ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിക്കവെ ശശികലയ്‌ക്കെതിരെ പ്രകോപന നീക്കവുമായി മുന്‍ മുഖ്യമന്ത്രി ഒ.പന്നീര്‍സെല്‍വം. ജയയുടെ പോയസ്ഗാര്‍ഡനില്‍ നിന്ന് ശശികലയെ ഒഴിപ്പിക്കാനുള്ള നീക്കമാണ് ഒ.പന്നീര്‍സെല്‍വം ഇപ്പോള്‍ നടത്തുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകളൊന്നും വന്നിട്ടില്ലെങ്കിലും അണിയറില്‍ ഇതിനുളള നീക്കങ്ങള്‍ സജീവമായി പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം മുന്‍ ചീഫ് സെക്രട്ടറി ജ്ഞാനദേശികനെയും ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അതുല്‍ ആനന്ദിനെയും തിരിച്ചെടുത്തു. ശശികലയുടെ ആവശ്യപ്രകാരമായിരുന്നു ഇരുവരെയും പുറത്താക്കിയിരുന്നത്. ജയലളിതയുടെ വീട് സ്മാരകമാക്കാനണ് ഒ.പന്നീര്‍സെല്‍വം ലക്ഷ്യമിടുന്നത്. ഇതിന് നിയമപരമായ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതുണ്ട്. വീട് ജയലളിതയുടെ സ്വകാര്യ സ്വത്തായതിനാല്‍ ആദ്യം ഇത് സര്‍ക്കാറിന് ഏറ്റെടുക്കേണ്ടി വരും.
ജയലളിതക്ക് മറ്റ് അനന്തരാവകാശികളില്ലാത്തതിനാല്‍ വീട് സര്‍ക്കാറിന് ഏറ്റെടുക്കാന്‍ കഴിയും. സമാനമായ നിലയില്‍ എം.ജി.ആറിന്റെ വീട് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. പോയസ്ഗാര്‍ഡന്‍ ഉപയോഗിച്ച് ശശികല ജനങ്ങളെ സ്വാധീനിക്കുമെന്ന് കണ്ടാണ് പന്നീര്‍സെല്‍വത്തിന്റെ നീക്കം. ഇന്ന് ഉച്ചയോടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ചെന്നൈയിലെത്തും. ശേഷം ശശികലയുമായും ഒ.പന്നീര്‍സെല്‍വവുമായും കൂടിക്കാഴ്ച നടത്തും.