X
    Categories: MoreViews

ഒടുവില്‍ ബാര്‍സയും സ്ഥിരീകരിച്ചു; നെയ്മര്‍ പി.എസ്.ജിയിലേക്ക്‌

ബാര്‍സലോണ: ആരാധകരുടെ നെഞ്ച് തകര്‍ക്കുന്ന വാര്‍ത്തക്ക് സ്ഥിരീകരണം നല്‍കി ഒടുവില്‍ ബാര്‍സലോണയും. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിലേക്ക് കൂടുമാറുന്നത് സംബന്ധിച്ച് നെയ്മറും പിതാവും തങ്ങളുമായി സംസാരിച്ചുവെന്നും നിലവിലുള്ള കരാര്‍ ഏകപക്ഷീയമായി റദ്ദാക്കുമ്പോള്‍ നല്‍കേണ്ട 222 ദശലക്ഷം യൂറോ (1671 കോടി രൂപ) നല്‍കിയാല്‍ ട്രാന്‍സ്ഫര്‍ അനുവദിക്കാമെന്നും ബാര്‍സ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സ്ഥിരീകരിച്ചു. നേരത്തെ, കോച്ചിന്റെ അനുമതിയോടെ നെയ്മര്‍ പരിശീലന സെഷനില്‍ നിന്ന് വിട്ടുനിന്നതായി ബാര്‍സ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറിനാണ് ഇതോടെ വഴി തുറന്നിരിക്കുന്നത്. 105 ദശലക്ഷം യൂറോ (791 കോടി രൂപ) വിലയുള്ള ഫ്രഞ്ച് താരം പോള്‍ പോഗ്ബയാണ് നിലവില്‍ ഫുട്‌ബോളിലെ വിലയേറിയ താരം. 2015-ല്‍ യുവന്റസില്‍ നിന്നാണ് റെക്കോര്‍ഡ് തുകക്ക് മിഡ്ഫീല്‍ഡറായ പോഗ്ബ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയത്.

രണ്ടാം സ്ഥാനത്ത് റയല്‍ മാഡ്രിഡിന്റെ ഗാരത് ബെയ്ല്‍ ആണ്. 2013 ല്‍ ബെയ്ല്‍ ടോട്ടനത്തില്‍ നിന്ന് റയലിലെത്തിയത് പത്ത് കോടി യൂറോക്കായിരുന്നു. 9.40 കോടിക്ക് റയലിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മൂന്നാമത്. യുവന്റസിന്റെ ഗോണ്‍സാലോ ഹിഗ്വെയന്‍ നാലാമതാണ്. 8 കോടി അറുപത് ലക്ഷം യൂറോക്ക് ബാഴ്‌സയുമായി 2013 ല്‍ കരാറിലെത്തിയ നെയ്മര്‍ തന്നെയാണ് അഞ്ചാമത്.

ബാര്‍സയുമായുള്ള പുതിയ കരാറിലെ ബോണസ് തുക തല്‍ക്കാലത്തേക്ക് നെയ്മറിന് ക്ലബ്ബ് നല്‍കില്ല. ഈ തുക ഒരു നോട്ടറിയുടെ കൈവശമായിരിക്കുമെന്നും നിലവിലെ സാഹചര്യത്തില്‍ വ്യക്തത വന്നതിനു ശേഷമേ പണം കൈമാറുന്ന കാര്യം തീരുമാനിക്കൂ എന്നും ബാര്‍സ വ്യക്തമാക്കി. നെയ്മറിന്റെ കാര്യത്തില്‍ ക്ലബ്ബ് വക്താവ് ജോസപ് വിവസ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ബാര്‍സയുടെ കുറിപ്പില്‍ പറയുന്നു.

ഒരു പ്രമോഷണല്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനായി ചൈനയിലേക്കു പോയ നെയ്മര്‍ ഇന്നലെ രാത്രി ബാര്‍സലോണയില്‍മടങ്ങിയെത്തിയിരുന്നെങ്കിലും, ബുധനാഴ്ച പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. ഇതിനു പിന്നാലെ, പരിശീലകന്റെ അനുവാദത്തോടെയാണ് നെയ്മര്‍ പരിശീലനത്തില്‍നിന്ന് വിട്ടുനിന്നതെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം, ബാര്‍സ താരങ്ങള്‍ പരിശീലനം നടത്തുന്നതിനിടെ നെയ്മര്‍ അവിടെയെത്തിയത് യാത്ര ചോദിക്കാനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്ലബ്ബ് വിടാന്‍ അനുവാദം ലഭിച്ച പശ്ചാത്തലത്തിലാണ് പരിശീലനത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നെയ്മറിന് പരിശീലകന്‍ അനുവാദം നല്‍കിയതെന്നും ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കി. ഇരുപത്തഞ്ചുകാരനായ നെയ്മറിനെ ക്ലബ്ബിനൊപ്പം നിലനിര്‍ത്താന്‍ സഹതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചിരുന്നെങ്കിലം താരം വഴങ്ങിയിരുന്നില്ല.

ബ്രസീല്‍ ക്ലബ് സാന്റോസില്‍നിന്ന് 2013 മേയില്‍ നെയ്മര്‍ സ്പാനിഷ് ക്ലബ് ബാര്‍സിലോനയില്‍ എത്തിയത് 5.71 കോടി യൂറോയുടെ (ഏകദേശം 427 കോടി രൂപ) കൈമാറ്റക്കരാറിലാണ്. ജൂണ്‍ 2018 വരെ അഞ്ചുവര്‍ഷത്തേക്കുള്ള കരാറിലാണ് നെയ്മര്‍ അന്ന് ഒപ്പുവച്ചത്. റിലീസ് ക്ലോസ് ആയി അന്നു നിശ്ചയിച്ച 1421 കോടി രൂപയാണ് ഇപ്പോള്‍ 1641 കോടി രൂപയായി വര്‍ധിച്ചത്.

ക്ലബ് മാറ്റത്തിന്റെ അഭ്യൂഹം പരന്നു തുടങ്ങിയതോടെ വന്‍ പ്രതിഷേധാണ് ബാഴ്‌സ ആരാധകരില്‍ നിന്ന് നെയ്മര്‍ക്ക് നേരിടേണ്ടിവരുന്നത്.

chandrika: