മരണ വാര്‍ത്തകള്‍ക്ക് അറുതിയാവുന്നില്ല. ദുരന്തം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കടലില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നത് തുടരുകയാണ്. ഇന്നലെ മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 12 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ സംസ്ഥാനത്ത് ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി ഉയര്‍ന്നു.
കോഴിക്കോട്ടു മാത്രം ഒമ്പത് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കരക്കെത്തിച്ചു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പോലീസും കോസ്റ്റ് ഗാര്‍ഡും ഫിഷറീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ രണ്ടു ദിവസത്തിനിടെ കോഴിക്കോട് കോസ്റ്റ് ഗാര്‍ഡും ഫിഷറീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 17 ആയി.
മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളയിലിനും പുതിയാപ്പക്കും ഇടയില്‍ കരയില്‍ നിന്നു എട്ട് നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് ഏഴു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കടല്‍ വെള്ളത്തില്‍ 200 മീറ്റര്‍ പരിധിക്കുള്ളിലാണ് ഇവ ഉണ്ടായിരുന്നത്. കൂടാതെ, കാപ്പാട് കടപ്പുറത്ത് നിന്നും ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെ ഒരു മൃതദേഹം കണ്ടെത്തി.
പുതിയാപ്പ ഹാര്‍ബറില്‍ മൃതദേഹം എത്തിച്ചതിന് ശേഷം പോസ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍കോളേജിലേക്ക് മാറ്റി. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെ ബേപ്പൂരില്‍ നിന്നും പുറപ്പെട്ട തിരച്ചില്‍ സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ആരെയും തിരിച്ചറിഞ്ഞില്ലെങ്കിലും മൃതദേഹങ്ങളില്‍ നിന്ന് വാച്ച്, കുരിശുമാല എന്നിവ കണ്ടെടുത്തു. മൃതദേഹങ്ങളില്‍ അടിവസ്ത്രവും ഷര്‍ട്ടും മാത്രമാണുണ്ടായിരുന്നത്. മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും അഴുകി വികൃതമായ നിലയിലായിരുന്നു വെന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന് കീഴിലുള്ള സീറസ്‌ക്യൂ ടീമിലെ ടി.രജീഷ് പറഞ്ഞു. പുറംകടലില്‍ മൃതദേഹങ്ങള്‍ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഉച്ചക്ക് ശേഷവും തിരച്ചില്‍ തുടര്‍ന്നു. രാത്രി വളരെ വൈകിയതിന് ശേഷമാണ് തിരച്ചില്‍ അവസാനിപ്പിച്ചത്.

chandrika: