കൊച്ചി: ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തുന്ന കന്യാസ്ത്രീകള്‍. ഇന്ന് നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. അതിനിടെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീകള്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിന് പരാതി അയച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ തങ്ങളെ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീകള്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നല്‍കി. കേസില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് യെച്ചൂരിയോട് കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സമരത്തെ പിന്തുണച്ച് കൂടുതല്‍ സാമൂഹിക സംഘടനകളും രാഷ്ട്രീയ പ്രവര്‍ത്തകരും മുന്നോട്ടുവന്നതോടെ കഴിഞ്ഞ ദിവസം ‘സേവ് അവര്‍ സിസ്‌റ്റേഴ്‌സ്’ (എസ്.ഒ.എസ്) എന്ന പേരില്‍ പുതിയൊരു ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. വരും ദിവസങ്ങളില്‍ സമരത്തിന്റെ ഭാഗമായി കൂടുതല്‍ ബഹുജന പിന്തുണ ഉറപ്പാക്കാനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സിലാണ് ആദ്യം മുതല്‍ സമരത്തിന് നേതൃത്വം നല്‍കി വന്നത്.
ബിഷപ്പിനെ അറസ്റ്റ് ചെയ്താലും സമരം അവസാനിപ്പിക്കില്ലെന്നും സമരത്തിനിറങ്ങിയ ആറ് കന്യാസ്ത്രീകളുടേയും മുന്നോട്ടുള്ള ജീവിതത്തിന് സന്യാസസഭ പൂര്‍ണമായ സുരക്ഷ ഉറപ്പാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്നലെ സമരവേദിയില്‍ എത്താതിരുന്ന കന്യാസ്ത്രീകള്‍ ഇന്ന് വീണ്ടും സമരപന്തലിലെത്തി.