X

നഴ്‌സുമാരെ നിയമിക്കുന്നില്ല ; മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനം താളം തെറ്റുന്നു

കോഴിക്കോട് :സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് ആനുപാതികമായി സ്റ്റാഫ് നഴ്‌സുമാരുടേയോ അനുബന്ധ ജീവനക്കാരുടെയോ നിയമനമെന്നാവശ്യത്തോട് മുഖം തിരിച്ച്‌ ആരോഗ്യവകുപ്പ്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജീവനക്കാരുടെ കുറവ് കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടും ഒഴിവ് വന്ന തസ്തികകളില്‍ പോലും ആരോഗ്യവകുപ്പ് നിയമനങ്ങള്‍ നടത്തിയിട്ടില്ല.

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷാലിറ്റി കോംപ്ലക്സ് (പിഎംഎസ്‌എസ് വൈ ബ്ലോക്ക്) പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ പോലും പുതിയ നിയമനം നടത്താതെ നിലവിലെ ജീവനക്കാര്‍ക്ക് മേല്‍ അമിത ജോലിഭാരം നല്‍കുന്ന സമീപനമാണ് ആരോഗ്യവകുപ്പിന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്. നഴ്‌സുമാരാണ് ഇതില്‍ ഏറെ വെല്ലുവിളി നേരിട്ടു വരുന്നത്. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്‍റെ ചട്ടങ്ങള്‍ പ്രകാരം നഴ്സ്-രോഗി അനുപാതം 1:4 ആണെങ്കിലും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇത് 1:40 ആണ്.നാല് രോഗിക്ക് ഒരു നഴ്‌സ് വേണ്ട സ്ഥാനത്ത് 100 രോഗിക്ക് ഒരു നഴ്‌സ് എന്ന രീതിയിലാണ് മെഡിക്കല്‍ കോളജില്‍ മുന്നോട്ട് നീങ്ങുന്നത്. ഇത് 1:10 എങ്കിലുമാക്കി പുനഃക്രമീകരിക്കുകയാണെങ്കില്‍ മാത്രമേ രോഗികള്‍ക്ക് ആവശ്യമായ പരിചരണം ലഭ്യമാകുവെന്ന് കേരള ഗവ.നഴ്‌സസ് യൂണിയന്‍ പറയുന്നു.

ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്‍റെ ചട്ടങ്ങളിലെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജില്‍ 1,004 ഹെഡ് നഴ്സുമാര്‍, 4,008 നഴ്‌സിംഗ് ഓഫിസര്‍മാര്‍, 937 നഴ്‌സിംഗ് അസിസ്റ്റന്‍റുമാര്‍, 1669 ഹോസ്പിറ്റല്‍ അസിസ്റ്റന്‍റുമാര്‍ (അറ്റന്‍ഡര്‍മാര്‍) എന്നിങ്ങനെ തസ്തിക വേണമെന്നാണ് കണ്ടെത്തിയത്. എന്നാല്‍ നഴ്സുമാരും ഹെഡ് നഴ്സുമാരും കൂടി ആകെ 500 പേരാണ് മെഡിക്കല്‍ കോളജിലുള്ളത്.

200 നഴ്‌സിംഗ് അസിസ്റ്റന്‍റ്, ദിവസ വേതനത്തില്‍ നിയമിക്കപ്പെടുന്ന 220 പേര്‍ എന്നിവരും ചേരുന്നതാണ് അംഗസഖ്യ. മെഡിക്കല്‍ കോളജിലെ എട്ട് ചികിത്സാ കേന്ദ്രങ്ങളിലേക്കാണ് ഈ നഴ്‌സുമാരെ വെച്ച്‌ മുന്നോട്ട് നീക്കുന്നത്. സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കില്‍ 2016ല്‍ 250 തസ്തിക അനുവദിച്ചതിന് ശേഷം കാര്യമായ നിയമനങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല.

webdesk14: