ബാര്‍സിലോണ: വന്‍ തുകക്ക് നെയ്മര്‍ പി.എസ്.ജിയിലേക്ക് ചേക്കേറിയപ്പോള്‍ സ്പാനിഷ് പത്രങ്ങളുടെ സ്‌പോര്‍ട്‌സ് പേജുകളില്‍ നിറഞ് വാര്‍ത്ത ബാര്‍സ വന്‍ പ്രതിസന്ധിയിലേക്ക് എന്നതായിരുന്നു. മെസി-സുവാരസ്-നെയ്മര്‍ ത്രയത്തില്‍ നിന്നും ഒരാള്‍ മടങ്ങുമ്പോള്‍ ടീമിനെ അത് സാരമായി ബാധിക്കുമെന്ന അവലോകനങ്ങളില്‍ കഴമ്പില്ലെന്ന് തെളിയിക്കുന്ന പ്രകടനം ബാര്‍സ നടത്തുമ്പോള്‍ വീണ്ടും സൂപ്പര്‍ ചിത്രത്തിലേക്ക് വരുകയാണ് ലിയോ മെസി എന്ന മജീഷ്യന്‍. ലാലീഗ പുതിയ സീസണില്‍ ഏഴ് മല്‍സരങ്ങള്‍ പിന്നിടുമ്പോള്‍ ബാര്‍സ വ്യക്തമായ ലീഡുമായി ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. മെസിയാവട്ടെ ഇതിനകം 11 ഗോളുകളുമായി തന്റെ ബാര്‍സ കരിയറിലെ ഏറ്റവും മികച്ച സീസണിനും തുടക്കമിട്ടിരിക്കുന്നു.
ബാര്‍സക്ക് വേണ്ടി മാത്രമല്ല കഴിഞ്ഞ വാരത്തില്‍ ലോകകപ്പ് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനെതിരെ തകര്‍പ്പന്‍ ഹാട്രിക് സ്വന്തമാക്കി മെസി തെളിയിച്ചിരിക്കുന്നത് തനിക്ക് തുല്യം കാല്‍പ്പന്ത് മൈതാനത്ത് മറ്റാരുമില്ലെന്നാണ്. ഇതിനകം മൂന്ന് തവണ മെസി സീസണില്‍ നാല്‍പ്പതിലധികം ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ആ റെക്കോര്‍ഡ് ഈ സീസണില്‍ തകര്‍ക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് ബാര്‍സ ആരാധകര്‍ കരുതുന്നത്. ഇന്ന് അത്‌ലറ്റികോ മാഡ്രിഡിനെതിരെ കളിക്കുമ്പോള്‍ മെസി സ്‌ക്കോര്‍ ചെയ്യുമെന്നും ബാര്‍സക്കാര്‍ ഉറച്ച് വിശ്വസിക്കുന്നു. 2011-12 സീസണില്‍ മെസി ബാര്‍സക്കായി 50 ഗോളുകളാണ് ലാലീഗയില്‍ സ്‌ക്കോര്‍ ചെയ്തത്. 2012-13 സീസണില്‍ 46 തവണ വല ചലിപ്പിച്ചു. അടുത്ത രണ്ട് സീസണില്‍ 43 ഗോളുകള്‍ വീതം സ്‌ക്കോര്‍ ചെയ്തു. ബാര്‍സക്ക് കാര്യമായ കിരീടങ്ങള്‍ ലഭിക്കാതിരുന്ന കഴിഞ്ഞ സീസണില്‍ പക്ഷേ ഗോള്‍ നേട്ടം 37 ല്‍ ഒതുങ്ങി. മുപ്പതിന്റെ നിറവിലാണ് ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളറിപ്പോള്‍. മുപ്പതില്‍ അദ്ദേഹം നേടുന്നതാവട്ടെ എണമറ്റ ഗോളുകളും.