X

മലപ്പുറത്തെ കേസുകളുടെ എണ്ണം; സുതാര്യമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണം: പി.കെ.നവാസ്

മലപ്പുറം: ജില്ലയിൽ പോലീസ് അനാവശ്യമായി കേസുകളുടെ എണ്ണം വർധിപ്പിച്ച് ക്രഡിറ്റ് ഉണ്ടാക്കുകയാണെന്നും ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന മലപ്പുറത്ത് അനാവശ്യമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ദേശീയതലത്തിൽ ജില്ലയെ കുറിച്ച് മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്നും സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ തുറന്ന് പറഞ്ഞ സാഹചര്യത്തിൽ മേൽ കേസുകളുമായി ബന്ധപ്പെട്ടും പോലീസിൻ്റെ ഇടപെടലുകളെ സംബന്ധിച്ചും സുതാര്യമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ് പറഞ്ഞു.

ഒരു വർഷം മുമ്പ് കൃത്യമായ കണക്ക് പറഞ്ഞ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയപ്പോൾ സംസ്ഥാനത്തെ ആഭ്യന്തര മന്ത്രി തന്നെ പോലീസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇന്നിപ്പോൾ പോലീസിനെ വിമർശിച്ച് മന്ത്രി വേദി വിട്ടതിന് പിന്നാലെ മന്ത്രിയുടെ വാദങ്ങൾ തള്ളി ജില്ലാ എസ്.പി തന്നെ കേസുകൾ എടുക്കുന്നതെന്ന് നല്ലതല്ലേയെന്ന് വേദിയിൽ വെച്ച് പറയുന്നത് ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ അറിവോടെയല്ലാതെ സാധ്യമല്ലെന്നിരിക്കെ ആഭ്യന്തര വകുപ്പിൻ്റെയും പോലീസിൻ്റെയും ഭാഗത്ത് നിന്നുള്ള ഇത്തരം നീക്കങ്ങൾ ഏറെ ഗൗരവതരവും അപകടകരവുമാണെന്നും പി.കെ.നവാസ് കൂട്ടിച്ചേർത്തു.

കീഴ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കേസ് എടുപ്പിക്കുകയും കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് കാണിക്കുകയും ചെയ്യുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ജില്ലയുടെ പൈതൃകത്തെയും ജനാധിപത്യ മതേതരത്വ മൂല്യങ്ങളുടെയും ഇകഴ്ത്തി കാണിക്കാൻ സംഘപരിവാർ മനോഭാവമുള്ള പോലീസുകാരുടെ ഇടപെടലുകളാണ് ഇത്തരം ചെയ്തികളുടെ പിറകിലെന്നും സംശയിക്കുന്നു. ജില്ലയിൽ ഇടത് – ബി.ജെ.പി സംഘടനകൾ നടത്തുന്ന സമരങ്ങൾക്ക് കേസ് എടുക്കാതെ പക്ഷപാതം കാണിക്കുകയും ചെയ്യുന്നത് സംശയം ബലപ്പെടുത്തുകയാണ്. മേൽ വിഷയങ്ങൾ കൃത്യമായി പരിശോധിച്ച് സമഗ്രമായ ഒരു അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ് പറഞ്ഞു.

webdesk13: