കാസര്‍കോട്: സമരം നടത്തുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കെതിരെ പ്രതികാര നടപടിയുമായി ആശുപത്രി അധികൃതര്‍. വേതന പരിഷ്‌കരണം ആവശ്യപ്പെട്ട് സമരം ചെയ്തതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ആറ് നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. കാസര്‍കോട്ടെ അരമന ആശുപത്രിയിലെ നഴ്‌സുമാരായ ഉഷ, ലത, ശ്രീജ, സുചിത്ര, ലിയ, പ്രിന്‍സി എന്നിവരെയാണ് പുറത്താക്കിയത്.
ഹോസ്റ്റലിന്റെ സമയക്രമങ്ങള്‍ തുടര്‍ച്ചയായി പാലിക്കാത്തതിനെത്തുടര്‍ന്നാണ് നടപടിയെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍, സമരത്തില്‍ പങ്കെടുത്തതിെനത്തുടര്‍ന്നുള്ള ആശുപത്രി മാനേജ്‌മെന്റിന്റെ പ്രതികാര നടപടിയാണിതെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. ആശുപത്രിക്കു സമീപമുള്ള നഴ്‌സസ് ഹോസ്റ്റലില്‍ കൃത്യസമയത്ത് എത്താത്തതാണ് നടപടിയുടെ കാരണമായി അധികൃതര്‍ പറയുന്നത്.
അരമന ആശുപത്രിയുടെ ഹോസ്റ്റലിലെ നോട്ടിസ് ബോര്‍ഡിലാണ് ഹോസ്റ്റല്‍ ഒഴിയണമെന്നു ആവശ്യപ്പെട്ട് നിര്‍ദേശം നല്‍കിയത്. എന്നാല്‍, അനൗദ്യോഗികമായി സമരത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടുവെന്നും ഇല്ലെങ്കില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നു ഭീഷണിപ്പെടുത്തിയെന്നും നഴ്‌സുമാരില്‍ ചിലര്‍ പറഞ്ഞു. ജോലിയില്‍ നിന്നും ഇവരെ പുറത്താക്കിയെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. ഹോസ്റ്റല്‍ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സമരം ചെയ്യുന്ന നഴ്‌സുമാര്‍ അറിയിച്ചിരുന്നു. അത്യാഹിത വിഭാഗം ഒഴികെയുള്ള മുഴുവന്‍ മേഖലയിലും പണിമുടക്കും. കുറഞ്ഞ കൂലി പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ വഞ്ചിച്ചെന്നാണ് ആരോപണം. പതിനായിരക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി ശക്തി തെളിയിച്ച നഴ്‌സുമാര്‍ 360ലേറെ ആശുപത്രികളില്‍ കൂട്ടത്തോടെ പണിമുടക്കിനാണ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ നഴ്‌സുമാരുടെ കുറഞ്ഞ കൂലി 17,200 രൂപയായും കിടക്കകളുടെ അടിസ്ഥാനത്തില്‍ ആശുപത്രികളെ ആറു ഗ്രേഡായി തിരിച്ചു ശമ്പളവും നിശ്ചയിച്ചിരുന്നു. എന്നാല്‍, ഇത് അപര്യാപ്തമാണെന്നാണ് നഴ്‌സുമാരുടെ വാദം.