അശ്റഫ് തൂണേരി/ദോഹ
ഖത്തറിലെ അല്‍മന്‍സൂറ, ബിന്‍ദിര്‍ഹം ഏരിയയില്‍ കഴിഞ്ഞ ദിവസമുണ്ടായ കെട്ടിട അപകടത്തില്‍ 6 ഇന്ത്യക്കാര്‍ മരിച്ചതായി ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഇതില്‍ 4 പേര്‍ മലയാളികളാണ്. ഇന്നലെ രാത്രി വൈകി മലപ്പുറം, പൊന്നാനി സ്വദേശി അബു ടി മാമ്മദൂട്ടി (45)യുടെ മൃതദേഹമാണ് ഒടുവില്‍ തിരിച്ചറിഞ്ഞത്. കാസര്‍കോട്, ഷിരിഭാഗിലു സ്വദേശി മുഹമ്മദ് അഷ്റഫ് (38) എന്ന അച്ചപ്പു, പൊന്നാനിക്കടുത്ത് മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണുറയില്‍ (44), ഖത്തറിലെ അറിയപ്പെടുന്ന ചിത്രകാരനും പാട്ടുകാരനുമായ മലപ്പുറം, നിലമ്പൂര്‍, ചന്ദക്കുന്ന് സ്വദേശി ഫൈസല്‍ കുപ്പായി(49) എന്നിവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചറിഞ്ഞിരുന്നു. മറ്റു രണ്ടുപേര്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള ആരിഫ് അസീസ് മുഹമ്മദ് ഹസ്സന്‍ (26), ആന്ധ്രാപ്രദേശിലെ ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്ദുല്‍നബി ശൈഖ് ഹുസൈന്‍ (61) എന്നിവരാണെന്ന് കണ്ടെത്തിയിരുന്നു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഇവരുടെയെല്ലാം മൃതദേഹങ്ങള്‍ ലഭിച്ചത്.
പൊന്നാനി, പോലീസ് സ്റ്റേഷനരികെ സലഫി മസ്ജിദിനു സമീപം തച്ചാറിന്റെ വീട്ടില്‍ മ്മദൂട്ടിയുടെയും ആമിനയുടെയും മകനാണ് അബു. ഭാര്യ: രഹ്ന റിഥാന്‍ (9) റിനാന്‍ (7) മക്കളാണ്.കാസറഗോഡ് ഷിരിഭാഗിലു, പുളിക്കൂര്‍ ഇസ്മായിലിന്റെയും
സൈനബി തളങ്കരയുടെയും മകനായ മുഹമ്മദ് അഷ്റഫിന്റെ ഭാര്യ: ഇര്‍ഫാന. ഒരു വയസ്സ് ആകാറായ ഇരട്ടക്കുട്ടികളടക്കം നാല് മക്കളുണ്ട്. സാഹിറ, മിസ്രിയാ എന്നിവര്‍ സഹോദരിമാരാണ്.
ബി- റിംഗ് റോഡ് ലുലു എക്സ്പ്രസിന് പിന്‍വശമുള്ള പഴകിയ കെട്ടിടമാണ് ബുധനാഴ്ച രാവിലെ എട്ടരയോടെ തകര്‍ന്നുവീണത്. കുറച്ചു പഴക്കമുള്ള കെട്ടിടം മറ്റൊരു കെട്ടിടത്തിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു2 സ്ത്രീകളെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ രക്ഷിക്കുകയുണ്ടായി. ഇവര്‍ ചികിത്സയിലാണ്. കെട്ടിടത്തില്‍ താമസിച്ചിരുന്ന 12 കുടുബംഗങ്ങളെ സുരക്ഷിതമായി ഒരു ഹോട്ടലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു.