പത്തനംതിട്ട: നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ ദുരൂഹമരണത്തില്‍ പ്രതിഷേധം കടുപ്പിച്ച് കെഎസ്യു. ചുട്ടിപ്പാറ നഴ്സിങ് കോളജിലേക്കു കെഎസ്യു നടത്തിയ മാര്‍ച്ച് പൊലീസുമായി ഉന്തും തള്ളും ആയതോടെ അക്രമാസക്തമായി. അതേ സമയം തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സത്യസന്ധമായ അന്വേഷണം നടക്കണമെന്നും അച്ഛന്‍ സജീവ് ആവശ്യപ്പെട്ടിരുന്നു.അമ്മുവിന്റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും സജീവ് പറഞ്ഞു.
നിരവധി തവണ കോളേജ് പ്രിന്‍സിപ്പലിനെ വിളിച്ചു. പകുതി കേള്‍ക്കുമ്പോള്‍ ഫോണ്‍ കട്ട് ചെയ്യും. ഫ്രൊഫ. എന്‍ അബ്ദുല്‍ സലാം തങ്ങളെ കേള്‍ക്കാന്‍ തയാറായില്ലെന്നും സജീവ് പറഞ്ഞു. സഹപാഠികളായ അലീന ,അഞ്ജന, അഷിത എന്നിവര്‍ മകളെ മാനസികമായി പീഡിപ്പിക്കുകയും നിരന്തരം ഉപദ്രവിച്ചിരുന്നെന്നും സജീവ് ആരോപിച്ചിരുന്നു.
ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് (22) കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നാണ് വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്നും മാനസിക പീഡനമുണ്ടായെന്നും സഹോദരന്‍ പറഞ്ഞിരുന്നു. റാഗിങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്റെ മുറിയില്‍ സഹപാഠികള്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചുവെന്നുമാണ് കുടുംബം ആരോപിച്ചത്. അധ്യാപകരും ഇതിന് കൂട്ടുനിന്നുവെന്നും ആരോപണമുണ്ട്.