ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷിക്കുന്ന ഒ.പനീര്‍ശെല്‍വം-ഇ.പളനിസ്വാമി ലയനത്തെ സംബന്ധിച്ച അന്തിമ തീരുമാനം ഇന്നറിയാം. ഒപിഎസ് ക്യാമ്പ് മുന്നില്‍ വെച്ച ഡിമാന്റുകള്‍ അംഗീകരിക്കുന്ന വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കാന്‍ ചൊവ്വാഴ്ച വൈകുന്നേരം വരെയാണ് പളനിസ്വാമിക്കും കൂട്ടുകാര്‍ക്കും സമയം നല്‍കിയിട്ടുള്ളത്.
ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണവും ടിടിവി ദിനകരനേയും ശശികലയെയും ഔദ്യോഗികമായി പുറത്താക്കിയതിന്റെ രേഖകളുമാണ് ഒ.പനീര്‍ശെല്‍വത്തിന്റെ മുഖ്യ ആവശ്യങ്ങള്‍. ശശികലയുടെ ബാനറുകള്‍ അണ്ണാഡിഎംകെ ആസ്ഥാനത്തു നിന്ന് നീക്കം ചെയ്ത് ശുദ്ധികലശങ്ങള്‍ക്ക് പളനിസ്വാമി പക്ഷം തുടക്കമിട്ടെങ്കിലും ഒ പനീര്‍ശെല്‍വം നിലപാട് കടുപ്പിക്കുകയായിരുന്നു.
ആവശ്യങ്ങളില്‍ ചൊവ്വാഴ്ച തീരുമാനമായില്ലെങ്കില്‍ ലയന ചര്‍ച്ചക്കായി രൂപീകരിച്ച ഏഴംഗ കമ്മിറ്റിയെയും പിരിച്ചുവിടാനും തീരുമാനമായെന്നറിയുന്നു. കടുത്ത നീക്കമെന്ന നിലയില്‍ വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടാന്‍ സംസ്ഥാന വ്യാപകമായി പ്രചരണ പദ്ധതി തുടങ്ങാനും ഒപിഎസ് പക്ഷം തീരുമാനിച്ചിട്ടുണ്ട്. 120 എം.എല്‍.എമാര്‍ ഒപ്പമുണ്ടെങ്കിലും തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിട്ട് വിജയിപ്പിക്കാന്‍ മാത്രം ആത്മവിശ്വാസം പളനിസ്വാമി പക്ഷത്തിനുമില്ല.
ഒ.പനീര്‍ശെല്‍വം ഉന്നയിച്ച ആവശ്യങ്ങളോട് എന്ത് നിലപാടാണ് പളനിസ്വാമി പക്ഷം കൈക്കൊള്ളുക എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ലയന സാധ്യതകള്‍ പുരോഗമിക്കുക.