X

ഓഖി: കോഴിക്കോട്ട് എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; മരണസംഖ്യ 50 കടന്നു

 

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ അകപ്പെട്ട എട്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട്ട് പുറംകടലില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അമ്പത് കടന്നു. ഇന്നലെ മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് കടല്‍ത്തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടത്.
മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത അവസ്ഥയിലാണുള്ളത്. കോസ്റ്റ് ഗാര്‍ഡിന്റെ സി 144 നമ്പര്‍ കപ്പലില്‍ ബേപ്പൂരിലെത്തിച്ച മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിയുന്നതിന് വേണ്ടി ഡിഎന്‍എ പരിശോധന നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലാ കലക്ടര്‍ യു.വി. ജോസ് സ്ഥലം സന്ദര്‍ശിച്ച് അനന്തര നടപടികള്‍ക്കായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ പി.പി. കൃഷ്ണന്‍കുട്ടി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന, എ.ഡി.ഒ പി.കെ. രഞ്ജിനി, തഹസിര്‍ദാര്‍ കെ.ടി സുബ്രഹ്മണ്യന്‍, അഡീഷണല്‍ തഹസില്‍ദാര്‍ ഇ. അനിത കുമാരി എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസം പൊന്നാനി തീരത്തുനിന്നും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. കാണാതായവര്‍ക്കു വേണ്ടി നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും തിരച്ചില്‍ തുടരുകയാണ്.
വെള്ളയില്‍ ഭാഗത്ത് ഒരു മൃതദേഹം കരയ്ക്കടിഞ്ഞതായി വാര്‍ത്ത പരന്നെങ്കിലും അധികൃതര്‍ നിഷേധിച്ചു. കടലില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് നാവികസേനയും തീരസേനയും തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. ഇന്ന് കാലത്ത് ഏഴു മണി മുതല്‍ സംയുക്ത പരിശോധന പുനരാരംഭിക്കുമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. തീരദേശ പൊലീസിലെ എസ്‌ഐ സതീഷ് ബാബു, മുഹമ്മദ് പി, ഷംനാസ് വി.വി, പ്രസാദ് ആര്‍, ഉമ്മര്‍ ഫാറൂഖ് എന്നിവരും ബോട്ട് ജീവനക്കാരായ സൈനുദ്ദീന്‍, മജീദ്, സന്ദീപ്, സുബീഷ് എന്നിവരും തെരച്ചിലില്‍ പങ്കെടുത്തു. മറൈന്‍ എന്‍ഫോഴ്‌സമെന്റിലെ സി.ഐ സുജിത്തിന്റെ നേതൃത്വത്തില്‍ താജുദ്ദീന്‍, ഷൈജു, രാജേഷ് സിവില്‍ പൊലീസ് ഓഫീസറായ രൂപേഷ്, ബോട്ട് ജീവനക്കാരനായ ഹനീഫ് എന്നിവര്‍ തെരച്ചിലില്‍ പങ്കെടുത്തിരുന്നു.

chandrika: