X

നുപൂര്‍ ശര്‍മയുടെ തലയെടുക്കാന്‍ ആഹ്വാനം ചെയ്‌തെന്ന കേസ്: അജ്മീര്‍ ദര്‍ഗയിലെ സേവകന്‍ ഉള്‍പ്പെടെ ആറുപേര്‍ കുറ്റവിമുക്തര്‍

ബി.ജെ.പി മുന്‍ വക്താവ് നുപൂര്‍ ശര്‍മയുടെ പ്രവാചകനിന്ദയില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ 6 പേരെ കോടതി വെറുതെവിട്ടു. മതപണ്ഡിതനും അജ്മീര്‍ ശരീഫ് ദര്‍ഗയിലെ സേവകനുമായ സയ്യിദ് ഗൗഹര്‍ ഹുസൈന്‍ ചിശ്തി ഉള്‍പ്പെടെയുള്ളവരെയാണ് രാജസ്ഥാന്‍ കോടതി കുറ്റവിമുക്തരായത്. നുപൂറിന്റെ തലയെടുക്കാന്‍ ആഹ്വാനം ചെയ്തെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍, ഇവര്‍ക്കെതിരെ മതിയായ തെളിവില്ലെന്ന് കോടതി വ്യക്തമാക്കി.

രാജസ്ഥാന്‍ അഡിഷനല്‍ ഡിസ്ട്രിക്ട്-സെഷന്‍സ് കോടതി ജഡ്ജി റിതു മീണയാണ് കേസില്‍ അറസ്റ്റിലായ 6 പേരെ വെറുതെവിട്ടത്. ഇവര്‍ക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങള്‍ അന്വേഷണസംഘത്തിനു തെളിയിക്കാനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തജീം സിദ്ദീഖ്, ഫഖര്‍ ജമാലി, മോയിന്‍ ഖാന്‍, നസീര്‍ ഖാന്‍, റിയാസ് ഹസ്സന്‍ എന്നിവരാണു കുറ്റവിമുക്തരായ മറ്റുള്ളവര്‍.

2022 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നുപൂര്‍ ശര്‍മ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിനെതിരെ അജ്മീര്‍ ദര്‍ഗയ്ക്കു മുന്നില്‍ പ്രതിഷേധം നടന്നിരുന്നു. പരിപാടിയില്‍ സയ്യിദ് ഗൗഹര്‍ ഹുസൈനും സംസാരിച്ചിരുന്നു. പ്രതിഷേധത്തില്‍ നുപൂറിന്റെ തലയെടുക്കാന്‍ ആഹ്വാനമുണ്ടായെന്ന് ആരോപിച്ച് ദര്‍ഗയിലെ സേവന്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ അജ്മീര്‍ പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നീട് 2022 ജൂലൈ 14ന് ഹൈദരാബാദില്‍ വച്ചാണ് ഗൗഹറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

വിചാരണാ നടപടികള്‍ക്കിടെ 22 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചിരുന്നു. 32 രേഖകള്‍ അന്വേഷണസംഘം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ ഇവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ മതിയായിരുന്നില്ലെന്നാണു കോടതി വ്യക്തമാക്കിയതെന്ന് കുറ്റാരോപിതര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അജയ് വര്‍മ പറഞ്ഞു.

രാജസ്ഥാനിലെ ഉദയ്പൂരില്‍ പ്രവാചകനിന്ദാ പോസ്റ്റിനു പിന്നാലെ ടൈലറായ കനയ്യലാലിന്റെ തലയറുത്തു കൊന്ന സംഭവത്തിലും സയ്യിദ് ഗൗഹറിനു ബന്ധമുണ്ടെന്ന തരത്തില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, കൊലയാളികളും ഇദ്ദേഹവും തമ്മില്‍ ബന്ധമുണ്ടെന്നു കണ്ടെത്താന്‍ പൊലീസിനായിരുന്നില്ല.

webdesk13: