ഡൊണാള്‍ഡ് ട്രംപിന്റെ അഭയാര്‍ത്ഥി നിരോധനത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം പുകയുകയാണ്. രാജ്യസുരക്ഷയുടെ പേരില്‍ ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ അമേരിക്കയില്‍ നിന്ന് വിലക്കുകയാണ് എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ട്രംപ് ചെയ്തത്. എന്നാല്‍ ഇത് രാജ്യരക്ഷക്കു വേണ്ടിയല്ലെന്നും മുസ്‌ലിം വിരോധം മാത്രമാണെന്നും അമേരിക്കന്‍ പൗരന്മാര്‍ തന്നെ പറയുന്നു. അഭയാര്‍ത്ഥികളെ തടഞ്ഞുവെച്ച വിമാനത്താവളങ്ങളില്‍ വര്‍ണ – വര്‍ഗ – മത ഭേദമന്യേ ഉയര്‍ന്ന പ്രതിഷേധങ്ങള്‍, തന്റെ വലതുപക്ഷ അജണ്ട നടപ്പാക്കുക ട്രംപിന് എളുപ്പമാവില്ല എന്ന് സൂചിപ്പിക്കുന്നതാണ്.
ട്രംപിന്റെ മുസ്ലിം വിരുദ്ധ നിയമത്തിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നാണ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. അതില്‍ ശ്രദ്ധ പിടിച്ചുപറ്റിയ പ്രതിഷേധ മുറയായിരുന്നു ന്യൂയോര്‍ക്കിലെ ടാക്‌സി ഡ്രൈവര്‍മാരുടേത്. ഇന്നലെ ഒരു മണിക്കൂര്‍ നേരത്തേക്ക് സര്‍വീസ് നിര്‍ത്തിവെച്ചു കൊണ്ടാണ് ‘ന്യൂയോര്‍ക്ക് ടാക്‌സി വര്‍ക്കേഴ്‌സ്’ മുസ്ലിം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. തിരക്കുള്ള വൈകുന്നേരം ആറു മുതല്‍ ഏഴ് മണി വരെയാണ് ഡ്രൈവര്‍മാര്‍ പണി നിര്‍ത്തി പ്രതിഷേധിച്ചത്. വിമാനത്താവളങ്ങളില്‍ ടാക്‌സികള്‍ ലഭ്യമാവാതിരുന്നതോടെ അധികൃതരും സമരത്തിന്റെ ചൂടറിഞ്ഞു. ഇവര്‍ ഇന്ന് മന്‍ഹാട്ടനിലെ ബാറ്ററി പാര്‍ക്കില്‍ പ്രതിഷേധ സംഗമവും റാലിയും സംഘടിപ്പിക്കുന്നുണ്ട്.
അരലക്ഷത്തിലധികം യെല്ലോ ടാക്‌സി ഡ്രൈവര്‍മാരുടെ ലാഭരഹിത മെമ്പര്‍ഷിപ്പ് കൂട്ടായ്മയാണ് ന്യൂയോര്‍ക്ക് ടാക്‌സി വര്‍ക്കേഴ്‌സ്. ഡ്രൈവര്‍മാരുടെ സംഘടന എന്നതിനപ്പുറം രാഷ്ട്രീയ ബോധവും ശക്തമായ നിലപാടുകളും ഇവരുടെ പ്രത്യേകതയാണ്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ആശയങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇവരുടെ പ്രവര്‍ത്തനം. മുമ്പ് കറുത്ത വര്‍ഗക്കാര്‍ക്കു നേരെ അക്രമങ്ങളുണ്ടായപ്പോഴും വര്‍ഗീയ വിദ്വേഷ പ്രചരണങ്ങള്‍ ശക്തമായപ്പോഴും ഇവര്‍ അതിനെതിരെ ശക്തമായ നിലപാടെടുത്തിരുന്നു.
മുസ്ലിം വിരുദ്ധ നിയമത്തില്‍ ട്രംപ് ഒപ്പുവെച്ചതിനു പിന്നാലെ ടാക്‌സി ഡ്രൈവര്‍മാരുടെ സഖ്യം സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് ശക്തമായിരുന്നു. സെപ്തംബര്‍ 11-നേക്കാള്‍ വലിയ വെറുപ്പിന്റെ അന്തരീക്ഷമാണ് അമേരിക്കയില്‍ ഉള്ളതെന്നും ട്രംപ് പ്രൊഫഷണല്‍ ഡ്രൈവര്‍മാരുടെ ജീവിതം അപകടത്തിലാക്കുകയാണെന്നും പ്രസിഡണ്ടിന്റെ മുസ്ലിം നിരോധനത്തെ അംഗീകരിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു.
‘നമുക്ക് നിശ്ശബ്ദരായിരിക്കാന്‍ കഴിയില്ല. ഒരിക്കല്‍ നമ്മെ സ്വാഗതം ചെയ്ത നാട്ടിലേക്ക് ആളുകളെ സ്വാഗതം ചെയ്യുന്നതിനു വേണ്ടിയാണ് നാം ജോലിക്കു പോകുന്േനത്. നാം ഭിന്നിക്കുകയില്ല.’ – ടാക്‌സി വര്‍ക്കേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു.