തിരുവനന്തപുരം: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രമേയത്തെ ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ അനുകൂലിച്ചതിന് പിന്നാലെ വെട്ടിലായി ബിജെപി നേതൃത്വം. പൊതുവികാരം നിയമത്തിനെതിരാണെന്നായിരുന്നു പ്രമേയത്തെ അനുകൂലിക്കുന്നതിന് കാരണമായി രാജഗോപാല്‍ ചൂണ്ടിക്കാട്ടിയത്.
രാജഗോപാലിന്റെ പ്രസ്താവന കേട്ടിട്ടില്ലെന്നും അദ്ദേഹവുമായി സംസാരിച്ച ശേഷം മറുപടി പറയാമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. രാജഗോപാല്‍ പറഞ്ഞതെന്തെന്ന് പരിശോധിക്കുമെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. പ്രമേയം നിയമസഭയെ അവഹേളിക്കുന്നതാണെന്നാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പൊതുമനസാക്ഷി കാര്‍ഷിക നിയമത്തിന് എതിരായതുകൊണ്ടാണ് പ്രമേയത്തെ സഭയില്‍ എതിര്‍ക്കാതിരുന്നതെന്നും വിയോജിപ്പുകള്‍ സഭയില്‍ അറിയിച്ചിട്ടുണ്ടെന്നുമാണ് രാജഗോപാല്‍ പറഞ്ഞത്. സര്‍ക്കാര്‍ പ്രമേയം പാസാക്കിയതിന് പിന്നാലെയുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഒ. രാജഗോപാലിന്റെ പ്രതികരണം.