വൈക്കം: വൈക്കത്ത് രണ്ട് വയസ്സുകാരിയുടെ ഒടിഞ്ഞ കാലിലെ പ്ലാസ്റ്റര്‍ നീക്കം ചെയ്യുന്നതിനിടെ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് കുട്ടിയെ അവിടെ കിടത്തി വീട്ടിലേക്ക് പോയ നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസറോട് അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തില്‍ വൈക്കം താലൂക്ക് ആശൂപത്രി സൂപ്രണ്ട് ഓരാഴ്ച്ചക്കകം വിശദീകരണം നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അംഗം മോഹന്‍കുമാര്‍ നിര്‍ദ്ദേശിച്ചു.ഗൗരവകരമായ ചികിത്സ നിഷേധത്തിന് ഉത്തരവാദിത്വപ്പെട്ടവര്‍ കൃത്യസമയത്ത് നടപടിയെടുത്തില്ലെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.
രണ്ട് വയസ്സുകാരിയായ മകളുടെ ഒടിഞ്ഞ കാലിലെ പ്ലാസ്റ്റര്‍ നീക്കം ചെയ്യാന്‍ വേണ്ടിയായിരുന്നു ടിവി പുരം കൈതക്കാട്ടുമുറി സ്വദേശികളായ ഇ.കെ സുധീഷും ഭാര്യ രാജിയും ചൊവ്വാഴ്ച്ച വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിയത്. കാല്‍ പരിശോധിച്ച് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്ലാസ്റ്റര്‍ നിക്കുന്നതിനായി സുധീഷും ഭാര്യ രാജിയും മകള്‍ ആര്യയെ നഴ്സിങ്ങ് റൂമിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് എം.എസ് ലളിതയായിരുന്നു പ്ലാസ്റ്റര്‍ നീക്കം ചെയ്യാന്‍ തുടങ്ങിയത്. പ്ലാസ്റ്റര്‍ പകുതി നീക്കം ചെയ്തപ്പോള്‍ സമയം അഞ്ചുമണിയായി എന്നും തന്റെ ഡ്യൂട്ടി സമയം കഴിഞ്ഞെന്നും പറഞ്ഞ് കുട്ടിയെ അവിടെ കിടത്തി ജീവനക്കാരി ലളിത വീട്ടിലേക്ക് പോവുകയായിരുന്നു.
ലളിത വീട്ടിലേക്ക് പോയെങ്കിലും മറ്റ് നഴ്സുമാര്‍ ആരെങ്കിലും മകളുടെ കാലിലെ പ്ലാസ്റ്റര്‍ നീക്കം ചെയ്യാന്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും പ്ലാസ്റ്റര്‍ നീക്കം ചെയ്യാന്‍ മറ്റു ജീവനക്കാര്‍ എത്താതിരുന്നതോടെ സുധീഷും ഭാര്യ രാജിയും വിവരം ആശുപത്രിയിലുണ്ടായിരുന്ന മറ്റുരോഗികളോടും അവരുടെ കൂട്ടിരിപ്പ്കാരോടും പറഞ്ഞു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് പ്രതിഷേധിച്ചപ്പോള്‍ മറ്റൊരു ജീവനക്കാരി എത്തി പ്ലാസ്റ്റര്‍ നീക്കം ചെയ്യുകയായിരുന്നു. സംഭവത്തില്‍ വിവിധ യുവജനസംഘടനകളും പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
തങ്ങളുടെ മകള്‍ക്ക് ചികിത്സ നിഷേധിച്ച നഴ്സിങ്് അസിസ്റ്റന്റിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സുധീഷും ഭാര്യയും ആരോഗ്യവകുപ്പിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായ വീഴ്ചവരുത്തിയ നഴ്‌സിനെതിരെ നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ബന്ധിതരാവുകയായിരുന്നു.