ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ നാശനഷ്ടം വിലയിരുത്താനായി കേന്ദ്രസംഘം നാളെ കേരളത്തിലെത്തും. കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദുരന്തമേഖലകളില്‍ സന്ദര്‍ശനം നടത്തുന്നത്.
മൂന്നുടീമുകളായെത്തുന്ന സംഘം തിരുവനന്തപുരം ,കൊല്ലം ജില്ലകള്‍ക്ക് പുറമെ തൃശ്ശൂര്‍, മലപ്പുറം, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലും സ്ഥിതിഗതികള്‍ വിലയിരുത്തും. 29 വരെ കേന്ദ്രസംഘം കേരളത്തിലുണ്ടാകും. അഭൂതപൂര്‍വ്വമായ നാശനഷ്ടമാണ് ഓഖി ചുഴലിക്കാറ്റ് മൂലം സംസ്ഥാനത്തുണ്ടായത്.ഓഖി ദുരന്തം നാശം വിതച്ച കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കേന്ദ്രസംഘം പ്രത്യേക സന്ദര്‍ശനം നടത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കാനായി കേന്ദ്രസംഘം എത്തുന്നത്.
കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍മാലിക്കിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായാണ് കേന്ദ്രസംഘം ദുരന്തബാധിത പ്രദേശങ്ങളിലെത്തി നാശനഷ്ടം വിലയിരുത്തുക. ബിപിന്‍മാലിക്കിന് പുറമെ ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ.സന്‍ജയ് പാണ്ഡൈ, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡിവിഷന്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ഓംപ്രകാശ് എന്നിവരാണ് ആദ്യസംഘത്തിലുള്ളത്. തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ആദ്യ ടീം സന്ദര്‍ശനം നടത്തും. എം.എം.ദാക്കത്തിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സംഘത്തില്‍ ആകെ മൂന്നുപേരാനുള്ളത്. രണ്ടാമത്തെ സംഘം തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ ദുരന്ത പ്രശ്‌നങ്ങള്‍ വിലയിരുത്തും.