സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ ഉടന്‍ പുറത്താക്കണമെന്ന് പാര്‍ട്ടിയുടെ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ മേല്‍ വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവത്തില്‍ അടിയന്തര ചര്‍ച്ച നടത്താന്‍ കഴിഞ്ഞദിവസം പാര്‍ട്ടി യോഗം ചേര്‍ന്നിരുന്നു.
സിപിഎമ്മിന്റെ പ്രധാനപ്പെട്ട വനിതാ പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ നിരവധി സത്രീകളുടെ ദൃശ്യങ്ങളാണ് ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയത്. സമാനമായ പരാതികള്‍ ഇയാള്‍ക്കെതിരെ നേരത്തെയും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ തെളിവ് സഹിതം കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടെ നടപടിയെടുക്കുകയല്ലാതെ വഴിയില്ലെന്ന അവസ്ഥയിലാണ് നേതൃത്വം.
ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇതുവരെ അംഗത്തെ അനുകൂലിച്ചവര്‍ തന്നെ പരസ്യമായി എതിര്‍ത്തതോടെ ആരോപണ വിധേയനും വാദിക്കാന്‍ ആളില്ലാതായി. പാര്‍ട്ടി പ്രവര്‍ത്തകരായ സ്ത്രീകളുടെ ഉള്‍പ്പെടെയുള്ള നഗ്‌ന ദൃശ്യങ്ങള്‍ ഇദ്ദേഹത്തിന്റെ ഫോണില്‍ ഉണ്ടെന്നാണ് സൂചന. ഈ സ്ത്രീകളില്‍ ഒരാള്‍ ഒരാഴ്ച മുമ്പ് സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു.
സ്ത്രീകളുടെ വീഡിയോ പകര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഒന്നരമാസം മുമ്പ് ഇയാള്‍ക്കെതിരെ പാര്‍ട്ടിയില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് വിഭാഗീയതയുടെ പേരില്‍ അത് ചര്‍ച്ചയായില്ല.